സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊച്ചിയിൽ തിരിതെളിയും. ഒരാഴ്ച നീണ്ടുനില്ക്കുന്ന 66ാമത് കായിക മാമാങ്കത്തിന് ഒരിടവേളയ്ക്കുശേഷം കൊച്ചി സാക്ഷ്യംവഹിക്കുമ്പോൾ പുതുമകളും പ്രതീക്ഷകളും ഏറെയാണ്.
വിദേശ സ്കൂളുകളിലെ വിദ്യാര്ഥികളുടെ പങ്കാളിത്തം, ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക മത്സരം, ഒളിംപിക്സ് മാതൃകയില് അത്ലറ്റിക്സ് ഗെയിംസ് മത്സരങ്ങള്, ഏറ്റവും കൂടുതല് പോയിന്റ് നേടുന്ന റവന്യൂ ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി എന്നിവ ഇത്തവണത്തെ മീറ്റിന്റെ സവിശേഷതകളാണ്.
കായിക മേളയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്ര താരം മമ്മൂട്ടി നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിംപ്യൻ പി.ആർ ശ്രീജേഷും ചേർന്ന് ദീപശിഖ തെളിയിക്കുന്നതോടെ മേളയ്ക്ക് തുടക്കമാകും. എറണാകുളം ജില്ലയിലെ 17 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ കാൽ ലക്ഷത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.