ജനസംഖ്യ നിയന്ത്രിക്കുന്നതിനായി കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ നടപടി സ്വീകരിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍. ജനസംഖ്യാ വളര്‍ച്ച താത്കാലികമായി കുറയ്ക്കുന്നതിന് ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാൻ പ്രഖ്യാപിച്ചിരിക്കുകയാണ് കനേഡിയന്‍ ഫെഡറല്‍ സര്‍ക്കാര്‍. ഇതിന്റെ ഫലമായി 2025ലും 2026ലും ജനസംഖ്യയില്‍ കുറവ് സംഭവിക്കുമെന്നാണ് കരുതുന്നത്.
കുടിയേറ്റം മൂലം 1867 മുതല്‍ കാനഡയിലെ ജനസംഖ്യ ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 2025-2027 ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ 2025ലും 2026ലും ജനസംഖ്യയില്‍ 0.2 ശതമാനത്തിന്റെ ഇടിവുണ്ടാക്കുമെന്ന് കരുതുന്നതായി ഇമിഗ്രേഷന്‍, റെഫൂജീസ്, സിറ്റിസന്‍ഷിപ് കാനഡ പ്രസ്താവനയില്‍ അറിയിച്ചു. ഇതിനുശേഷം 2027 ജനസംഖ്യ 0.8 ശതമാനം വര്‍ധിക്കും.
ഈ പ്രവചനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം ഇമിഗ്രേഷന്‍ സ്ട്രീമുകളിലുടനീളം കുറഞ്ഞ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് കാരണമാകുമെന്ന് കരുതുന്നു. കൂടാതെ, ലെവല്‍ പ്ലാനില്‍ കാനഡയിലെ താത്കാലിക താമസക്കാര്‍ക്ക്, പ്രത്യേകിച്ച് അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്കും വിദേശത്തുനിന്നുള്ള തൊഴിലാളികള്‍ക്കും സ്ഥിരതാമസത്തിനുള്ള നിയന്ത്രണങ്ങളും ആദ്യമായി ഈ ലക്ഷ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കാനഡയിലെ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2024 ഏപ്രില്‍ 4.1 കോടിയായിരുന്നു കാനഡയിലെ ജനസംഖ്യ. 2023ലെ ജനസംഖ്യാ വളര്‍ച്ചയുടെ ഏതാണ്ട് 98 ശതമാനവും കുടിയേറ്റമാണ്. ഇതില്‍ 60 ശതമാനവും താത്കാലിക താമസക്കാരാണ്.
കാനഡയിലെ ഏറ്റവും വലിയ വിദേശ കമ്മ്യൂണിറ്റികളിൽ ഒന്ന് ഇന്ത്യൻ പ്രവാസികളാണ്.
മൊത്തം 4.1 കോടിയുള്ള കനേഡിയൻ ജനസംഖ്യയിൽ ഏകദേശം 14 ലക്ഷവും ഇന്ത്യക്കാരാണ്. 2021 ലെ സെൻസസ് പ്രകാരം ഏകദേശം 7,70,000 പേർ സിഖ് മതക്കാരാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കാനഡയിൽ ഏകദേശം 8 ലക്ഷം സിഖുകാർ താമസിക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗത്തിനും വോട്ടവകാശവും ഉണ്ട്.