Sunday, October 27, 2024
Homeഇന്ത്യടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം തുടങ്ങി: നടൻ വിജയ് വേദിയിൽ

ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം തുടങ്ങി: നടൻ വിജയ് വേദിയിൽ

വില്ലുപുരം: പതിനായിരക്കണക്കിന് പ്രവ‍ർത്തകരെയും ആരാധകരെയും സാക്ഷിയാക്കി നടൻ വിജയ്‍യുടെ രാഷ്ട്രീയ പാ‍ർട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിൻ്റെ ആദ്യ സംസ്ഥാന സമ്മേളനം തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ ആരംഭിച്ചു. പ്രവ‍ർത്തകർക്കും ആരാധകർക്കുമായി ഒരുക്കിയ ഇരിപ്പിടത്തിനിടയിൽ തയ്യാറാക്കിയ റാംപിലൂടെ നടന്ന് നടൻ വിജയ് പടുകൂറ്റൻ വേദിയിലേക്ക് എത്തി. ആരാധക‍ർ എറിഞ്ഞുനൽകിയ ഷാളുകൾ കഴുത്തിലിട്ടാണ് വിജയ് വേദിയിലേക്ക് എത്തിയത്.

സമ്മേളന വേദിയിലെത്തിയ വിജയ് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തിന് മുന്നിൽ പുഷ്പാ‍ർച്ചന നടത്തി. തുടർന്ന് 100 അടി ഉയരത്തിൽ തയ്യാറാക്കിയ കൊടിമരത്തിൽ ആരാധകരുടെ ആരവങ്ങൾക്കിടെ പാർട്ടി പതാക ഉയർത്തി. ടിവികെ ട്രഷറൽ വെങ്കട്ടരാമൻ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വിജയ്‍യും പ്രവർത്തകരും ഏറ്റുചൊല്ലി. സമ്മേളനത്തിൽ രണ്ടുലക്ഷത്തോളം പേ‍ർ പങ്കെടുക്കുമെന്നാണ് ടിവികെ ഭാരവാഹികൾ അറിയിച്ചത്. 50,000 പേർക്ക് ഇരിപ്പിടം തയ്യാറാക്കിയിട്ടുണ്ട്.

ചെന്നൈ – തിരുച്ചിറപ്പള്ളി ദേശീയപാതയ്ക്ക സമീപം 86 ഏക്കർ സ്ഥലത്താണ് സമ്മേളനം നടക്കുന്നത്. തമിഴ്നാടിൻ്റെ ഭരണസിരാകേന്ദ്രമായ സെൻ്റ് ജോർജ് കോട്ടയുടെ മാതൃകയിലാണ് വേദി. ഭരണഘടനാ ശിൽപി ഡോ. ബിആർ അംബേദ്കറിൻ്റെയും സാമൂഹ്യ പരിഷ്‌കർത്താവ് ഇവി രാമസ്വാമി പെരിയാറിൻ്റെയും പടുകൂറ്റൻ കട്ടൗട്ടുകൾക്കിടയിലാണ് വിജയ്‍യുടെ കട്ടൗട്ടും സ്ഥാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളായ വേലുനാച്ചിയാർ, അഞ്ജല അമ്മാൾ എന്നിവരുടെ കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. ‘എല്ലാവരും തുല്യരായി ജനിക്കുന്നു’ എന്ന പാ‍ർട്ടി മുദ്രാവാക്യം വേദിയിൽ ആലേഖനം ചെയ്തിട്ടുണ്ട്.

വിജയ്ക്ക് ആശംസകളുമായി തമിഴ് സിനിമാ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. വിജയ്‌യുടെ പുതിയ പാർട്ടിക്ക് ആശംസകൾ നേരുന്നതായി നടനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ കുറിച്ചു. പുതിയ യാത്ര ആരംഭിക്കുന്ന വിജയ് സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി ശിവകാർത്തികേയൻ കുറിച്ചു.

ടിവികെ സംസ്ഥാന സമ്മേളനത്തിന് വിജയാശംസ നേർന്ന വിജയ് സേതുപതി നേതാവ് വിജയ്സാറിനും അനുഭാവികൾക്കും അഭിനന്ദനങ്ങൾ നേരുന്നതായും അറിയിച്ചു. അവിശ്വസനീയമായ നാഴികക്കല്ലിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നാണ് ജയം രവിയുടെ പ്രതികരണം. സിനിമയിലെ ആവേശവും അർപ്പണബോധവും രാഷ്ട്രീയത്തിലും കൊണ്ടുവരണമെന്നും പുതിയ യാത്രയ്ക്ക് മികച്ച വിജയം നേരുന്നുവെന്നും ജയം രവി ആശംസിച്ചു. തമിഴ് സംവിധായകരടക്കം വിവിധ ചലച്ചിത്ര പ്രവ‍ർത്തകർ വിജയ്‍യ്ക്ക് ആശംസകൾ നേർന്നു.

അഭ്യൂഹങ്ങൾക്കൊടുവിൽ ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് ഓഗസ്റ്റ് 22ന് നടന്ന ചടങ്ങിലാണ് വിജയ് ടിവികെ പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയും ചേര്‍ന്നതാണ് പാർട്ടി പതാക. പതാകയുടെ നടുവിലായി രണ്ട് ആനകളും വാകപ്പൂവും ഉണ്ട്. ഇതൊരു പാര്‍ട്ടിക്കൊടി അല്ലെന്നും തമിഴ്നാടിന്‍റെ ഭാവി മാറ്റി മറിക്കുന്ന കൊടിയായാണെന്നും വിജയ് വ്യക്തമാക്കിയിരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments