സ്നേഹമുള്ള കൊച്ചു കൂട്ടുകാരേ,
പൗരാവകാശ ദിനത്തിന്റെ പടിവാതിലിൽ എത്തി നില്ക്കുകയാണ് നമ്മൾ.നവംബർ പത്തൊമ്പത് പൗരാവകാശദിനം മാത്രമല്ല ദേശീയോദ്ഗ്രഥനദിനവും കുടെയാണ്.
സത്യം സമത്വം സ്വാതന്ത്ര്യം എന്നീ അടിസ്ഥാന തത്വത്തിൽ നിലനിന്ന് തുല്യ നീതിയോടെ ജീവിക്കുവാനുള്ള അവകാശമാണ് പൗരാവകാശം സംരക്ഷയിലൂടെ മനുഷ്യന് ലഭിക്കുന്നത്.
മനുഷ്യാവകാശ-പൗരാവകാശ പ്രഖ്യാപനം ഫ്രഞ്ചുവിപ്ലവത്തിന്റെ അടിസ്ഥാന പ്രമാണമായിരുന്നു. 1789 ഓഗസറ്റ് 26 -നാണ് അന്നത്തെ നാഷണൽ അസംബ്ലി ഇത് അംഗീകരിച്ചതും പ്രഖ്യാപിച്ചതും.
ഇംഗ്ലണ്ടിലെ പൊതുജനം നേടിയെടുത്ത മാഗ്നാകാർട്ട യെന്ന 1689-ലെ അവകാശ പ്രമാണം,1789-ൽ അമേരിക്കൻ ജനത രൂപംകൊടുത്ത മനുഷ്യാവകാശനിയമങ്ങൾ എന്നിവയോടൊപ്പം തന്നെ മാനവചരിത്രത്തിലെ സുപ്രധാന രേഖയായി ഇതും കണക്കാക്കപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ വിശ്വസ്മൃതികൾ (Memories of the World) എന്ന പദ്ധതിയിൽ ഈ പ്രമാണം, 2003-ൽ സ്ഥലം പിടിച്ചു.
മനുഷ്യനും ശാസ്ത്രവും ഉത്തരോത്തരം പുരോഗമിക്കുന്നുണ്ട്. പക്ഷേ അവന്റെ അവകാശങ്ങൾ ഇപ്പാേഴും ഷോകേസിൽ പ്രദർശനവസ്തുവായിത്തത്തെ ഇരിക്കുകയാണ്. ജനങ്ങൾക്ക് തങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള യഥാർത്ഥ അറിവ് ലഭിച്ചിട്ടില്ല. അതുമൂലം ഭരണാധികാരികളുടെ നിരന്തരമായ ചൂഷണത്തിന് വിധേയരാണ് ജനങ്ങൾ ഈ ആധുനിക കാലത്തിലും എന്നതാണ് പരിതാപകരം.
നവംബർ 19 ദേശീയോദ്ഗ്രഥന ദിനവും (National Integration Day) കൂടെയാണ്. ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്‍മദിനമാണ് രാജ്യം ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സമാധാനവും ഐക്യവും നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ ദിനാചരണം ലക്ഷ്യമാക്കുന്നത്.1917 നവംബര്‍ 19 ന് അലഹബാദിലാണ് ഇന്ദിരാഗാന്ധി ജനിച്ചത്. ഈ വർഷത്തേത് 107-ാം ജന്‍മവാര്‍ഷിക ദിനമാണ്.
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്നും ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവ മൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും മറ്റ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരാതികളും സമാധാനപരവും വ്യവസ്ഥാപിതവുമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും പ്രതിജ്ഞ ചെയ്തു കൊണ്ട് നമുക്ക് ദേശീയോദ്ഗ്രഥന ദിനത്തെ വരവേല്ക്കാം.
ഇനി പതിവുപോലെ മാഷ് എഴുതിയ ഒരു കുഞ്ഞുകവിത പാടാം .
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
ദോശ
########
ശാ…. ശീ കേട്ടതു രണ്ടൊച്ചകൾ
ശോ ….ശാേ … കണ്ടതു നൂറോട്ടകൾ !
