Thursday, November 14, 2024
Homeസ്പെഷ്യൽഗോപാഷ്ടമി (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

ഗോപാഷ്ടമി (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

കാർത്തിക മാസത്തിലെ ഗോപാഷ്ടമി എന്നറിയപ്പെടുന്ന എട്ടാമത്തെ ചാന്ദ്രദിനം ഭഗവാന്റെ പ്രിയപ്പെട്ട വിനോദങ്ങളിൽ ഒന്നാണ്. ഈ ശുഭദിനത്തിൽ കൃഷ്ണനെയും ബലരാമനെയും പിതാവായ നന്ദ മഹാരാജാവ് ആദ്യമായി പശുക്കളെ മേയ്ക്കാൻ അയച്ചു വെന്നാണ് വിശ്വാസം.

ഗോ സംരക്ഷണത്തിന്റെ പ്രതീകങ്ങളായ ശ്രീകൃഷ്ണനും ബലരാമനും ഗോ സേവയോടുള്ള വാത്സല്യം പ്രകടിപ്പിച്ചിരുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ നെറ്റിയിലുള്ള ഗൗരജ തിലകം ഭഗവാൻ പശുക്കളെ ഇഷ്ടപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണെന്ന് പറയപ്പെടുന്നു. പശു സമൃദ്ധിയുടെ പ്രതീകമാണെന്നാണ് ശാസ്ത്രത്തിൽ പറയുന്നത്.

9 ലക്ഷത്തോളം പശുക്കൾ ഉണ്ടായിരുന്നു നന്ദമഹാരാജാവിനെന്നും ശ്രീകൃഷ്ണന് അവയുടെ പേരുകൾ അറിഞ്ഞിരുന്നുവെന്നും പറയപ്പെടുന്നു. അവയിൽ ഒന്ന് പശു സംഘത്തിൽ നിന്നും വേർപിരിഞ്ഞാൽ കൃഷ്ണൻ അവയെ പേരിട്ട് വിളിക്കുമെന്നും. ഈ കൃപയാൽ ഗോപാൽ അഥവാ ഗോവിന്ദ് എന്നും കൃഷ്ണൻ അറിയപ്പെടുന്നു. ഭഗവാൻ ഹരി പശു സേവ നടത്തുന്നയിടങ്ങളിൽ അനശ്വരമായ കൃപ നൽകുമെന്നാണ്.

ഗോപാഷ്ടമി നാളിൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം നേടാൻ പശു സംരക്ഷണ സേവനം ചെയ്യാവുന്നതാണ്. ഗോപാഷ്ടമി നാളിൽ ഭക്തർ അതിരാവിലെ പശുക്കളെ കുളിപ്പിച്ച് പൂക്കളും, സുഗന്ധങ്ങളും അർപ്പിക്കുകയും, കൊമ്പുകളിൽ പ്രകൃതിദത്തമായ നിറങ്ങൾ പൂശുകയും മാലകളും മണികളും തുടങ്ങിയ അലങ്കാരവസ്തുക്കളാലും, വ്യത്യസ്ത വസ്ത്രങ്ങളാൽ അലങ്കരിക്കുകയും ചെയ്യുന്നു. പശുക്കൾക്ക് തീറ്റ നൽകി ആളുകൾ പരിക്രമം ചെയ്യുന്നു. (നഗ്നപാദരായി പശുവിനെ ചുറ്റുന്നത്). വൃന്ദാവനത്തിന്റെ ആകർഷണത്തിനും സൗന്ദര്യത്തിനും കാരണം പശുക്കളുടെ കാലിലെ പൊടി തന്റെ മേൽ പതിക്കുന്നതിൽ ആഹ്ലാദിച്ച കൃഷ്ണ ഭഗവാൻ നഗ്നപാദനായി എങ്ങും തന്റെ താമരയുടെ പാദ മുദ്രകൾ പതിപ്പിച്ചത് കൊണ്ടാണെന്നാണ് വിശ്വാസം. ഭഗവാന്റെ ബാല്യകാലത്തിലെ പ്രധാന ഭാഗമാകുന്ന ഗോപാഷ്ടമി ആഘോഷം കൃഷ്ണനും, പശുവും തമ്മിലുള്ള ബന്ധത്തെ ചൂണ്ടിക്കാണിക്കുന്നു. “ഗോപ്” എന്ന ബഹുമതിയാൽ ശ്രീകൃഷ്ണ ഭഗവാൻ ആദരിക്കപ്പെട്ടതിനാലാണ് ഈ ദിവസം ഗോപാഷ്ടമിയായി ആഘോഷിക്കുന്നത്.

ഗോപാഷ്ടമി അനുസ്മരിക്കപ്പെടുന്നത് ഹിന്ദുപുരാണമനുസരിച്ച് ബാൽ ഗോപാല (യുവ കൃഷ്ണൻ) പശുക്കിടാക്കളെ പരിപാലിക്കുന്നതിൽ നിന്നും പശുക്കളെ പരിപാലിക്കുന്നതിലേക്ക് (ഗോപാൽ) മാറിയ ദിവസമാണ്. ഈ ഉത്സവ ആചരണവും ഒരുക്കങ്ങളുമൊക്കെ നടത്തുന്നത് കൃഷ്ണഭഗവാൻ തന്റെ കുട്ടിക്കാലം ചെലവഴിച്ച സ്ഥലത്താണ്.

ഗോപാഷ്ടമി വ്രതം ശരീരത്തെയും, മനസ്സിനെയും ഒരുപോലെ ശുദ്ധീകരിക്കുമെന്ന വിശ്വാസത്താൽ ഭക്തർ ഈ ദിനത്തിൽ പൂജ പൂർത്തിയാകും വരെ വെള്ളം ഭക്ഷണം ഒഴിവാക്കുന്നു. ഇതിലൂടെ പ്രാർത്ഥനകൾ ഏറെ ഫലപ്രദമാകുമെന്നാണ് വിശ്വാസം.

ഭക്തർ ഈ ദിവസം ഗോപൂജ നടത്തുകയും, പശുവിന്റെ നെറ്റിയിൽ മഞ്ഞൾ പുരട്ടുകയും മധുരപലഹാരങ്ങൾ നൽകുകയും അന്നദാനവും നടത്തുന്നു. കൂടാതെ പ്രാർത്ഥനകൾ ആലപിച്ചുകൊണ്ട് ഭക്തർ പ്രദക്ഷിണം എന്നറിയപ്പെടുന്ന പ്രദക്ഷിണ ചടങ്ങിൽ പശുക്കളെ ചുറ്റുന്നു. പശുക്കളോടുള്ള ഭക്തിയെ പ്രതീകപ്പെടുത്തുന്ന പ്രകടനമാണിത്.

ഗോപാഷ്ടമി പ്രധാനമായും ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആചരിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിലും ആത്മീയതയിലും പശുക്കളുടെ വിശുദ്ധ പദവിയും അവ വഹിക്കുന്ന പങ്കിന്റെയും പ്രതീകമായി ഗോപാഷ്ടമി ഉത്സവം നിലകൊള്ളുന്നു.

ശ്രീകൃഷ്ണനെയും ഹിന്ദുപുരാണത്തിലെ പശുക്കളുടെ പ്രാധാന്യത്തെയും കുറിച്ചുള്ള കഥകൾ ഗോപാഷ്ടമി ദിനത്തിൽ സമുദായത്തിലെ മുതിർന്ന അംഗങ്ങൾ യുവ തലമുറകൾക്ക് പങ്കിടുന്നുവെന്നത് ഈ ഉത്സവത്തിന്റെ പ്രാധാന്യത്തെ ബോധവൽക്കരിക്കുന്നതിനുതകുന്നു.

പശുക്കളെ ആരാധിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഐശ്വര്യവും, ആരോഗ്യവും, ആത്മീയ വികസനവും എന്നിവയാലുള്ള അനുഗ്രഹങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം.

ഏവർക്കും ഗോപാഷ്ടമി ആശംസകൾ 🙏

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments