Sunday, November 24, 2024
Homeകേരളം'ശിക്ഷാവിധിയിൽ തൃപ്തിയില്ല, ഇവര് പുറത്തിറങ്ങിയാൽ എന്നേം എന്റെ വീട്ടുകാരേം കൊല്ലും'- അനീഷിന്റെ കുടുംബം.

‘ശിക്ഷാവിധിയിൽ തൃപ്തിയില്ല, ഇവര് പുറത്തിറങ്ങിയാൽ എന്നേം എന്റെ വീട്ടുകാരേം കൊല്ലും’- അനീഷിന്റെ കുടുംബം.

പാലക്കാട്: ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായില്ല. തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധിയിൽ തൃപ്തിയില്ലെന്ന്‌ അനീഷിന്റെ കുടുംബം.ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളൊന്നും വിധിയിലില്ല. അപ്പീലിന് പോകുമെന്നും കുടുംബം കൂട്ടിച്ചേർത്തു.

‘എന്നേയും കൊല്ലും എന്ന ഭീഷണി ഒക്കെ ഉണ്ടായിരുന്നു. പ്രതികൾക്കെതിരായി മൊഴി നൽകരുത് എന്നാവശ്യപ്പെട്ട് അവിടന്ന് വീട്ടുകാർ ആൾക്കാരെ പറഞ്ഞയച്ചിരുന്നു. ബന്ധുക്കളുമായി ബന്ധപ്പെട്ട ആളുകളായിരുന്നു അവർ’- വിധിക്കുപിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച അനീഷിന്റെ ഭാര്യ ഹരിത പറഞ്ഞു.’ഇനിയും എന്റെ വീട്ടുകാർക്ക് ജീവിക്കണ്ടേ. പേടിച്ച് പേടിച്ച് എത്രകാലം ഇനിയും ജീവിക്കും. ഞങ്ങൾക്ക് ജീവിക്കണ്ടേ. നല്ല പേടിയുണ്ട്. ഇവര് പുറത്തിറങ്ങിയാൽ എന്നേം കൊല്ലും അനീഷേട്ടന്റെ വീട്ടുകാരേയും കൊല്ലും.

തെറ്റ് ചെയ്തിട്ടും തെറ്റ് ചെയ്തില്ല എന്ന് പറഞ്ഞ് ചിരിച്ചിട്ടാണ് പോകുന്നത്. ഞങ്ങൾ ചെയ്തത് എന്താണ് എന്ന് തിങ്കളാഴ്ച അറിയും എന്ന് പറഞ്ഞിട്ടാണ് പോയത്.നാലു കൊല്ലമായി നടന്നു കൊണ്ടിരിക്കുന്നത്’- മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞു കൊണ്ട് ഹരിത ചോദിച്ചു. വിധികേട്ട ശേഷവും പ്രതികൾക്ക് യാതൊരുവിധത്തിലുള്ള കൂസലും ഉണ്ടായിരുന്നില്ല.തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾക്കും കോടതി ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു.

2020 ഡിസംബർ 25ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ച തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ (27) വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജാതി പ്രശ്‌നം ഉയര്‍ത്തിയായിരുന്നു കൊലപാതകം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments