തിരുവനന്തപുരം: വാമനപുരം പാർക്ക് ജങ്ഷനിലാണ് അപകടം. റോഡ് മുറിച്ചുകടന്ന സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാനായി പോലീസ് പൈലറ്റ് ജീപ്പ് ബ്രേക്കിട്ടപ്പോഴാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.
വൈകിട്ട് ആറരയോടെയാണ് കൂട്ടിയിടി. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മുഖ്യമന്ത്രി. വാമനപുരം ജങ്ഷനിൽവെച്ച് സ്കൂട്ടർ യാത്രക്കാരി റോഡിൻ്റെ മധ്യഭാഗത്ത് വാഹനം നിർത്തിയ ശേഷം വലതുവശത്തേക്ക് തിരിക്കാൻ ഒരുങ്ങുമ്പോഴാണ് അപകടം.
സ്കൂട്ടർ യാത്രക്കാരി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതു കണ്ട മുഖ്യമന്ത്രിയുടെ പോലീസ് പൈലറ്റ് ജീപ്പ്, യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. ഇതോടെ ഒന്നിനു പിന്നാലെ ഒന്നായി വന്ന എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റയ്ക്ക് പിന്നിലേക്ക് മറ്റൊരു ഇന്നോവ ക്രിസ്റ്റയും അതിന് പിന്നിലേക്ക് പോലീസിൻ്റെ ബൊലേറോ ജീപ്പും അതിന് പിന്നിലേക്ക് മറ്റൊരു ബൊലേറോ ജീപ്പും അതിന് പിന്നിലേക്ക് ആംബുലൻസുമാണ് ഇടിച്ചത്.
മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ടായി. സംഭവത്തിൽ മുഖ്യമന്ത്രി സുരക്ഷിതനാണ്. കൂട്ടിയിടിക്ക് ശേഷം മുഖ്യമന്ത്രിയുടെ വാഹനം തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു. അതേസമയം അപകടത്തിന് ഇടയാക്കിയ സ്ത്രീ ആരാണെന്ന് വ്യക്തതയില്ല. ഇവർ അപകടമറിയാതെ ആറ്റിങ്ങൽ ഭാഗത്തേക്ക് സ്കൂട്ടർ ഓടിച്ചുപോയി. ഇവർ ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണ ആരംഭിച്ചിട്ടുണ്ട്. സ്കൂട്ടർ നമ്പർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.