Friday, November 22, 2024
Homeകേരളംപറ്റിപ്പോയി’ എന്നത് എ ഡി എമ്മിന്റെ കുറ്റസമ്മതം; പ്രശാന്തിനെതിരായ നടപടി കൈക്കൂലി നൽകിയതിനെന്നും പി പി...

പറ്റിപ്പോയി’ എന്നത് എ ഡി എമ്മിന്റെ കുറ്റസമ്മതം; പ്രശാന്തിനെതിരായ നടപടി കൈക്കൂലി നൽകിയതിനെന്നും പി പി ദിവ്യ.

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സി.പി.എം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രതിയുടെ അഭിഭാഷകൻ കെ വിശ്വൻ എ.ഡി.എമ്മിനെതിരേ സംസാരിച്ചത്.

എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന് ഫോൺ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ദിവ്യയുടെ അഭിഭാഷകൻ ജാമ്യത്തിനായി വാദിച്ചത്. എ.ഡി.എമ്മിന് കൈക്കൂലി നൽകിയതിനാണ് പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരനായ പ്രശാന്തിനെതിരെ നടപടിയെടുത്തത്. എ.ഡി.എം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നടക്കമുള്ള വാദങ്ങളാണ് പ്രതിഭാഗം നിരത്തിയത്.

അഞ്ചാം തിയ്യതി പ്രശാന്തെടുത്ത സ്വർണ വായ്പയും ആറാം തിയ്യതി ഇരുവരും കണ്ടതിന്റെ ടവർ ലൊക്കേഷനും സി സി ടി വി ദൃശ്യവും ഫോൺ വിളിച്ചതിന്റെ രേഖകളും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് അഡ്വ. കെ വിശ്വൻ കോടതിയിൽ ആവശ്യപ്പെട്ടത്.

ദിവ്യയെ പോലീസ് കസ്റ്റഡിയിൽ ചോദിച്ചപ്പോൾ അതിനെ എതിർത്തില്ല. അന്വേഷണവുമായി പ്രതി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ട്. എ.ഡി.എമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ല. എന്നാൽ, ആ വേദിയിൽ അങ്ങനെ സംസാരിക്കേണ്ടായിരുന്നു എന്നത് അംഗീകരിക്കുന്നു. ഉദ്ദേശം ഇല്ലാതെ ചെയ്താൽ കുറ്റമാകുമോയെന്നും ദിവ്യയുടെ അഭിഭാഷകൻ ചോദിച്ചു.

ദിവ്യയുടെ പ്രസംഗത്തിന് ശേഷം കലക്ടർക്ക് മുന്നിലെത്തിയ എ.ഡി.എം പറ്റിപ്പോയി എന്നു പറഞ്ഞത് കുറ്റസമ്മതമാണ്. അത് കൈക്കൂലി അല്ലാതെ മറ്റെന്താണ്? വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പോയി കലക്ടറോട് പറയുമോ? എൻ.ഒ.സിയുമായി ബന്ധപ്പെട്ട് പരാതി ഇല്ലാത്തതിനാൽ അഴിമതി നടത്തിയതിലെ കുറ്റസമ്മതമാണത്. കലക്ടറുടെ മൊഴിയെ കുറിച്ച് പ്രൊസിക്യൂഷൻ വാദത്തിനിടെ പറഞ്ഞില്ല. കോടതി വിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിൽ ഇക്കാര്യം ആരും അറിയില്ലായിരുന്നു. പ്രശാന്ത് കണ്ണൂർ ജില്ലയിലെ കൊയ്യാം സഹകരണ ബാങ്കിൽ നിന്ന് ഒക്ടോബർ അഞ്ചിന് ഒരു ലക്ഷം രൂപ സ്വർണ വായ്പ എടുത്തിരുന്നുവെന്നും ഇത് സാഹചര്യ തെളിവായി പരിഗണിക്കണമെന്നും അഭിഭാഷകൻ വാദിച്ചു.

കൈക്കൂലി നൽകിയെന്ന് പ്രശാന്ത് മൊഴി നൽകിയിട്ടുണ്ട്. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ അന്വേഷണ റിപോർട്ട് ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ഇത് ദിവ്യയുടെ ആരോപണത്തെ ശരിവെക്കുന്നുവെന്നും ആറാം തിയ്യതി കൈക്കൂലി നൽകിയെന്നും മൊഴിയുണ്ട്. പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത് കൈകൂലി നൽകിയതിനാണ്. ഇതിലൂടെ എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണ്.

എ.ഡി.എം ഒക്ടോബർ ആറിന് രാവിലെ 11.10ന് പ്രശാന്തിനെ ഫോണിൽ വിളിച്ച് 23 സെക്കൻഡ് സംസാരിച്ചു. ആ സമയത്ത് എ.ഡി.എം കണ്ണൂരിലും പ്രശാന്ത് ശ്രീകണ്ഠാപുരത്തുമാണ്. എന്നാൽ, 12.42ന് പ്രശാന്ത് എ.ഡി.എമ്മിനെ വിളിച്ചുവെന്നും ഈ സമയത്ത് ഇരുവരും ഒരേ ടവർ ലൊക്കേഷനിലാണ്. ഒരുമിച്ച് കണ്ടതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും തെളിവായുണ്ട്. ഇത്രയും തെളിവുകളുള്ളപ്പോൾ എന്തിന് പി.പി ദിവ്യയെ സംശയിക്കണമെന്നും പ്രശാന്തിന്റെ മൊഴിയെ അവിശ്വസിക്കണമെന്നും പ്രശാന്തിനെ വിളിക്കാൻ എഡിഎമ്മിനെ പ്രേരിപ്പിച്ചത് എന്താണെന്നും അഭിഭാഷകൻ ചോദിച്ചു.

കൈക്കൂലി നൽകാൻ പ്രശാന്ത് നിർബന്ധിതനാവുകയായിരുന്നു. ഒക്ടോബർ 14ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിജിലൻസ് പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു. കെ.ടി.ഡി.സി ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായുണ്ട്. ഇത് പരിശോധിച്ച് ഹാജരാക്കാൻ പോലീസിന് അപേക്ഷ നൽകണം.

ലാൻഡ് റവന്യൂ കമ്മിഷണറുടെ അന്വേഷണത്തിൽ കൈക്കൂലി നൽകിയില്ലെന്ന് പറയുന്നു. എന്നാൽ കൈക്കൂലിയുമായി ബന്ധപ്പെട്ട് കക്ഷികളല്ലാത്തവരുടെ മൊഴിയാണ് പ്രസ്തുത റിപോർട്ടിലുള്ളത്. അതിനാൽ ഈ റിപോർട്ട് പരിഗണിക്കരുതെന്നും ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments