Saturday, November 23, 2024
Homeഅമേരിക്കകേരളപ്പിറവി ആശംസകൾ

കേരളപ്പിറവി ആശംസകൾ

ലൗലി ബാബു തെക്കെത്തല

കേരള പിറവി, 1956 നവംബർ 1-ന് കേരളം രൂപവത്കരിച്ച ദിനം ആണ്. ഈ ദിനം കേരളത്തിന്റെ ഭാഷ മാത്രമല്ല, സാംസ്‌കാരിക ഐക്യവും പിറവിയാക്കുന്ന ഒരു ദിവസം കൂടിയാണ്. മലയാളം ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്ത് കേരളം രൂപീകരിക്കുകയായിരുന്നു. ഓരോ വർഷവും ഈ ദിനം സംസ്ഥാനത്തിൽ വലിയ ആവേശത്തോടെ ആഘോഷിക്കുന്നു.

കേരള സംസ്ഥാനം ദൈവത്തിന്റെ സ്വന്തം നാട്, മാദകമായ ഹരിത ഭംഗിയാൽ ലോകത്തിന്റെ തന്നെ മനം കവർന്നെടുക്കാൻ മാത്രം അത്ര സുന്ദരമായ നാട്. പ്രായോഗിക ബുദ്ധിയാൽ എവിടെയും ഔന്നത്യങ്ങൾ എത്തിപിടിക്കുന്ന മലയാളികളുടെ സ്വന്തം നാട്…

ഇന്ന്‌ നമ്മുടെ പ്രായോഗിക ബുദ്ധിയുടെ അധികരണം എന്ന് വേണമെങ്കിൽ പറയാം നമ്മുടെ ഇന്നത്തെ രാഷ്ട്രീയത്തോടുള്ള സമീപനം. അതിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോടുള്ള ചായ്‌വ് ദീപ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം ആനുകൂല്യം എന്ന രീതിയിൽ മാത്രം വളർന്ന് വന്ന ഒന്നാണെന്നേ പറയാൻ കഴിയൂ..പണ്ട് മത്സരിക്കുന്ന സ്ഥാനാർഥിയുടെ ഗുണങ്ങൾ നോക്കി അവരുടെ നയിക്കാനുള്ള കഴിവും ഭരണ പാടവവും നോക്കി വോട്ട് ചെയ്ത് ജയിപ്പിച്ചിരുന്ന നമ്മൾ ഒരു നാടിന്റെ ഉയർച്ച എന്നതിനപ്പുറം എന്റെ ഉയർച്ച എന്ന ചിന്തയിൽ രാഷ്ട്രീയം നമ്മുടെ സ്വന്തം താല്പര്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്ന ഇടങ്ങളിൽ ചുരുങ്ങി പോയി.

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ കുറ്റം പറയുമ്പോൾ ഒരു കാലത്ത് രാഷ്ട്രവും രാഷ്ട്രീയ പാർട്ടിയും ഒന്നാണെന്നു തോന്നിപ്പിക്കുന്ന രീതിയിൽ ഭരണം നടത്തിയ കോൺഗ്രസ്‌ എന്ന ഇന്നത്തെ തമ്മിലടിക്കുന്ന പ്രസ്ഥാനത്തെ ജനം അത്ര വെറുത്തത് കൊണ്ടുമായിരിക്കും കമ്മ്യൂണിസത്തിനു പ്രസക്തിയേറിയത്. എന്നാൽ ഇന്ന് നവീൻ ബാബു എന്ന കണ്ണൂരിൽ ADM ആയിരുന്ന കമ്മ്യൂണിസ്റ്റ്‌കാരനെ അതേ പാർട്ടിക്കാരിയായ പി പി ദിവ്യ എന്ന കമ്മ്യൂണിസ്റ്റ്‌ക്കാരി വാക്കുകൾ കൊണ്ട് തേജോവധം ചെയ്ത് ജീവനെടുത്തപ്പോൾ നമുക്ക് മനസ്സിലാവുന്നുണ്ട് കമ്മ്യൂണിസ്റ്റ്‌ ആയത് കൊണ്ട് മാത്രം സംരക്ഷിക്കപ്പെടുകയില്ല അവിടെയും കയ്യൂക്ക് തന്നെയാണ് കാര്യക്കാരൻ.

മയക്കുമരുന്നിലും ലഹരികളിലും മയങ്ങിയ കേരളത്തിലെ യുവത്വം, മതങ്ങളെയും ദൈവങ്ങളെയും നിഷേധിക്കുന്ന ഇന്നത്തെ തലമുറയിൽ സ്വന്തം കർമ്മത്തിലും ധർമ്മത്തിലും സത്യസന്ധത പുലർത്തുന്ന ചെറിയ ഒരു കൂട്ടം ഇപ്പോഴും നിലനിൽക്കുന്നത് ആശ്വാസം പകരുന്നു. ഈ ജീവിതം ഹൃസ്വം എങ്കിലും അതിനപ്പുറം ആത്മീയതയും അലൗകികതയും ഉണ്ടെന്ന് വിശ്വസിക്കുന്ന യുവജനങ്ങൾ ഇന്ന് ഏറി വരുന്നുണ്ട്. കർമ്മവും കർമ്മ ഫലവും മരണം വരെയേ ഉള്ളു എന്ന ചിന്തയിൽ നിന്നും മാറി മരണം ഒന്നിന്റെയും അവസാനമല്ല അത് ജീവിതത്തിലെ ഒരു ഘട്ടം മാത്രം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഏറി വരുന്നത് സന്തോഷം നൽകുന്നുണ്ട്. ആത്മീയമായ അഭിവൃദ്ധിയിൽ നിന്നുമാണ് ബൗദ്ധികമായ അഭിവൃദ്ധി കൈവശമാകുന്നത്.

ഇന്നത്തെ ദിനത്തിന്റെ പ്രാധാന്യം കേരളപ്പിറവി ആയതിനാൽ കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളുടെ ലഘുവിവരണം താഴെ ചേർക്കുന്നു

🌻കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ

കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളമാണ്
*മലയാളമേ മലയാളമേ
മലകളും പുഴകളും മണിപ്രവാളങ്ങളും
മനസ്സിനെ രസിപ്പിക്കും മലയാളമേ നിന്റെ
തിരുമുൻപിലുണരുന്ന ഹൃദയവുമായ് വരും
ഒരു കൊച്ചു പാട്ടുകാരൻ -ഞാനൊരു മലയാളിപ്പാട്ടുകാരൻ
ഇവിടെ യുഗങ്ങൾ മനുഷ്യന്റെ മുന്നിൽ
സാഷ്ടാംഗം നമസ്കരിച്ചിരുന്നു
ജനകോടികൾതൻ കമനിയിൽ എന്നും
അദ്ധ്വാനം കുടിയേറിയിരുന്നു
മരുഭൂമികളെ മലർവനമാക്കും
ആവേശം സൃഷ്ടിച്ച മലയാളമേ
ജനിച്ചാൽ നിന്റെ മണ്ണിൽ ജനിക്കണം
ശ്വസിച്ചാൽ നിന്റെ തെന്നൽ ശ്വസിക്കണം
ഇതിലേ പായും പറവകളെല്ലാം
ഇതിഹാസം ഉരുക്കഴിച്ചിരുന്നു
ഇതു വഴിയൊഴുകും അരുവികൾ പോലും
വേദാന്തം ഉരിയാടിയിരുന്നു
ശ്രീശങ്കരനും രാമാനുജനും
സായൂജ്യം പ്രാപിച്ച മലയാളമേ
വളർന്നാൽ നിന്റെ മടിയിൽ വളരണം
പഠിച്ചാൽ നിന്റെ കഥകൾ പഠിക്കണം
മലയാളമേ*..ബിച്ചു തിരുമലയുടെ ഈ വരികൾ ഈ സന്ദർഭത്തിൽ ഓർത്തു പോകുന്നു.

കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക മുദ്ര അശോകസ്തംഭത്തിന് ഇരുവശവുമായി നിൽക്കുന്ന ആനകളാണ്.

കരയിലെ ഏറ്റവും വലിയ ജീവിയായ ആനയാണ്‌ കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം . ഉത്സവമെന്ന് പറയുമ്പോള്‍ മനസ്സില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ തെളിഞ്ഞുവരും. ആനകളുടെയും മഹാരാജാക്കന്മാരുടെയും നാടായിട്ടാണ് പണ്ട് വിദേശികള്‍ ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നത്. ഉത്സവങ്ങളിലെ പ്രധാന ആകര്‍ഷണം ലക്ഷണമൊത്ത ആനകളാണ് . പണ്ട് ആനകള്‍ സമ്പത്തിന്റെയും അന്തസ്സിന്റെയും അടയാളമായിരുന്നു. ഇന്ന് വില കൂടിയ കാറുകള്‍ വാങ്ങി വീടിന്റെ മുന്‍വശത്ത് ഇടുന്നതുപോലെയാണ് തറവാടുകളില്‍ പണ്ട് ആനകളെ കെട്ടി പരിപാലിച്ചിരുന്നത്.

കേരളസംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് മലമുഴക്കി വേഴാമ്പൽ. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.പല വൃക്ഷങ്ങളുടേയും വിത്തുകൾ വിതരണം ചെയ്യുന്നതുകൊണ്ട് ”’ കാട്ടിലെ കർഷകൻ”’ എന്ന പേരുണ്ട്

കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുടെ മനോഹാരിത കണി കണ്ട് കൊണ്ടാണ് കേരളീയര്‍ കാര്‍ഷിക വര്‍ഷ പിറവി ദിനമായ വിഷു ആഘോഷിക്കുന്നത്. മീനച്ചൂടില്‍ ഉരുകിയ മണ്ണിലെ സ്വര്‍ണ്ണത്തെ സ്വാംശീകരിച്ച് കണികൊന്ന പൂക്കളായി അവതരിപ്പിക്കുന്നതിലാണ് കൊന്നപ്പൂവിന് ആ വര്‍ണ്ണം ഉണ്ടായതെന്നാണ് പറയപ്പെടുന്നത്.സ്വര്‍ണ്ണ വര്‍ണ്ണ പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഔഷധമരം മനസ്സിന് സന്തോഷവും ആനന്ദവും നല്‍കുന്നതിനോടൊപ്പം വസന്തത്തിന്റെ ലഹരി കൂടിയാണ്. കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്.

കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷമാണ് തെങ്ങ്. തേങ്ങയുണ്ടാകുന്ന മരം തെങ്ങ് എന്ന് വിളിക്കപ്പെട്ടു.. തേങ്ങ കേരളത്തിനു തെക്കുള്ള ദ്വീപുകളിൽ നിന്ന് വന്നതാവാം എന്ന നിഗമനത്തിലാണ്‌ തെക്കുനിന്ന് വന്ന കായ് എന്നു പറയാൻ തുടങ്ങിയത്. നാളികേരം എന്നത് നാരുള്ള ഫലം എന്നതിന്റെ പാലി സമാനപദത്തിൽ നിന്നുമുണ്ടായതാണെന്നും വാദമുണ്ട്. കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിലാണ്‌ തെങ്ങ് കൂടുതലായും വളർന്നിരുന്നത്.

കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. സമതല പ്രദേശങ്ങളിലാണ് ഇതു സാധാരണ കാണപ്പെടുന്നത്. ഏറ്റവും വലിയ കായ്ഫലം ചക്കയാണ്‌. ചക്കയെ കുറിച്ചുള്ള ചിലപ്പഴഞ്ചോല്ലുകൾ ഓർക്കാം
*വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
ഒരു ചക്കവീണ് മുയൽ ചത്തെന്നുകരുതി എല്ലാ ചക്ക വീഴുമ്പൊഴും മുയൽ ചാകണമെന്നില്ല.
ഗ്രഹണി പിടിച്ചവർക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെ.
അഴകുള്ള ചക്കയിൽ ചുളയില്ല.
ചക്കകൊണ്ട് തന്നെ ചുക്കുവെള്ളം.*

കേരളത്തിൽ ഏറ്റവും വിശിഷ്ടമായ മീൻ കരിമീൻ തന്നെയാണ്, കേരളത്തിന്റെ സംസ്ഥാന ഔദ്യോഗിക മത്സ്യം. കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് കരിമീനിനെ കേരള സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത് കരിമീനിനെ കുറിച്ച് പറയുമ്പോൾ നമ്മൾ മനുഷ്യർ അറിയേണ്ട ഒരു കാര്യം കൂടെയുണ്ട് ഒരു ഇണയെ നഷ്ടപ്പെട്ടാൽ ഇണയെ നഷ്ട്ടപെടുന്ന മീൻ ഇതിന്റെ ജീവിതത്തിൽ മറ്റൊരു ഇണയെ സ്വീകരിക്കില്ല.

കേരളത്തിന്റെ ഔദ്യോഗിക പാനീയമാണ് ഇളനീർ. 2012-ൽ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇളനീർ ഔദ്യോഗിക പാനീയമായി പ്രഖ്യാപനം നടത്തിയത്. നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിലാണ് അതിനെ ഇളനീർ അല്ലെങ്കിൽ കരിക്ക് എന്ന് പറയുന്നത്. ഇത് ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണ്

കേരളത്തിന്റെ ഔദ്യോഗിക ചിത്ര ശലഭം ബുദ്ധ മയൂരിയാണ്‌. മയിലിന്റെ വർണ്ണം ഉള്ളതിനാലാണ് ഇവയെ മയൂരി എന്ന് നാമകരണം ചെയ്തിരിയ്ക്കുന്നത്. 2018 നവംബർ 12ന് സംസ്ഥാന ചിത്രശലഭം എന്ന പദവി ബുദ്ധമയൂരിക്ക് ലഭിക്കുകയുണ്ടായി. അഴകിനു പേരുകേട്ട ഇവയുടെ ചിറകുകൾക്ക് വിദേശരാജ്യങ്ങളിൽ വലിയ മതിപ്പാണ്. അലങ്കാരത്തിനായും ഇവയെ പിടിച്ചുവെയ്ക്കുന്നു. വനാന്തരങ്ങൾ നശിയ്ക്കുന്നതും ഇവയ്ക്കൊരു ഭീഷണി ആണ്.

🌻കേരളമെന്നാൽ കാടിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല

ഇന്ത്യയുടെ തെക്കുപടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനമാണ്‌ കേരളം. അറബിക്കടലിനും സഹ്യപര്‍വതത്തിനും ഇടയിലായി കിടക്കുന്ന ഈ ഭൂപ്രദേശത്തിന്‌ 38863 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുണ്ട്‌. മലയാളം മാതൃഭാഷയായിട്ടുള്ള കേരളം ദക്ഷിണേന്ത്യയെന്നു വിളിക്കപ്പെടുന്ന ഭാഷാ -സാംസ്‌കാരിക മേഖലയിലെ നാലു സംസ്ഥാനങ്ങളില്‍ ഒന്നാണ്‌. തമിഴ്‌നാടും കര്‍ണ്ണാടകവുമാണ്‌ കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങള്‍. പോണ്ടിച്ചേരി (പുതുച്ചേരി) യുടെ ഭാഗമായ മയ്യഴി (മാഹി / Mahe) കേരളത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്‌ അറബിക്കടലിലുള്ള ലക്ഷദ്വീപുകള്‍ കേന്ദ്രഭരണപ്രദേശമാണെങ്കിലും ഭാഷാപരമായും സാംസ്‌കാരികമായും കേരളത്തോട്‌ അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ്‌ വിവിധ രാജാക്കന്മാര്‍ക്കു കീഴിലുള്ള നാട്ടുരാജ്യങ്ങളായിരുന്നു കേരളം. 1949 ജൂലൈ ഒന്നിന്‌ തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍ ചേര്‍ത്ത്‌ തിരു-കൊച്ചി സംസ്ഥാനം രൂപവത്‌കരിച്ചു. ബ്രിട്ടീഷ്‌ ഭരണത്തിനു കീഴില്‍ മദ്രാസ്‌ സംസ്ഥാനത്തെ (ഇന്നത്തെ തമിഴ്‌നാട്‌) ഒരു ജില്ലയായിരുന്ന മലബാര്‍ പിന്നീട്‌ തിരു-കൊച്ചിയോടു ചേര്‍ത്തതോടെ 1956 നവംബര്‍ ഒന്നിന്‌ ഇന്നത്തെ കേരള സംസ്ഥാനം നിലവില്‍ വന്നു. മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഐക്യകേരളം.

68 മത്തെ ജന്മദിനം ആഘോഷിക്കുന്ന ഏറെ പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചു മുന്നേറുന്ന കേരളത്തിന്‌ ജന്മ ദിന ആശംസകൾ

ലൗലി ബാബു തെക്കെത്തല ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments