Thursday, November 21, 2024
Homeസ്പെഷ്യൽവാക്കിന്റെ രാജപാത ' കുശലം ' (21) ✍ സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത ‘ കുശലം ‘ (21) ✍ സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

‘ കുശലം ‘

‘കുശലം ചോദിച്ചു തുടങ്ങീടിൽ എല്ലാം നന്നായ് ഭവിച്ചിടും ‘

എന്നു പറയാറുണ്ട്. നല്ല തുടക്കത്തിന് കുശലം നല്ലതാണ്.അത് കുത്സിതങ്ങൾ അഥവാ നിന്ദിതമായ കാര്യങ്ങൾ അകറ്റി മംഗളമാക്കും.

ഭാഷ ജീവിതവ്യാപാരങ്ങൾ കാര്യക്ഷമതയോടെ നിർവ്വഹിക്കാൻ സഹായിക്കുന്നു. മനുഷ്യനു മാത്രം സിദ്ധിച്ചിട്ടുള്ള ചിരി പരത്തി അപരരെ മാനിച്ച് തുടങ്ങുന്ന കൂടിക്കാഴ്ചകൾ ശുഭപര്യവസായികളായിത്തീരും.

“സംബന്ധമാഭാഷണ പൂർവ്വമാഹു” എന്ന് ദേവവാണിയുണ്ട്. സംഭാഷണത്തിലൂടെയാണ് ബന്ധം തുടങ്ങുന്നത്. സംഭാഷണത്തിൽ കയറിപ്പറയലും ഏറെപ്പറയലും കുത്സിതപ്പയറ്റുമൊക്കെ പ്രശ്ന സങ്കീർണ്ണതകൾ സൃഷ്ടിക്കും.

” കണ്ണുനീർ തന്നെ കുശലം വിചാരിച്ചു”
എന്ന രാമായണ സന്ദർഭം ആസ്വാദകർ മറക്കാനിടയില്ല.

” സീതാദേവിയെ കണ്ടെത്തിയാൽ ആദ്യം പറയേണ്ടതെന്ത് എന്നു ഹനുമാൻ ചോദിച്ചപ്പോൾ ‘കുശലം ചോദിക്കുക ‘എന്ന് രാമൻ പറഞ്ഞതായി ഒരു വായനയോർമ്മ !

പാണൻ

പാൺ/പൺ പാടുന്നവൻ,സ്തുതി പാടുന്നവൻ പാണൻ.

നാട്ടുസ്മൃതികൾ പാടിയിരുന്ന പാണന് വംശനാശം വന്നിരിക്കുന്നു.പഴമ്പാട്ട് പാടിയിരുന്ന പാണനെ പഴഞ്ചനാക്കി തള്ളി.വടക്കൻ പാട്ടിലെ പാണൻ ആരോമൽ ചേകവർ അങ്കം വെട്ടിയ വീര കഥ തോറ്റിപ്പാടിയിരുന്നു.

“മേലൂരും കീഴൂരും രണ്ടു വീട്
മൂത്തമ്മയിളയമ്മ പെറ്റ മക്കൾ
(ഉണിക്കോനാരും ഉണിച്ചന്ദ്രോരും)
അമ്മാവൻ വീണു മരിച്ച ശേഷം
കൊള്ളിത്തലയ്ക്കൽ ബലിയും ചൊല്ലി
അമ്മാവനാണ്ടങ്ങു വീട്ട്യ ശേഷം
മൂപ്പോടിളമ വഴക്കുണ്ടായി ” വഴക്കു വളർന്നു നാടുവാഴിയുടെ സവിധത്തിലെത്തി.

” അങ്കം വെട്ടി തീരുമാനിക്കിൻ ”
എന്നു നാടുവാഴി.

തുടർന്ന് ഒരാൾ ആരോമൽ ചേകവരേയും രണ്ടാമത്തെയാൾ അരിങ്ങോടരേയും കാണുന്നതും ആരോമൽ ചേകവർക്ക് തുണയായി മച്ചുനൻ ചന്തു പോകുന്നതും ചതി പ്രയോഗങ്ങളെ അതിജീവിച്ച് മുറിച്ചുരിക കൊണ്ട് അരിങ്ങോടരെ വധിച്ച് അങ്കം ജയിച്ചെങ്കിലും ചന്തു ചതിച്ചു കൊല്ലുന്നതും ആരോമൽ ചേകവരുടെ ജഡം ‘പച്ചോലേൽ കെട്ടി വലിച്ചു കൊണ്ടു വന്നതു’മായ നാടകീയതകൾ മനസ്സിൽ നിന്ന് ഉറന്നൊഴുകി തൊണ്ട പൊട്ടി പാടിയിരുന്ന പാണനെവിടെ ? നാടിൻ നന്മകൾ തുടി കൊട്ടി പാടിയിരുന്ന പാണൻ മറഞ്ഞപ്പോൾ മുതൽ മലയാളികളുടെ ചുണ്ടിൽ നിന്ന് പാട്ടും പറന്നു പോയി.

പാണന്മാർ ഉണ്ടായിരുന്നങ്കിൽ ,ഇന്നു നടക്കുന്ന യുദ്ധങ്ങൾ രക്തബന്ധം മറന്ന, ഊറ്റത്തോടെയുള്ള മൂപ്പിള തർക്കങ്ങൾ മൂർച്ഛിച്ച് യുദ്ധവെറിയായ് പടർന്ന സമകാലിക ദുരന്തം പാടി ഉണർത്തിയേനെ!!!

മയക്കു മരുന്ന്.

അർത്ഥം അറിയാത്ത വരില്ല!

സുശ്രുതൻ വേദന കൂടാതെ സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തിയിരുന്നു.അതൊക്കെ പണ്ട്.

ഇന്ന്
ഭാരതമഹിമകൾ ഹാ! നഷ്ട സ്വപ്നങ്ങൾ!!

കഞ്ചാവും ചരസ്സുമൊക്കെ പ്രാചീന കാലത്ത് വേദനാസംഹാരികളായി ഇവിടെ ഉപയോഗിച്ചിരുന്നു.

ഓപ്പിയം യുദ്ധങ്ങൾ എത്ര നടന്നില്ല !!!

പടിഞ്ഞാറിന്റെ വേദനകൾ മന്ത്രവാദത്തിലൂടെ മാറ്റിയ ഇരുണ്ട കാലമുണ്ടായിരുന്നു. പ്രസവ വേദന മാറാൻ സാക്ഷാൽ യൂറോപ്പിൽ കന്യകയുടെ മുടി വെട്ടി പൊടിയാക്കിയോ ഉറുമ്പുകളെ ഉണക്കിപ്പൊടിച്ചോ പാലിൽ കലക്കി കൊടുത്തിരുന്നു.

അപകടങ്ങളിലും മറ്റും പെടുന്നവരുടെ വേദന കണ്ടറിഞ്ഞ് നീണ്ട പരീക്ഷണങ്ങളിലൂടെ സിംസൺ എന്ന ശാസ്ത്രജ്ഞൻ ക്ലോറോഫോം കണ്ടു പിടിച്ചു!
പുരോഹിത വർഗ്ഗം ഗർജിച്ചു ,

” ഇത് സാത്താൻെറ പാഷാണമാണ്, ഉപയോഗിക്കരുത്”

സിംസൺ എന്ന മനുഷ്യ സ്നേഹി നിരാശതയുടെ പടുകുഴിയിൽ വീണു പോയി.

ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വേണമല്ലോ!!

സിംസൺ ഉയിർത്തെഴുന്നേല്ക്കുക തന്നെ ചെയ്തു.

മയക്കു വിദ്യ ആദ്യം പ്രയോഗിച്ചത് ദൈവമാണെന്ന് സധൈര്യം സിംസൺ വാദിച്ചു. ആദത്തെ മയക്കി കിടത്തി വാരിയെല്ലൂരിയിട്ടാണ് ഹവ്വയെ സൃഷ്ടിച്ചതെന്ന യുക്തിശരം പല വായ്കളെയും അടപ്പിച്ചു !!

പാഷാണത്തിന് ‘കല്ല് ‘എന്ന നാനാർത്ഥവുമുണ്ടെന്ന വാൽക്കുറി കൂടി നൽകട്ടെ…

സരസൻ എടവനക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments