വ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും കുടുങ്ങി ആളുകൾക്ക് പണം നഷ്ടമാകുന്നത് ഇപ്പോൾ സ്ഥിരം സംഭവമാണ്. ഇതിന് തടയിടാന്‍ പ്രത്യേക സംവിധാനമൊരുങ്ങുകയാണ്. സൈബർ പൊലീസാണ് ഈ പ്രത്യേക സംവിധാനമൊരുക്കുന്നത്. ഫോണ്‍ നമ്പരുകളും, വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് സാധാരണക്കാർക്ക് തന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബര്‍ വാള്‍ സംവിധാനമാണ് സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡിവിഷന്‍ തയ്യാറാക്കുന്നത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള ഒരു കമ്പനിയെ ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കാനായി തെരഞ്ഞെടുത്തുകഴിഞ്ഞു. ഫോണ്‍നമ്പരുകള്‍, സോഷ്യൽ മീഡിയ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ നിര്‍മിതബുദ്ധി സാങ്കേതികതയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് ഉറപ്പാക്കാനാകും.ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ സജ്ജമാക്കുക.
ഒരു കൊല്ലത്തിനിടയില്‍ ആപ്പ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും കേരള പൊലീസിന്റെ സൈബർ ഡിവിഷൻ വ്യക്തമാക്കി. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനായി സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയും ചില ഫോണ്‍നമ്പറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്.