Saturday, November 23, 2024
Homeകഥ/കവിതഉപ്പുരസമുള്ള കാറ്റ്... (കഥ) ✍കെ.കെ. സിദ്ധിക്ക്.

ഉപ്പുരസമുള്ള കാറ്റ്… (കഥ) ✍കെ.കെ. സിദ്ധിക്ക്.

കെ.കെ. സിദ്ധിക്ക് മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി

ഇന്ന് കോടതി വരാന്തയിൽ അസാമാന്യ തിരക്കാണ്. പ്രമാദമായ ഒരു കേസിൻ്റെ വിധി ഇന്ന് പറയും. കഴിഞ്ഞ 6 മാസമായി ഈ കേസെടുത്തിട്ട്. നൂറിലധികം സാക്ഷികൾ – സാഹചര്യത്തെളിവുകളുടെ ഇഴകീറി പരിശോധന അന്വേഷണ ഉദ്യോഗസ്ഥരെ പല പ്രാവശ്യം വിസ്തരിച്ചു..
വിചാരണ തീർന്നു. പ്രോസിക്യൂഷൻ നിരത്തിയ വാദമുഖങ്ങൾ പ്രതിഭാഗത്തിന് നിഷേധിക്കാൻ കഴിയാത്ത തരത്തിൽ ശക്തമായിരുന്നു. പബ്ളിക് പ്രോസിക്യൂട്ടറും ഏതാണ്ട് ഒരേ പാതയിൽ തന്നെ… വാദങ്ങൾ എല്ലാം അവസാനിച്ചപ്പോൾ പ്രതികൂട്ടിലെ ചെറുപ്പക്കാരൻ നിസ്സഹായതോടെ ചേമ്പറിനെ നോക്കി തൊഴുതുനിന്നു. അയാളുടെ കണ്ണുകൾ കലങ്ങിയിരുന്നു…
പ്രതിയോട് അവസാനമായി ജഡ്ജി ചോദിച്ചു.
തനിയ്ക്കെന്തെങ്കിലും പറയാനുണ്ടോ അവസാനമായി . കൈകൾ കൂപ്പി അയാൾ പറഞ്ഞു ..അമ്മ..എൻ്റെ അമ്മ..അമ്മയ്ക്കാരുമില്ല…ഞാൻ ഞാനില്ലങ്കിൽ എൻ്റെ അമ്മ..എങ്ങിനെ ….
അവനു മുഴുമിപ്പിക്കാനായില്ല പ്രതികൂട്ടിൽ അശരണനായി അവൻ ഇരുന്നു പോയി… താടിരോമങ്ങളിലൂടെ കണ്ണുനീർ തുള്ളികൾ ചാലുകീറി … തേങ്ങിതേങ്ങിക്കരയുകയും അക്ഷരംമുട്ടിയപ്പോൾ പതറിയ ശബ്ദത്തിൽ ചുമയ്ക്കുകയും ചെയ്തു അവൻ…
അയാളെ ശ്രദ്ധിക്കൂ…
ജഡ്ജി ഒരു പോലീസുകാരനെ നോക്കി പറഞ്ഞു….
പോലീസുകാരൻ ഒരു കുപ്പിവെള്ളവുമായി അയാളുടെയടുത്തു ചെന്നു…
ഈ സമയം കോടതിയിൽ പിൻഡ്രോപ് നിശബ്ദതയായിരുന്നു. വക്കീലന്മാരും, കൂടാതെ കേസുമായി എത്തിയിട്ടുള്ളവരും ഈ രംഗം കണ്ട് നിർന്നിമേഷരായി
ഈ കേസിൻ്റെ തീർപ്പ് ഉച്ചയ്ക്കു ശേഷം കോടതി പറയുന്നതാണ്…
വളരെ പതിയ സ്വരത്തിൽ ജഡ്ജി പ്രഖ്യാപിച്ച ശേഷം ഇരിപ്പിടം വിട്ടുപോയി.
ഏറെ പരിക്ഷീണനായിരുന്നു. ചേമ്പറിൽ സ്റ്റീവാർഡ് വച്ച മധുരം ചേർക്കാത്ത കാപ്പി തണുത്തതെങ്കിലും അതെടുത്തു കുടിച്ചു. നെക്ക് ടൈയും, കോട്ടും ഊരി കസേരയിൽ തൂക്കി. ശരീരം ഒന്ന് മൂരിനിവർത്തി കസേരയിൽ ഇരുന്നു. വല്ലാതെ വിയർക്കുന്നുണ്ട്. എസി കൂട്ടിയിടാൻ നിദ്ദേശിച്ചു. കൈകൾ വിറക്കുന്നുണ്ടോ? രണ്ടുകൈകളും വിരലുകളും ഇളക്കി നോക്കി. കാലുകൾ കിഴക്കുന്നതുപോലെ കസേര കുറച്ചുകൂടെ പിന്നിലേക്കാക്കി കാലുകൾ മേശമേൽ കയറ്റി വച്ച് കണ്ണുകളടച്ച് ഇരുന്നു. പക്ഷെ പ്രതികൂട്ടിലെ ആ ചെറുപ്പക്കാരൻ്റെ മുഖം തന്നെ വിടുന്ന മട്ടില്ല. കണ്ണുകൾ ഇറുക്കിയടച്ചു. പക്ഷെ കൺപോളകൾക്കിടയിലൂടെ അയാൾ വീണ്ടും കയറി തൻ്റെ നെഞ്ചിൽ ഇരുപ്പുറപ്പിച്ചതുപോലെ…
സർക്കാർ നമ്പറിട്ട തേക്കിൻതടിയിൽ മെനഞ്ഞെടുത്ത നീതിദേവതയുടെ തുലാസിലെ രണ്ടു തട്ടുകളിൽ ഒന്ന് താഴേയ്ക്ക് തുങ്ങിയിറങ്ങിയതുപോലെ. പെട്ടന്ന് കണ്ണുകൾ തുറന്ന് അതിനെ തുറിച്ചു നോക്കി..
എന്താ ഒരു തട്ട് താന്നിരിയ്ക്കുന്നത്.
ഏയ്…
സ്റ്റീവാർഡ് പെട്ടന്ന് ഓടി അകത്തുവന്നു.
എന്താ ഇതിൻ്റെ ഒരു തട്ട് താഴ്ന്നു കിടക്കുന്നത്…
ഇല്ലാ …താഴ്ന്നിട്ടില്ല…അങ്ങേയ്ക്ക് തോന്നിയതാവും…
സ്റ്റീവാ ർഡ് തറപ്പിച്ചു പറഞ്ഞു…
എന്താ തൻ്റെ കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ടോ… ഒരു തട്ട് താഴ്ന്നത് താൻ കാണുന്നില്ലേ …
ശബ്ദം കൂട്ടിയായിരുന്നു ചോദ്യം …
അയാൾ ഒന്നും മിണ്ടിയില്ല …
കൈകൾ കൂട്ടി മുൻവശത്ത് കെട്ടി പഞ്ചപുച്ഛമടക്കി നിന്നു
അൽപം ഒന്നു മയങ്ങി … ആമയക്കത്തിൽ വല്ലാതെ ഭ്രമിപ്പിക്കുന്ന ഒരു സ്വപ്നം അദ്ദേഹം കണ്ടു …
പാഞ്ഞുവരുന്ന ഒരു ട്രെയിൻ അതിനു മുന്നിൽ അപരിചിതമായ ഒരു സ്ത്രീരൂപം. അടുത്തു വരുന്തോറും അവരുടെ മുഖത്ത് വെളിച്ചം പതിക്കുന്നുണ്ട്… ഏതാണാസ്ത്രീ… മുഖം കൃത്യമായും തെളിഞ്ഞു തുടങ്ങിയതും ട്രയിൻ തട്ടി അവർ ചിന്നിച്ചിതറുകയായിരുന്നു..ഞെട്ടി ഉണർന്നു പോയി… മുഖം തെളിഞ്ഞു വരികയായിരുന്നു … ആരായിരുന്നു അത് ….
മേശപ്പുറത്ത് അന്നു വന്ന കത്തുകൾ ഒന്നിനുപുറമെ ഒന്നായി അടുക്കി വച്ചിട്ടുണ്ട്. സാധാരണ ഈ സമയത്താണ് അത് ഓരോന്നും പൊട്ടിച്ച് വായിക്കാറുള്ളത്. പക്ഷെ ഇന്നതാകുന്നില്ല. വല്ലാത്ത അസ്വസ്ഥത തന്നെ…എന്താണെന്നറിയില്ല.
സി.എ ഫയലുമായി അകത്തു വന്നു. ആദ്യം അയാളോട് കലഹിക്കാനാണ് തോന്നിയത്. പക്ഷെ എന്തിന് അയാളോട് കലഹിക്കണം..മുഖം വികൃതമെങ്കിൽ കണ്ണാടി തകർക്കുന്നതെന്തിന് …
സർ ഇന്നത്തെ മെയിൽ ഒന്നും നോക്കിയില്ല..
ഇപ്പോൾ വേണ്ടടോ…പിന്നെ നോക്കാം …
അയാളെ എത്രയും പെട്ടന്ന് ഒഴിവാക്കാനായിരുന്നു ശ്രമം..
അയാൾ പുറത്തയ്ക്കു പോയി…
സർ ഭക്ഷണം എടുക്കട്ടെ
അപ്പോഴാണ് ലഞ്ച് കഴിക്കുന്ന കാര്യം ഓർമ്മ വന്നത്.
ഇന്നെനിക്കു ഭക്ഷണം വേണ്ട … വിശപ്പു തോന്നുന്നില്ല. താൻ പോയി ഭക്ഷണം കഴിച്ചിട്ട് വന്നോളൂ…
സ്റ്റീവാർഡ് തൻ്റെ പിന്നിലെ ഡോർ വലിച്ചടച്ചു പുറത്തേയ്ക്കു പോയി …
സി. എ കൊണ്ടുവന്ന ഫയൽ മേശപ്പുറത്ത് കാറ്റേറ്റ് മുകളിലെയ്ക്ക് പറക്കാൻ തുടങ്ങുന്നുണ്ട്..അതിൻ താൻ ഒപ്പുവയ്ക്കുന്നതോടെ ഒരധ്യായം അവസാനിക്കും. തൻ്റെ വിധിന്യായം ആരാലും ചോദ്യം ചെയ്യപ്പെടാം… പക്ഷെ ആ ചെറുപ്പകാരൻ്റെ ജീവിതം അതോടെ അവസാനിക്കും. എന്തിനാവും അയ്യാൾ അതു ചെയ്തത്.. സാഹചര്യങ്ങൾ മനുഷ്യനെ വല്ലാതെ കീഴടക്കുന്നുണ്ട്. ചുറ്റുപാടിൻ്റെ സമ്മർദ്ദം അവനെ മുച്ചൂടും ഗ്രസിക്കും. ഒരു പ്രത്യേക നിമിഷത്തിൻ്റെ ദുർബ്ബലതയിൽ അവൻ കുറ്റവാളിയാകുന്നു. ഒരു പക്ഷെ ചെയ്ത പാപത്തിൽ അവൻ നീറുന്നുണ്ടാവും. പശ്ചാത്തപിക്കുന്നുണ്ടാവും.. ആവ്യഥ അയാൾ മാത്രമേ അറിയുന്നുള്ളൂ.. അനുഭവിക്കുന്നുള്ളൂ… കായലിലേയ്ക്ക് മലർക്കെ തുറന്നു കിടക്കുന്ന ജനാലയിലൂടെ തിക്കുമുട്ടിയ ഇളം കാറ്റ് മുറിയിലേക്ക് അനുവാദം ചോദിക്കാതെ കടന്നു വരുന്നുണ്ട് …. എതിർ ദിശയിലെ കണ്ണാടിയിൽ ചിതറിയ തൻ്റെ രൂപം അയാൾ ശ്രദ്ധിച്ചു. അയാളുടെ അവസാനത്തെ മറുപടി വല്ലാതെ ഉലയ്ക്കുന്നതായിരുന്നു.
തൻ്റെ അമ്മ… തൻ്റെ അമ്മ തനിച്ചാവും.. അമ്മയ്ക്കാരുമില്ല…”
അമ്മയെ അത്രയേറെ ഇഷ്ടപ്പെടുന്നു അയാൾ… പിന്നെന്തിനാവും ഇങ്ങിനെ ഒരു കടും കൈ ചെയ്തത്. അപ്പോൾ അമ്മയെ ഓർത്തില്ലേ…എന്നാലും ഒരു തേങ്ങൽ തൻ്റെ നെഞ്ചിൽ പടരുന്നത് അയാൾ തിരിച്ചറിയുന്നുണ്ട്. എത്രയോ കേസുകളിൽ താൻ വിധിയെഴുതിയിരിക്കുന്നു. എത്ര ജീവിതങ്ങൾ തിരശ്ശീലയ്ക്കു പിന്നിൽ ആടിത്തിമിർത്തിരിയ്ക്കുന്നു. മഷി യുണങ്ങും മുമ്പ് എത്ര പേർ ലോകം തന്നെ വിട്ടിരിയ്ക്കുന്നു. തൻ്റെ വിധികളുടെ ഓർമ്മ ചീളുകൾ വെറുതെ ഒന്ന് ചികയാൻ അയാൾ ശ്രമിക്കുകയായിരുന്നു. ശിക്ഷ വിധിക്കുന്ന ന്യായാധിപന്മാരും മനുഷ്യർ തന്നെയല്ലേ … അവർ തികച്ചും തെളിവിൻ്റെ സാന്നിദ്ധ്യത്തിൽ ന്യായാന്യായങ്ങൾ തരംതിരിക്കുന്നു. പരമാവധി നീതി പുലർത്താൻ മാത്രമേ കഴിയൂ… പ്രതികളുടെ നിസ്സഹായാവസ്ഥയും, ദൈന്യമായ ജീവിതവ്യവഹാരവും പരിഗണനയർഹിക്കുന്നതേയില്ല. അങ്ങിനെ നോക്കിയാൽ നീതി നടപ്പിലാക്കുകയെന്നത് ശ്രമകരമാകും. നിയമത്തിൽ നിന്നും നീതി വേർതിരിക്കുകയെന്നത് തന്നെ ന്യായാധിപനെ സം ബന്ധിച്ച് ഭഗീരഥമായ പ്രയന്തം തന്നെ. അവിടെയാണ് മനസാക്ഷിയെന്ന പരികൽപന പകിടയെറിയുന്നത്. പതറിപ്പോകാൻ ഏറെ സാദ്ധ്യതയുള്ളതും. അവിടെത്തന്നെ.താൻ മന:പൂർവ്വം അപ്പോഴെല്ലാം പിടിച്ചു നിന്നിട്ടുണ്ട്.
കോടതി ശ്വാസമടക്കി പിടിച്ചിരിയ്ക്കയാണ്. ആരും പരസ്പരം സംസാരിക്കുന്നില്ല.. വക്കീലന്മാരും ഗുമസ്ഥന്മാരും ഹാളിലുള്ള പോലീസുദ്യോഗസ്ഥന്മാരും മ്ലാനമായ മുഖവുമായി ചാരിയും നിന്നും. ഇരുന്നും സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്.
എന്തോ വലിയ മാനസികഭാരം ഇറക്കിവയ്ക്കാനുണ്ട് എന്ന തോന്നലോടെ ജഡ്ജി കോടതിയിലെത്തി. തൊഴുതു. നിമിഷങ്ങൾ ഇഴഞ്ഞുനീങ്ങി. കോടതിയിൽ കാലത്തിൻ്റെ താളക്രമം അളക്കാൻ ഉള്ള മാപിനിയായ ഘടികാരം ടിക് ടിക് ശബ്ദം മുഴക്കുന്നണ്ട്..
പ്രോസിക്യൂഷൻ്റേയും, പ്രതിഭാഗത്തിൻ്റെയും വാദങ്ങൾ സശ്രദ്ധം കേൾക്കുകയും, വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. കുറ്റം ചെയ്തത് കൃത്യമായും തെളിയിക്കാനായി പ്രോസിക്യൂഷനും, പബ്ളിക് പ്രോസിക്യൂട്ടറും നിരത്തിയ വാദങ്ങളെയും, സാക്ഷികളെയും ഖണ്ഡിക്കുവാൻ പ്രതിഭാഗത്തിനായിട്ടുമില്ല. സാഹചര്യത്തെളിവുകളും, ഉപോൽബലകമായ ശാസ്ത്രീയ നിഗമനങ്ങളും, സാക്ഷിമൊഴികളും, അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളും, പ്രതി കുറ്റം ചെയ്തതാണെന്ന് അസന്നിഗ്ദമായി സ്ഥാപിച്ചിട്ടുമുണ്ട്. ഇത്തരുണത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി ഈ കൃത്യം കോടതി കാണുന്നു. ആയതിനാൽ പ്രതിയെ മരിക്കുന്നതുവരെ തൂക്കിലേൽക്കാൻ ഈ കോടതി ഇതിനാൽ ഉത്തരവിടുന്നു….
ഏതാണ്ട് ഇരുന്നറിലധികം പേജുള്ള വിധിന്യായത്തിൻ്റെ അവസാന ഭാഗം മാത്രം വായിച്ച് കോടതി പിരിഞ്ഞതായി അറിയിച്ചു കൊണ്ട് ജഡ്ജി ചേമ്പർ വിട്ടു…
ഈ സമയം പ്രതികൂട്ടിൽ അസ്ഥപ്രജ്ഞനായി നിന്ന ചെറുപ്പക്കാരൻ അമ്മേ …എന്ന് ഉറക്കെ വിലപിച്ചുകൊണ്ട് തളർന്നുവീണു. അയാളെ പോലീസുകാർ താങ്ങിയെടുത്തു കൊണ്ട് കോടതിയ്ക്കു പുറത്തു കടന്നു…
മുറിയിലെത്തിയ ജഡ്ജ്, വല്ലാതെ അസ്വസ്ഥനും, വിഷണ്ണനുമായിരുന്നു. അയാൾ തപ്പിത്തടഞ്ഞാണ് തൻ്റെ സോഫയിൽ ഇരുന്നത്. വല്ലാതെ വിയർക്കുകയും, ക്ഷീണിതനായും കാണപ്പെട്ടു. വിധിന്യായത്തിൽ ഒപ്പുവെയ്ക്കുമ്പോൾ കൈകൾ വല്ലാതെ വിറക്കുകയും, ഒപ്പു വയ്ക്കുന്നതിൽ നിന്നാരോ തന്നെ തടയുന്നതായും തോന്നി. വളരെ ബലപ്പെട്ടാണ് അതിൽ കൈയൊപ്പു ചാർത്തിയത്. ഫ്ലാസ്കിൽ നിന്നും പകർന്നു കിട്ടിയ ചായ അയാൾ ഒരു വലിക്കു തന്നെ കുടിച്ചു തീർത്തു…
വെയിൽ ജന്നൽ വഴി അകത്തെക്കുകയറുമ്പോൾ അയ്യാൾ വിവശതയുടെ അധീനതയിൽ ഉറങ്ങുകയായിരുന്നു. ഈ സമയം സ്റ്റീവാർഡ് അന്നത്തെ കത്തുകൾ ഒന്നൊന്നായി പൊട്ടിച്ച് എൻവലപ്പുകൾ വേസ്റ്റ് ബക്കറ്റിൽ ഇട്ടു.കത്തുകൾ കാറ്റിൽ പറക്കാതിരിക്കാനായി പേപ്പർ വെയ്റ്റ് മുകളിൽ വച്ചു. അപ്പോഴും ജഡ്ജി നല്ല ഉറക്കത്തിലായിരുന്നു. ഉണർത്താതെ അയാൾ പുറത്തുപോയി … ഉറക്കത്തിൽ നിന്നുണർന്നത് ക്ലോക്ക് നാലു മണി മുഴക്കിയപ്പോഴാണ്. ടേബിളിൽ കപ്പിൽ മൂടി വച്ചിരിയ്ക്കുന്ന കാപ്പി എടുത്ത് കുടിച്ച ശേഷം കത്തുകൾ ഒന്നൊത്തായി എടുത്തു വായിച്ചു തുടങ്ങി.. ഹൈക്കോടതി സർക്കുലുകൾ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട പേപ്പറുകൾ, ചില രഹസ്യ കത്തുകൾ: ഇവയെല്ലാം തിയ്യതിയും ഇനിഷ്യലും ചെയ്ത് ലെറ്റർ ട്രേയിലേയ്ക്കുവച്ചു അടുത്ത ഒരു കത്ത് അയാൾക്ക് ഏറെ കൗതുകമായി തോന്നി. നോട്ട്ബുക്കിലെ ഒറ്റവരയിട്ട പേപ്പറിലാണ് എഴുതിയിട്ടുള്ളത്.. നനഞ്ഞുണങ്ങിയ പോലെ കത്തിൻ്റെ ചില ഭാഗങ്ങളിൽ മഷി പടർന്നിരുന്നു.. അദ്ദേഹം കത്തുകയ്യിലെടുത്ത് കസേരയിലേയ്ക്ക് ചാരിയിരുന്നു… കണ്ണട മുഖത്ത് ചേർത്തുവച്ചു വായിക്കാൻ തുടങ്ങി…
” ഞാൻ…ഞാൻ… സുധയാണ്… അല്ല..സുധാമണി … ഓർത്തെടുക്കാനാവുമോ…അറിയില്ല..
നെഞ്ചൊന്നു പാളി … തല പെരുക്കുന്നതുപോലെ കത്ത് തനിയെ കയ്യിൽ നിന്നും വഴുതി മേശയിൽ വീണു. കൈകാലുകൾ തരിക്കുന്നതുപോലെ .. സെക്കൻ്റുകൾ വേണ്ടി വന്നു ആ രംഗമൊന്നു മാറി വരാൻ… നെഞ്ചിലെ പിടപ്പുമാറിയിട്ടില്ല…വല്ലാത്ത പരവേശവും കയറി. പെട്ടന്ന് ഗ്ലാസിലുള്ള വെള്ളം മരണവെപ്രാളത്തിലെന്നപോലെ ഊറ്റിക്കുടിച്ചു.
കത്തുകയ്യിലെടുത്തു.
