ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റിൽ ഇഡി രാജ്യത്തെ ആദ്യ കുറ്റപത്രം സമർപ്പിച്ചത് ബെംഗളൂരുവിലെന്ന് റിപ്പോർട്ട്. ബെംഗളുരുവിലെ പിഎംഎൽഎ കോടതിയിലാണ് ഒക്ടോബർ 10-ന് ഇഡി കുറ്റപത്രം നൽകിയത്. രാജ്യത്തെമ്പാടും നിന്നായി 159 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ 8 പേർക്ക് എതിരെയാണ് കുറ്റപത്രം. ചരൺ രാജ് സി, കിരൺ എസ് കെ, ശശി കുമാർ എം, സച്ചിൻ എം, തമിളരസൻ, പ്രകാശ് ആർ, അജിത് ആർ, അരവിന്ദൻ എന്നിവരാണ് അറസ്റ്റിലായ എട്ട് പേർ.
ഐപിഒ അലോട്ട്മെന്റുകളിൽ നിന്നും സ്റ്റോക്ക് മാർക്കറ്റിൽ നിന്നും വൻ റിട്ടേൺ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നതാണ് ഇവർക്കെതിരെയുള്ള ഒരു കേസ്. ”പിഗ് ബുച്ചറിംഗ്” തട്ടിപ്പെന്നാണ് ഇതിനെ വിളിക്കുന്നത്. ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ ഇല്ലാക്കേസിന്റെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയത് രണ്ടാമത്തെ കേസ്. ഇവരുടെ പ്രവർത്തന രീതിയെക്കുറിച്ചും കുറ്റപത്രത്തിൽ ഇഡി വിശദീകരിച്ചിട്ടുണ്ട്. നൂറുകണക്കിന് സിം കാർഡുകളും വാട്സാപ്പ് ഗ്രൂപ്പുകളും കള്ളപ്പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചാണ് ഇവർ പ്രവർത്തിച്ചത്.
കോ-വർക്കിംഗ് സ്പേസുകളിൽ രജിസ്റ്റർ ചെയ്ത ഇല്ലാക്കമ്പനികളുടെ പേരിലാണ് ബാങ്ക് അക്കൗണ്ടുകളെടുത്തത്. പണം കൈമാറ്റം അനധികൃമായി കാണിച്ചാണ് രജിസ്ട്രാർ ഓഫ് കമ്പനീസിൽ കടലാസ് കമ്പനികൾ റജിസ്റ്റർ ചെയ്തത്. തട്ടിപ്പിലൂടെ കിട്ടിയ പണം ഉടൻ ക്രിപ്റ്റോ കറൻസിയായി മാറ്റി വിദേശത്തേക്ക് കടത്തി. തമിഴ്നാട്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലായി 24 തട്ടിപ്പ് കമ്പനികൾ ഇത് പോലെ രൂപീകരിച്ചു.
ഇവർക്ക് ഹോങ്കോങ്, തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സഹായം കിട്ടിയിരുന്നെന്ന് ഇഡി കുറ്റപത്രത്തിൽ
സൈബർ ഫോറസ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഡ്രീംനോവ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിലായിരുന്നു പ്രധാനമായും തട്ടിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിലൂടെ ഡിജിറ്റൽ അറസ്റ്റിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.