ആളുടെ രൂപമോ പൂങ്കിണ്ണം,
ആയിരം കണ്ണുള്ള പൂങ്കിണ്ണം.
അമ്മ പൂങ്കിണ്ണങ്ങളോരോന്നാ
യ്
ചെമ്മേയടുക്കി വച്ചീടുന്നു.
നല്ല മണമെങ്ങും പൊന്തുന്നു
വെള്ളവും നാക്കത്തു പൊട്ടുന്നു.
തേങ്ങ,മുളകുമരച്ചോണ്ട്
അമ്മ ‘ചമ്മന്തിയുമുണ്ടാക്കും.
എണ്ണയിൽ കടുകു വറുത്തിട്ട്
അമ്മയാച്ചമ്മന്തി താളിക്കും.
അമ്മേടെ പിന്നില് കൊതിയാേടെ
അപ്പുവും കുഞ്ഞോളും നിൽപ്പാണ്.
ചുണ്ടും മുഖവും നക്കിയിട്ട്
കണ്ടനും താഴത്തിരിപ്പാണ്.
ഇക്കാെതിതീരാനിനിയെത്ര
ശാ….ശീ… ഒച്ചകൾ കേൾക്കേണം!
വായില് കപ്പലോടാനെത്തും
വെള്ളവുമെത്ര വിഴുങ്ങേണം!
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കൊതി കൊണ്ടു നില്ക്കുന്ന അപ്പുവിനെയും കുഞ്ഞാേളേയും വിളിച്ച് നമുക്ക് ഓരാേ ദോശയും കൂടെയങ്ങു കൊടുത്താലോ ? അല്ലെങ്കിൽ വേണ്ട നമുക്കൊരു കഥകേൾക്കാം.
🎃🎃🎃🎃🎃🎃🎃🎃🎃🎃🎃
കഥ പറയാനൊരു ടീച്ചറുണ്ട് . – ജാനു അച്യുതം . കൊല്ലം കരുനാഗപ്പള്ളി അയണി നോർത്തിലാണ് താമസം. സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദവും B Ed മാണ് വിദ്യാഭ്യാസ യോഗ്യത.. ദീർഘകാലമായി കരുനാഗപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ എച്ച് എസ് എ അധ്യാപികയാണ്.
ജാനു അച്യുതം ടീച്ചറെഴുതിയ കുഞ്ഞൻപുഴുവിൻ്റെ ആഗ്രഹം എന്ന കഥ നമുക്കു വായിച്ചാലോ കൂട്ടുകാരേ?
🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
കുഞ്ഞൻപുഴുവിന്റെ ആഗ്രഹം
ഒരിക്കൽ ഒരിടത്ത് ഒരു കുഞ്ഞൻപുഴു താമസിച്ചിരുന്നു. ഈ ലോകം മുഴുവനും ഒന്നു ചുറ്റിക്കറങ്ങണമെന്ന് അവൻ ഏറെനാളായി കൊതിച്ചിരുന്നു. അതിനെന്താണ് വഴി? യാത്ര ചെയ്യണമെങ്കിൽ ഒരു തോണി വേണം. തോണി കിട്ടാതെ അവൻ സങ്കടപ്പെട്ടു.
ആഗ്രഹം മനസ്സിലാെതുക്കി കുറച്ചു നാളുകൾ കഴിച്ചുകൂട്ടി.
പിന്നെ വളരെ വിഷമത്തോടുകൂടി മഴമേഘത്തെ നോക്കിയിരുന്നു. മഴമേഘത്തിന് കാര്യം മനസ്സിലായി.
മഴമേഘം കാറ്റിനോട് ചോദിച്ചു. ഞങ്ങളെ ഗതിമാറ്റി കുഞ്ഞു പുഴുവിന്റെ അടുത്തേക്ക് വിടുമോ?
“അതിനെന്താ കുഞ്ഞുപുഴുവിൻ്റെ ആഗ്രഹം നമുക്ക് സാധിച്ചു കൊടുക്കാമല്ലോ ”
കാറ്റ് മഴമേഘത്തോട് പറഞ്ഞു.