ഇനിക്കാണണമെന്നോ, എന്തെങ്കിലും ആവശ്യപ്പെടണമെന്നോ ഒരു താല്പര്യവുമില്ല. അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായി നിങ്ങളുടെ അധികാര വളപ്പിൽ ഞാൻ വരാതിരുന്നത്.കഴിഞ്ഞതൊക്കെ ഞാൻ മറന്നു കഴിഞ്ഞു. ആദ്യം നിങ്ങളോട് എനിക്കു വലിയ ബഹുമാനമായിരുന്നു. പ്രണയം കാമത്തിനു വഴിമാറുമ്പോൾ സ്നേഹത്തിൻ്റെ തീവ്രത കുറയുമെന്ന് നിങ്ങൾ എന്നെ പഠിപ്പിച്ചു. അങ്ങിനെ ആയിരുന്നല്ലോ നമ്മൾ പിരിഞ്ഞത്. അതിലെയ്ക്കൊന്നും മനസ്സിനെ കയറൂരി വിടാൻ ഞാൻ മെനക്കെടുന്നില്ല..
പക്ഷെ ഒരു സത്യം നിങ്ങളറിയണം.. എൻ്റെ മോനോടുപോലും പറയാത്ത സത്യം … പിരിയുമ്പോൾ നിങ്ങളെനിക്കു തന്ന സമ്മാനത്തെ കുറിച്ചു ന്താൻ പറഞ്ഞിരുന്നു. സന്തോഷാധിക്യത്താൽ എൻ്റെ അടിവയറിൽ നിങ്ങൾമുഖമമർത്തി പറഞ്ഞതും എന്നെ ആമോദത്തിൻ്റെ ഔന്നത്യത്തിലെത്തിച്ചതും ഞാൻ മറന്നു കഴിഞ്ഞു..
നിങ്ങളുടെ പ്രതിക്കൂട്ടിൽ നിങ്ങൾ വിചാരണചെയ്യുന്നത് നിങ്ങളുടെ മകനെയാണ്. നിങ്ങൾ എനിക്കു തന്ന സമ്മാനമാണ് അത്. നിങ്ങളെ പ്രണയിച്ചു പോയി എന്ന കുറ്റത്തിന് നിങ്ങൾ എനിക്കു തന്ന ശിക്ഷയാണ് അവൻ.നിങ്ങൾ ഉപേക്ഷിച്ചിട്ടും ഇരുപത്തിരണ്ടു വർഷം ഒരു കുറവുമില്ലാതെ ഞാനവനെ ചേർത്തുപിടിച്ചു. അവനു ഞാനും എനിയ്ക്കവനും മാത്രമാണ് ലോകം. ഞങ്ങളുടെ ലോകത്തേയ്ക്ക് അകാരണമായി കടന്നുവന്ന ഒരു സ്ത്രീലമ്പടനെ അവൻ്റെ അമ്മയെ രക്ഷിക്കാനായി അവൻ കൊന്നു…ഒരു പക്ഷെ ഞാനോർത്തു പോകാറുണ്ട്.. ആ മനുഷ്യൻ്റെ സ്ഥാനത്ത് നിങ്ങളെങ്കിലും അവൻ കൊല്ലും.. അതുകൊണ്ടുതന്നെയാണ് അവൻ്റെ ജന്മരഹസ്യം അവനോടു പറയാതിരുന്നത്. ഞാൻ ചെയ്യേണ്ടത് അവൻ ചെയ്തുവെന്നു മാത്രം. നിങ്ങൾ അവനെ വെറുതെ വിട്ടാലും, വധശിക്ഷയ്ക്കു വിധിച്ചാലും എനിക്ക് ഒരു പരിഭവവുമില്ല. കാരണം അതിലൂടെ നിങ്ങൾ ശിക്ഷിക്കപ്പെടുന്നത് എനിയ്ക്കു കാണാനാകും. അങ്ങിനെ പ്രതികാരം ചെയ്യാൻ മാത്രമേ ഈ സാധുവിനു കഴിയൂ… നിങ്ങൾ ഇരിക്കുന്ന സ്ഥാനത്തിൻ്റെയും. സമൂഹത്തിൽ നിങ്ങൾക്കുള്ള മൂല്യത്തിൻ്റെയും, കൊടി താഴുന്നത് എനിക്ക് കാണാനാവും സ്വന്തം അമ്മയുടെ ജീവിതം തകർക്കാൻ ശ്രമിച്ചവനെ കൊന്നതിൻ്റെ പേരിൽ ശിക്ഷ വിധിച്ച ഒരച്ഛനായി നിങ്ങൾ അറിയപ്പെടും. അത് നിങ്ങളെ വല്ലാതെ വേട്ടയാടും അത് കണ്ട് ഞാൻ സന്തോഷിക്കും. അതാണ് നിങ്ങൾ ചെയ്ത ചതിയ്ക്ക് എനിയ്ക്കു നൽകാവുന്ന ശിക്ഷ … ഇനി നിങ്ങൾ ഓരോ നിമിഷവും നീറിക്കൊണ്ടിരിക്കും… ഒന്നോർക്കുക എൻ്റെ മകൻ അവൻ എൻ്റെ തുമാത്രമാണ് അവനിൽ ഒരവകാശവും നിങ്ങൾക്ക് ഞാൻ തരില്ല…എന്ന്.. നിങ്ങളുടെ സുധ… അല്ല.. സുധാമണി
തനിക്കു ചുറ്റുമുളള ലോകം കറങ്ങുന്നതുപോലെ തോന്നി. തനിക്കു തലചുറ്റുന്നതുപോലെ, കയ്യിൽ സൂക്ഷിച്ചിരുന്ന കത്തിൽ അയ്യാളുടെ ചുടുകണ്ണീർ പതിച്ച് അക്ഷരങ്ങൾ മാഞ്ഞു തുടങ്ങി… നെഞ്ചിനുള്ളിലെ അറിയപ്പെടാത്ത അഗ്നിപർവ്വതം ആളികത്തി തുടങ്ങി ഏതു നിമിഷവും അത് പൊട്ടിത്തെറിയ്ക്കും. തലയ്ക്കു വല്ലാത്ത ഭാരം തുങ്ങുന്നു. വിയർപ്പ് കണങ്ങൾ ശരീരമാകെ ഒലിച്ചിറങ്ങി ഷർട്ടും ബനിയനും കുതിർത്തി. വീഴാതിരിക്കാൻ കസാരയുടെ കൈകളിൽ ബലമായി പിടിച്ചു… കായലിൽ നിന്നും ജന്നൽ വഴി കയറുന്ന ഉപ്പുരസമുളള കാറ്റിൽ അയാൾ വലഞ്ഞു പോയി … തൻ്റെ കയ്യുകൾ മേശമേൽ ആഞ്ഞടിച്ചു. നെഞ്ചിൽ കത്തി ഉയരുന്ന അഗ്നിഗോളങ്ങൾ തൻ്റെ നെഞ്ച് പിളർന്ന് പുറത്തേക്ക് വന്ന് ദേഹമാസകലം പൊതിഞ്ഞു. പ്രതിക്കൂട്ടിൽ കരഞ്ഞു തകർന്ന ചെറുപ്പക്കാരൻ,തൻ്റെ മകൻ പല്ലുകൾ കൂട്ടി ഉരുമ്മി തൻ്റെ നേരെ ക്രുദ്ധമായി നോക്കുകയും കൈകൾ ഉയർത്തി എതിർക്കുന്നതും അയാൾ തിരിച്ചറിഞ്ഞു … ലോകത്തിൻ്റെ ചലനം നിലക്കുകയും അയാൾ കസേരയിൽ നിന്നും കമിഴ്ന്നടിച്ച് തറയിൽ പതിക്കുകയും ചെയ്തു. ചുവരിലെ ഘടികാരം നിശ്ചലമായി അയാളെ നോക്കിനിന്നു.

കെ.കെ. സിദ്ധിക്ക്

മികച്ച രചന:
സംസ്‌കൃതി & ആർഷഭാരതി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments