ഒറ്റ ദിവസം കൊണ്ട് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം ലക്കി ഭാസ്‌ക്കർ കേരളത്തിലെ തീയറ്ററുകളിൽ നിന്ന് മാത്രം നേടിയത് രണ്ടരക്കോടി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും തീയറ്ററുകളിലേക്ക് എത്തുമ്പോൾ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ് ആരാധകർ.
ചിത്രം കേരളത്തിൽ ആദ്യദിനം 175 സ്‌ക്രീനുകളിലാണ് പ്രദർശനത്തിന് എത്തിയത്. എന്നാൽ രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തി. 12.70 കോടിയാണ് ചിത്രത്തിന്റെ ഒറ്റദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ. വേഫെറർ ഫിലിംസാണ് കേരളത്തിലും ഗൾഫിലും സിനിമ പ്രദർശനത്തിന് എത്തിച്ചത്. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ.ദുൽഖർ സൽമാനൊപ്പം മീനാക്ഷി ചൗധരിയും ചിത്രത്തിൽ പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ 1980 ലാണ് കഥ നടക്കുന്നത്.
ആ കാലഘട്ടത്തിലെ ബോംബെ നഗരം അതേപടി പകർത്തിവെച്ചിട്ടുണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഇന്ത്യന്‍ ഓഹരി വിപണിയേയും ബാങ്കിംഗ് മേഖലയേയും പിടിച്ചു കുലുക്കിയ ഹര്‍ഷദ് മേത്ത നടത്തിയ ഓഹരി കുംഭകോണത്തെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഭാസ്‌ക്കർ കുമാറെന്ന ആറായിരം രൂപ ശമ്പളക്കാരനായ ബാങ്ക് ഉഗ്യോഗസ്ഥനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.
സിതാര എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്നാണ് ലക്കി ഭാസ്‌ക്കര്‍ നിര്‍മിച്ചത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.