മലയാളി മനസ്സ് ലെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ ആറാം ഭാഗത്തിലേയ്ക്ക് സ്വാഗതം 🙏🙏
ആധൂനിക കവിത്രയങ്ങളിൽ ദ്വിതീയനും മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്നു മഹാകവി ഉള്ളൂർ എസ് . പരമേശ്വരയ്യർ .
ഉള്ളൂർ എസ് . പരമേശ്വരയ്യർ (6️⃣)
(06/06/1877)- (15/06/1949)
‘മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ’ എന്ന പംക്തിയിലൂടെ ഇന്ന് അവതരിപ്പിക്കുന്ന നക്ഷത്രപ്പൂവ് മഹാകവി ഉള്ളൂർ എസ് . പരമേശ്വരയ്യർ നെ കുറിച്ചാണ് !
നമുക്കേവർക്കും പാഠ്യപുസ്തകങ്ങളിലൂടെ സുപരിചിതനായ മഹാകവി ഉള്ളൂർ 1877 ജൂൺ ആറാം തീയതി ചങ്ങനാശ്ശേരിക്കടുത്ത് പെരുന്നയിലെ താമരശ്ശേരി ചിദ്ര എന്ന സ്ഥലത്ത് ആണ് ജനിച്ചത് . പിതാവ് അധ്യാപകനും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ സുബ്രമണ്യ അയ്യരും മാതാവ് ചങ്ങനാശ്ശേരി സ്വദേശി ഭഗവതി അമ്മയുമാണ് .
അദ്ദേഹത്തിൻ്റെ ബാല്യകാലം പെരുന്നയിൽ തന്നെയാണ് ചെലവഴിച്ചത് . അച്ഛൻ്റെ അകാലമരണത്തെ തുടർന്ന് അമ്മയോടൊപ്പം അച്ഛൻ്റെ നാടായ ഉള്ളൂരിലേയ്ക്ക് താമസം മാറി . പിതാവിൻ്റെ മരണം പരമേശ്വരൻ്റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും , സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാവത്തിൻ്റെ പാതയിലെത്തിച്ചു .
തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ ചേർന്ന അദ്ദേഹം 1897 ൽ തത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി . അതിനുശേഷം തിരുവിതാംകൂറിൽ സർകാർ ഉദ്യോഗസ്ഥനായി ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും, മലയാളത്തിലും തമിഴിലും ബിരുദാനന്തര ബിരുദം നേടി !
തിരുവനന്തപുരം ടൗൺ സ്ക്കൂൾ അധ്യാപകൻ , ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ , തഹസീൽദാർ , മുൻസിഫ് , അസിസ്റ്റൻ്റ് സെക്രട്ടറി എന്നീ ഔദോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവിതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു . ചീഫ് സെക്രട്ടറിയുടെ താല്ക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട് .
കുട്ടിക്കാലം മുതൽ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ മലയാള സാഹിത്യത്തിലെ പ്രധാനപ്പെട്ട സ്മരണീയരായ ആധുനിക കവിത്രയത്തിലെ പ്രസിദ്ധനായ കവികളിൽ ഒരാളായി വിശേഷിക്കപ്പെടുന്നു . കഠിനസംസ്കൃത പദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിൻ്റെ രചന ശൈലി അക്കാലത്തെ അനുവാചകർക്കു പഥ്യമായിരുന്നു . അതു കൊണ്ടുതന്നെ അദ്ദേഹം ‘ഉജ്ജ്വല ശബ്ദാഢ്യൻ ‘ എന്ന പേരിലും അറിയപ്പെടുന്നു ! കേരളസാഹിത്യ ചരിത്രത്തിൻ്റെ കർത്താവെന്ന നിലയിലും അദ്ദേഹം പരിഗണിക്കപ്പെടുന്നു.
1937 ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവിപ്പട്ടം നല്കി . കൊച്ചി മഹാരാജാവ് ‘കവിതിലകൻ ‘ പട്ടവും , കാശിവിദ്യാപീഠം ‘സാഹിത്യഭൂഷൺ ‘ ബിരുദവും സമ്മാനിച്ചു .
പൗരാണികമുഹൂർത്തങ്ങൾ കാല്പനിക ഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയ ധർമ്മനീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്ന ചരിത്രമുഹൂർത്തങ്ങൾ അദ്ദേഹത്തിൻ്റെ കാവ്യഭാവനയ്ക്ക് ഉത്തേജനം നല്കി . പ്രധാനകാവ്യങ്ങൾ ഉമാകേരളം , കേരള സാഹിത്യ , പിംഗള , ഒരു മഴത്തുള്ളി ( കവിത ), തുമ്പപ്പൂവ് , കിരണാവലി , മണിമഞ്ജുഷ , പ്രേമസഗീതം അങ്ങനെ നീണ്ട നിര തന്നെയുണ്ട് !
അദ്ദേഹത്തിന് രണ്ട് പത്നിമാർ ഉണ്ടായിരുന്നു . അനന്തലക്ഷ്മി അമ്മാൾ ,
സുബ്ബമ്മാൾ എന്നിവർ ആയിരുന്നു .
1949 ജൂൺ 15 ന് അദ്ദേഹം നിര്യാതനായി . നൂറ്റാണുകൾ കടന്നുപോയിട്ടും ഉജ്ജ്വലമായ രചനകളിലൂടെ അദ്ദേഹം ഇന്നും മലയാളികളുടെ മനസ്സിൽ അനശ്വരമായി നിലകൊള്ളുന്നു 🙏🌹
അടുത്ത ലക്കം വീണ്ടും കാണാം ❣️