ഉത്തരാഖണ്ഡിലെ രാംനഗറിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രദേശത്ത് എച്ച്ഐവി കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ഒരു കൂട്ടം യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു.
പിന്നാലെ നടത്തിയ പരിശോധനയിൽ ചികിത്സ തേടിയെത്തിയ യുവാക്കൾ എച്ച്ഐവി ബാധിതരാണെന്ന് കണ്ടെത്തി. യുവാക്കളെ കൗൺസിലിങ്ങിന് വിധേയമാക്കിയതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. 17 കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടവരാണ് രോഗം സ്ഥിരീകരിച്ച എല്ലാ യുവാക്കളും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടി ഹെറോയിന് അടിമയായിരുന്നു എന്നാണ് റിപ്പോർട്ട്.
ലഹരിയോടുള്ള ആസക്തി മൂലം കൂടുതൽ പണം കണ്ടെത്തുന്നതിനായി രോഗവിവരമറിയാതെ പെണ്‍കുട്ടി യുവാക്കളുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെടുകയായിരുന്നു. നിലവിൽ നൈനിറ്റാൾ ജില്ലയിലും എച്ച്ഐവി ബാധിതരുടെ എണ്ണം ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാംനഗറിലാണ് ഏറ്റവും കൂടുതൽ എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 17 മാസത്തിനിടെ പ്രദേശത്തെ 45 പേർ എച്ച്‌ഐവി പോസറ്റീവായി.
കൂടാതെ 2024 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 19 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 30 പുരുഷന്മാരും 15 സ്ത്രീകളും ഉൾപ്പെടുന്നു. നിലവിലെ അന്വേഷണത്തിൽ, രോഗബാധിതരിൽ ചിലർ വിവാഹിതരാണെന്നും കണ്ടെത്തി. അതിനാൽ രോഗം അവരുടെ പങ്കാളികളിലേക്കും പടരാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം എച്ച്ഐവിയും എയ്ഡ്സും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. എച്ച്‌ഐവി എന്നത് ഒരു വൈറസും എയ്ഡ്‌സ് എന്നത് ഒരു രോഗാവസ്ഥയുമാണ്. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) ആണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോമിലേക്ക് (എയ്ഡ്സ്) നയിക്കുന്നത്. എച്ച്ഐവി പോസിറ്റീവ് ആയിരിക്കുന്നത് അണുബാധയെയാണ് സൂചിപ്പിക്കുന്നത്.
എന്നാൽ ഇത് ഒരു വ്യക്തിക്ക് എയ്ഡ്‌സ് ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. ശരിയായ ചികിത്സയിലൂടെ എച്ച്ഐവിയെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. ഇപ്പോൾ രോഗികളുടെ വ്യക്തിവിവരങ്ങൾ പുറത്തുപോകാതിരിക്കാനായി പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. ആരോഗ്യവകുപ്പ് രോഗബാധിതർക്ക് സൗജന്യ ചികിത്സ നൽകുന്നുണ്ട്.