രണ്ടാൾക്കും സന്തോഷമായി വഴിമാറി സഞ്ചരിച്ച മഴമേഘം കുഞ്ഞുപുഴുവിൻ്റെ അടുത്തേക്ക് മെല്ലെമെല്ലെ എത്തി.
ഹായ് നല്ല തണുപ്പ്!
എന്ത് രസം! കുഞ്ഞിപ്പുഴു കണ്ണു ചിമ്മിച്ചിമ്മി മഴയെ നോക്കിയിരുന്നു. മഴ അവൻ്റെ ദേഹത്ത് ഉമ്മവച്ചു.
“നല്ല കുളിര്.എനിക്ക് നീന്താൻ തോന്നുന്നു ലോകം ചുറ്റിക്കറങ്ങണം ഈ ലോകം എന്തെന്നറിയണം. “
കാറ്റ് അവന്റെ മൃദുലമേനിയിൽ തണുത്തകരങ്ങളാൽ തൊട്ടു തലോടി. അപ്പോൾ പുഴുവിന് ഇക്കിളിയായി. നല്ല സ്നേഹസ്പർശം. കുഞ്ഞിപ്പുഴു മനസ്സിൽ കരുതി.
അതാപെട്ടെന്ന് കാറ്റൊരു അരയാലില അടർത്തി പുഴുവിന്റെ അടുത്തേക്ക് ഇട്ടുകൊടുത്തു.
“ആ ഇതാ എനിക്കുള്ള വഞ്ചിയെത്തി. ഞാൻ ഇതിൽക്കയറി ലോകം മുഴുവൻ കറങ്ങും.
വെള്ളം പൊന്തിപ്പൊന്തി വരുന്നത് കുഞ്ഞിപ്പുഴു കാണുന്നുണ്ട്. വെള്ളത്തിന്റെ ഉയർച്ച കൂടി വരുന്നതു കണ്ടപ്പോൾ നമ്മുടെ കുഞ്ഞിപ്പുഴുവിനു….പേടിയായി.
ഇലത്തോണി തുഴഞ്ഞുകൊണ്ടുപോകാൻ കാറ്റിനുത്സാഹമായി.. കാറ്റും മഴയും കൂടിക്കൂടി എത്തിയപ്പോൾ കുഞ്ഞിപ്പുഴു തോണി നിയന്ത്രണമില്ലാതെ തിരിയാനും മറിയാനും തുടങ്ങി.
കുഞ്ഞിപ്പുഴു പേടിയാേടെ മന്ത്രിച്ചു.
“വേണ്ടേ വേണ്ട. എനിക്ക് ലോകം ചുറ്റിക്കറങ്ങേണ്ട, ഇതുതന്നെയാണ് എന്റെ സുന്ദരലോകം.
പിന്നെ ഒരിക്കലും, എത്ര മഴ വന്നാലും കുഞ്ഞിപ്പുഴുവിന് ലോകം ചുറ്റണമെന്ന ആഗ്രഹം ഉണ്ടായിട്ടേയില്ല…..
—————————————————
ഇനി നമുക്ക് ഒരു കവിത കേൾക്കാം.
ഈ സുന്ദരമായ കവിത പാടിപ്പാടി രസിക്കാം !
എറണാകുളം ജില്ലയിൽ അങ്കമാലി മൂക്കന്നൂർ സ്വദേശിയായ
ശ്രീ.എം പി ജോസഫിന്റെ താണ് കവിത.
ജോസഫ് സാർ സ്കൂൾ പഠനകാലം മുതൽ കവിതകൾ എഴുതിത്തുടങ്ങിയിരുന്നു. ആലുവ യു.സി. കോളജിൽ മലയാളം ബിരുദ വിദ്യാർത്ഥിയായിരിക്കെ 1983ൽ കേരളസർവകലാശാല യുവജനോത്സവത്തിൽ കവിതാരചനയ്ക്കു രണ്ടാം സ്ഥാനം നേടി. അക്കാലത്തു കവി അയ്യപ്പപ്പണിക്കർ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച കലാലയകവിതകൾ എന്ന സമാഹാരത്തിൽ ജോസഫ് സാറിന്റെ കവിത ഉണ്ടായിരുന്നു. ബാലരമ, പൂമ്പാറ്റ, കുടുബദീപം, കേരള ടൈംസ് കുട്ടികളുടെ വിശേഷാൽപ്രതി, മാതൃഭൂമി ബാലപംക്തി, ദേശാഭിമാനി വാരിക, ജന്മഭൂമി തുടങ്ങിയ ആനുകാലികങ്ങളിൽ തുടർച്ചയായി കവിതകൾ എഴുതിയിരുന്നു. ആകാശവാണി തൃശൂർ നിലയത്തിൽ നിന്നു കവിതകൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.. 1987 മുതൽ 2010 വരെ മലയാള മനോരമ പെരുമ്പാവൂർ ലേഖകനായിരുന്നു. 2010 മുതൽ മലയാള മനോരമ ആലുവ ലേഖകനായി പ്രവർത്തിക്കുന്നു. വാർത്തകളുടെ ലോകത്തു മുഴുകിയതോടെ കവിതയെഴുത്തിൽ നിന്ന് അകന്നെങ്കിലും അടുത്തിടെ വീണ്ടും കുട്ടികൾക്കു വേണ്ടി എഴുതിത്തുടങ്ങി. 2022 ഓഗസ്റ്റിൽ, സിപ്പി പള്ളിപ്പുറത്തിൻ്റെ അവതാരികയോടെ ആകാശക്കുട എന്ന ബാലകവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.
ശ്രീ.എം പി ജോസഫിന്റെ കവിതയാണ് താഴെ കൊടുക്കുന്നത്.
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
വയൽഗ്രാമം
കൊല്ലങ്കോടാണെന്റെ ഗ്രാമം
നെല്ലിൻ മണമുള്ള ഗ്രാമം
താമരപ്പാടങ്ങൾ സ്വർണ –
ച്ചാമരം ചൂടിച്ച നാമം
കുന്നിൻ മടിയിലുറങ്ങും
കന്നിനിലാവിൻ കുളിര്
പൂമരത്തോപ്പിൽ മയിലിൻ
പ്രേമസല്ലാപ മൊഴികൾ
നെല്ലുണക്കുന്ന കളങ്ങൾ
പല്ലക്കു പാഞ്ഞ വഴികൾ
കല്ലിനുമുണ്ട് പറയാൻ
മല്ലയുദ്ധത്തിൻ കഥകൾ
നാടു കാക്കാൻ നാലു ദിക്കും
കോടമഞ്ഞും കരിമ്പാറേം,
പാടത്തു കാവലിനുണ്ടേ
ചോടുറച്ച കരിവീരൻ.
കേരനിരകൾക്കു താഴെ
നീരു നിലയ്ക്കാത്ത സീതാർ
വെള്ളിമുകിലുകൾ മേയും
വെള്ളരിമേടും തടാകോം
ചെല്ലപ്പൻ ചേട്ടന്റെ ചായ –
പ്പീടിക, അയ്യപ്പ ഹോട്ടൽ
എണ്ണ വിളക്കു കെടാത്ത
എത്രയോ കോവിലും കാവും
കൊല്ലങ്കോടാണെന്റെ ഗ്രാമം
നെല്ലിൻ മണമുള്ള നാമം
നാടിന്റെ നാളത്തെ അന്നം
നാമ്പിടും നെൽവയൽ ഗ്രാമം.
നല്ല രസകരമായ കവിത. സീതാറിൻ്റെ തണുപ്പിനോട് ചേർന്ന മനോഹരമായ പച്ചപ്പുകൾ നിറഞ്ഞ കൊല്ലങ്കോടിനെ വർണ്ണിക്കുന്ന കവിത ആർക്കാണിഷ്ടമാവാത്തത്. നിങ്ങളുടെ നാടിനെക്കുറിച്ച് ജാേസഫ് സാർ എഴുതിയതുപോലെ ഒരു കവിത എഴുതാൻ ശ്രമിച്ചു നോക്കൂ.
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
കവിതയ്ക്കു ശേഷം നല്ലൊരു കഥ പറയാൻ ഇതാ ഇവിടെ ഒരു സാറെത്തിയിട്ടുണ്ട്. – ശ്രീ ജോസ് പ്രസാദ് .
അദ്ദേഹം കാസർഗോഡ് ജില്ലയിലെ മലാൻകടവ് സ്വദേശിയാണ്. എൻമകജെ പഞ്ചായത്തിലെ ഏൽക്കാന A J B സ്ക്കൂളിലെ അധ്യാപകനാണ്. ഇപ്പോൾ ബദിയടുക്കയ്ക്കടുത്ത് നീർച്ചാലിലാണ് താമസിക്കുന്നത്.
ബാലമാസികകളിൽ കഥകളും കവിതകളും നോവലുകളും എഴുതുന്നു.. ധാരാളം ബാലസാഹിത്യകൃതികളുടെ രചയിതാവാണ്. കുട്ടികളുടെ ദീപികയിൽ വിദേശ ബാലസാഹിത്യകഥകൾ പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുന്ന പംക്തി കൈകാര്യം ചെയ്യുന്നുണ്ട്
ജോസ് പ്രസാദ് സാറിന്റെ രസകരമായ ഒരുകഥയുണ്ട് താഴെ.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏
ഫ്ലൈയിങ് ബോട്ട്
〰️〰️〰️〰️〰️〰️〰️
അവസാനത്തെ പീര്യേഡ് അരുണിമ ടീച്ചർ കടന്നുവന്നപ്പോൾ കുട്ടികളെല്ലാം റിലാക്സ്ഡ് ആയിരുന്നു. പഠനഭാരങ്ങളൊന്നുമില്ലാത്ത പ്രവൃത്തിപരിചയത്തിൻ്റെ പീര്യേഡ് ആണ്. ടീച്ചർ കുട്ടികൾക്കെല്ലാം ദീർഘചതുരാകൃതിയിലുള്ള ഓരോ വർണക്കടലാസ് സമ്മാനിച്ചു. ചിലർക്ക് നീലയും, ചിലർക്ക് പച്ചയും ചിലർക്ക് മഞ്ഞയും നിറങ്ങളിലുള്ള കലാസ് ആണ് കിട്ടിയത്. ഹരിക്ക് കിട്ടിയത് പച്ച നിറമുള്ള കടലാസ് ആണ്.
‘ഇതുകൊണ്ടെന്തു ചെയ്യാനാണ്,’ എന്ന് ഹരി ആലോചിച്ചിരിക്കുമ്പോൾ ടീച്ചർ ഒരു ചുവപ്പ് കടലാസ് ഉയർത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി.
”ഇന്ന് കടലാസുകൊണ്ട് ഒരു പക്ഷിയെ ഉണ്ടാക്കാനാണ് ഞാൻ നിങ്ങളെ പഠിപ്പിക്കാൻ പോവുന്നത്. എല്ലാവരും ശ്രദ്ധിച്ചുനോക്കി ഞാൻ പറയുന്നതു പോലെ ചെയ്യണം. ആദ്യം നിങ്ങളുടെ കൈയിലെ കടലാസ് ഇതുപോലെ നടുവെ മടക്കണം. വീണ്ടും നിവർത്തിയെടുത്ത് ഇതുപോലെ ഇടതു ഭാഗത്തു നിന്നും വലതുഭാഗത്തു നിന്നും നടുവിലേക്കു മടക്കണം….”
ടീച്ചറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ കടലാസ് മടക്കുവാനും നിവർത്തുവാനും പിന്നെയും മടക്കുവാനും ഒക്കെ തുടങ്ങി. ഹരിക്ക് പക്ഷേ, ആദ്യത്തെ മടക്കു കഴിഞ്ഞ് പിന്നീട് ഒന്നും ശരിയായി ചെയ്യാൻ കഴിഞ്ഞില്ല. കൂട്ടുകാരുടെയെല്ലാം കൈയിൽ ഓരോ പക്ഷികൾ ചിറകു വിടർത്തിയപ്പോൾ ഹരി കുറേ തെറ്റായ മടക്കുകൾവീണ കടലാസും കൈയിൽപ്പിടിച്ച് അങ്ങനെ നിന്നു. ചില കൂട്ടുകാർ അവൻ്റെ കൈയിലെ കടലാസിൽ നോക്കി പരിഹാസച്ചിരി ചിരിച്ചു. കരയാതിരിക്കാൻ ഹരി വല്ലാതെ പാടുപെട്ടു.
”ഇനി നിങ്ങൾ ഗ്രൗണ്ടിൽ പോയി നിങ്ങളുണ്ടാക്കിയ പക്ഷിയെ ആകാശത്ത് പറത്തി കളിച്ചോളൂ.” അരുണിമ ടീച്ചർ പറഞ്ഞു.
കൂട്ടുകാരെല്ലാം ആവേശത്തോടെ പുറത്തേക്കോടിയപ്പോൾ ഹരി എന്തു ചെയ്യണമെന്നറിയാതെ തൻ്റെ പച്ചക്കടലാസും പിടിച്ച് അങ്ങനെ നിന്നു.
”കുട്ടിയെന്താ പുറത്തു പോവുന്നില്ലേ?” ടീച്ചർ ചോദിച്ചു.
”ഞാനുണ്ടാക്കിയത് ശരിയായില്ല ടീച്ചർ.”
ഹരി സങ്കടത്തോടെ പറഞ്ഞു.
”വിഷമിക്കേണ്ട, ഈ പക്ഷി നീയെടുത്തോളൂ.”
ടീച്ചർ വലതു കൈകൊണ്ട് അവൻ്റെ പുറത്തുതട്ടി, ഇടതു കൈകൊണ്ട് തൻ്റെ കയ്യിലിരുന്ന ചുവന്ന പക്ഷിയെ അവനു നേരേനീട്ടി.
‘എന്തു നല്ല ടീച്ചർ’
എന്ന് മനസ്സിൽ പറഞ്ഞ് ഹരി, തൻ്റെ കൈയിലിരുന്ന പച്ചക്കടലാസ് ടീച്ചർക്കു നൽകി ചുവപ്പു പക്ഷിയെയും വാങ്ങി ഗ്രൗണ്ടിലേക്ക് ഓടി.
ഹരി ഗ്രൗണ്ടിലെത്തുമ്പോൾ നീലയും പച്ചയും മഞ്ഞയും നിറങ്ങളിലുള്ള പക്ഷികൾ ആകാശത്ത് പറന്നു തുടങ്ങിയിരുന്നു. അതിനിടയിലേക്ക് അവൻ തൻ്റെ ചുവപ്പു പക്ഷിയെ പറത്തി വിട്ടു. എല്ലാ പക്ഷികളുടെയും മുകളിൽ അൽപ്പസമയം പറന്നു നിന്നതിനു ശേഷമാണ് അത് താഴേക്കു വന്നത്.
ഹരിയുടെ പക്ഷിയെ എല്ലാവരും അത്ഭുതത്തോടെ നോക്കുന്നതു കണ്ടപ്പോൾ അവന് അഭിമാനം തോന്നി. അവൻ നിലത്തുവീണ തൻ്റെ ചുവപ്പു പക്ഷിയെ എടുത്ത് വീണ്ടും ആകാശത്തേക്കെറിഞ്ഞു. കൂട്ടുകാർ പലരും മത്സരിച്ചെങ്കിലും ഹരിയുടെ പക്ഷി എത്തിയത്ര ഉയരത്തിലെത്താൻ മറ്റാരുടെയും പക്ഷികൾക്കായില്ല. മത്സരം പിന്നെയും തുടർന്നു, എപ്പോഴും ഹരിയുടെ പക്ഷി തന്നെ വിജയിച്ചു.
എന്നാൽ അടുത്തവട്ടം ഹരിയുടെ പക്ഷി ലക്ഷ്യംതെറ്റി ഗ്രൗണ്ടിൻ്റെ അതിർത്തിയിൽ നിന്ന മാവിൻചില്ലയിലേക്കാണ് പറന്നത്. അത് ഇലകൾക്കിടയിലെവിടെയോ തങ്ങിനിന്നു, താഴേക്കു വന്നതേയില്ല. ഹരി മുകളിലേക്കു നോക്കിനിൽക്കുമ്പോൾ കൂട്ടമണിയടിച്ചു. കുട്ടികൾ ആർത്തു ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്കോടി.
സ്ക്കൂളിൽ നിന്ന് വരുമ്പോൾത്തന്നെ ഹരിയുടെ മുഖം വീർത്തിരിക്കുന്നത് അവൻ്റെ അമ്മ ശ്രദ്ധിച്ചു. മൈസൂർപ്പഴം തൊലിപൊളിച്ച് അവിലിലിട്ട് കുഴച്ചു തിന്നാറുള്ള ഹരി പിഞ്ഞാണത്തിൽ വെറുതെ സ്പൂണിട്ട് ഇളക്കിക്കൊണ്ടിരിക്കുകയാണ്.
”എന്തു പറ്റി മോനേ, സങ്കടമുള്ള എന്തെങ്കിലും കാര്യം സ്ക്കൂളിൽ സംഭവിച്ചോ?”
അമ്മ ചോദിച്ചു.
അമ്മയുടെ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നതുപോലെ ഹരി, അരുണിമ ടീച്ചർ ക്ലാസ്സിൽ വന്നതു മുതലുള്ള കാര്യങ്ങൾ അമ്മയോട് പറഞ്ഞു.
”അതു സാരമില്ല, കളിക്കാനുള്ള സമയം തീർന്നപ്പോഴല്ലേ നിനക്ക് പക്ഷിയെ നഷ്ടപ്പെട്ടത്.” അമ്മ അവനെ ആശ്വസിപ്പിച്ചു.
”അമ്മ എനിക്ക് കടലാസുകൊണ്ട് ഒരു പക്ഷിയെ ഉണ്ടാക്കിത്തരുമോ?” ഹരി ചോദിച്ചു.
അവൻ്റെ അമ്മയ്ക്ക് പക്ഷിയെ ഉണ്ടാക്കാൻ അറിയില്ലായിരുന്നു. അവർ വിഷമത്തോടെ പറഞ്ഞു; ”മോന് ഞാനൊരു കടലാസുതോണി ഉണ്ടാക്കിത്തരാം, പക്ഷി ഉണ്ടാക്കാൻ അമ്മയ്ക്കറിയില്ല.”
ഹരിക്ക് തോണി പോര, പക്ഷി തന്നെ വേണമായിരുന്നു. എന്നാൽ അമ്മ വിഷമിക്കുമല്ലോയെന്നോർത്ത് അവൻ ഒന്നും പറഞ്ഞില്ല.
അമ്മ ഉണ്ടാക്കിക്കൊടുത്ത കടലാസുതോണിയും പിടിച്ച് ഹരി മുറ്റത്തു നിന്നു.
‘ഇതിനെ കുളിക്കടവിൽ കൊണ്ടുപോയി ഒഴുക്കി വിടാം. കുറേനേരം ഇത് ഒഴുകി നടക്കും, പിന്നെ കടലാസു കുതിർന്ന് ഇത് വെള്ളത്തിൽ മുങ്ങും’
ഹരി ചിന്തിച്ചു.
എന്നാൽ അവൻ്റെ കൈയിൽനിന്ന് തോണി മുകളിലേക്ക് പറന്നുപോയി മുറ്റത്തെ പേരക്കൊമ്പിൽ ചെന്നിരുന്നു!
‘എനിക്ക് വെള്ളത്തിൽ മുങ്ങാൻ മനസ്സില്ല,’
എന്ന് അത് അവിടെയിരുന്ന് പറയുന്നതുപോലെ ഹരിക്ക് തോന്നി.
ഭയങ്കര ഉത്സാഹത്തോടെ അവൻ പഠനമുറിയിൽ പോയിരുന്ന് ഹോംവർക്കുകൾ ചെയ്യാൻ തുടങ്ങി. അതുകണ്ട അമ്മയാവട്ടെ
‘കടലാസു തോണി എന്തു ചെയ്തെ’ന്ന് ഹരിയോട് ചോദിക്കാനും നിന്നില്ല.
⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️⏭️
കഥ ഇഷ്ടമായല്ലോ അല്ലേ? ഇനി നമുക്ക് ഒരു കുഞ്ഞിക്കവിത കേൾക്കാം.
കവിതപാടി വരുന്നത് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽപ്പെട്ട പാലപ്പെട്ടി ഗ്രാമത്തിൽ പിറന്ന ശ്രീ.ടി.കെ. ഉണ്ണി എന്ന കവിയാണ്.
അദ്ദേഹത്തിന് കവിതയിലും ബ്ലോഗിങ്ങിലുമാണ് താല്പര്യം ‘പുലരിപ്പൂങ്കനൽ ”, “ഉന്മാദകേളികൾ” എന്നീ രണ്ടു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.കെ.ബുക്സ്, മേഴത്തൂർ പ്രസിദ്ധീകരിച്ച കാവ്യസദ്യ, കുട്ടികളുടെ കാവ്യസദ്യ കാവ്യോത്സവം, കവിതാവർഷം എന്നിവയിൽ 10 വീതം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എഴുത്തുപുര പബ്ലിക്കേഷൻസിന്റെ “കുരുന്നോല”യിലും . തീമരത്തണൽ കൂട്ടായ്മയുടെ “പകൽമഴ നനഞ്ഞ കവിതക”ളിലും കെ.എൽ.44 സർഗ്ഗവേദിയുടെ “കിളുർപ്പി”ലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കൃതി സാഹിത്യക്കൂട്ടായ്മയുടെ “കനവെരിയും കനലുകൾ” എന്ന കവിതാസമാഹാരം എഡിറ്റ് ചെയ്തിട്ടുണ്ട്. 1984 മുതൽ 2022 വരെ പ്രവാസിയായിരുന്നു.
മകൻ ലെനിൻ രാജ് ദുബൈയിൽ ഐ.ടി. എൻജിനീയറാണ്. ഇപ്പോൾ ഭാര്യ ശോഭനയോടൊപ്പം എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലുള്ള കീഴില്ലം ഗ്രാമത്തിലാണ് സ്ഥിരവാസം.
ശ്രീ.ടി.കെ. ഉണ്ണി എഴുതിയ കവിതയാണ് താഴെ
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
രാപ്പകൽ
=========
ഒടുക്കത്തിൽ തുടങ്ങുന്ന
പകലുണ്ടേ, രാവുണ്ടേ!
തുടക്കത്തിൽ ഒടുങ്ങുന്ന
രാവുണ്ടേ, പകലുണ്ടേ!
രാവിൻ വെളിച്ചം പകലാണേ!
മങ്ങുന്ന തെളിച്ചം രാവാണേ!
വെളിച്ചവും തെളിച്ചവും
ഇല്ലാതിരുന്നാൽ
രാവും പകലും ഒന്നാണേ!
വെളിച്ചമതെപ്പോഴും ഒന്നുമാത്രം!
രാപ്പകലെന്നതും ഒന്നുമാത്രം!
പകലൊരു സത്യം മാത്രമാണേ!
രാവൊരു മിഥ്യാ സങ്കല്പവും.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
നല്ല കവിത. സത്യവും മിഥ്യയും എന്താണെന്ന് കവിതയിലൂടെ പറഞ്ഞു തരികയാണ് ഉണ്ണിസാർ
ഈ ആഴ്ചയിലെ വിഭവങ്ങൾ എങ്ങനെ? എല്ലാം രുചികരങ്ങളല്ലേ? വായിച്ചു രസിച്ചോളൂ.
ഇനി അടുത്ത വാരത്തിൽ പുതിയ എഴുത്തുകാരുടെ പുതിയ കഥകളും പുതിയ കവിതകളുമായി നമുക്ക് വീണ്ടും കാണാം.
സ്നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട