Saturday, November 23, 2024
Homeസ്പെഷ്യൽപ്രശസ്ത സാഹിത്യകാരനായ ബെന്യാമിനും, അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ ആടുജീവിതം എന്ന കൃതിയുടേയും ദാർശനീകത. ✍...

പ്രശസ്ത സാഹിത്യകാരനായ ബെന്യാമിനും, അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ ആടുജീവിതം എന്ന കൃതിയുടേയും ദാർശനീകത. ✍ ശ്യാമള ഹരിദാസ്.

ശ്യാമള ഹരിദാസ്.

നോവൽ സാഹിത്യത്തിന്‌ ആധുനികകാലം നൽകിയ സംഭാവനകളിൽ ഒന്നാണ് ആടുജീവിതം. 2008 ആഗസ്റ്റ് മാസം ആദ്യ പതിപ്പിറങ്ങിയ ആടുജീവിതം 2009ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല നോവലിനുള്ള അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു. 2010ൽ അഞ്ചു തവണയും കോപ്പികൾ റീപ്രിന്റ് ചെയ്യുകയും മുപ്പതിനായിരത്തിലധികം കോപ്പികൾ വിറ്റഴിക്കുകയും ചെയ്തു.

2010ൽ നോർക്കറൂട്ട്സ് പ്രവാസി അവാർഡ്, കേന്ദ്രപ്രവാസ കാര്യവകുപ്പിന്റെ പ്രത്യേക പുരസ്‌കാരം. 2011ൽ കണ്ണൂർ മലയാളപാഠശാലയുടെ പ്രവാസി സംസ്കൃതി പുരസ്‌കാരം. 2011ൽ ദുബായ് പ്രവാസി പുരസ്‌കാരം, 2011ൽ കുവൈത്ത്‌ യൂത്ത്‌ ഇന്ത്യ അവാർഡ്, ഒമാൻ സാഹിത്യ പുരസ്‌കാരം, മസ്ക്കറ്റ് ഇന്ത്യൻ സോഷ്യൽ സെന്റർ സാഹിത്യ പുരസ്‌കാരം, ഏറ്റവും നല്ല എഴുത്തുകാരനുള്ള പട്ടത്തുവിള കരുണാകരൻ ബഹുമതി, ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് വകുപ്പിന്റെ പ്രശംസാപത്രം, കൂടാതെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

മധുരമായ വാചകങ്ങൾ അനുഭവ തീവ്രമായ പ്രമേങ്ങൾ ലളിതമായ ശൈലി എന്നിവയെല്ലാം ഒത്തിണങ്ങിയതാണ് ആടുജീവിതം. വളരെ വ്യത്യസ്തമായ ജീവിതാ നുഭവത്തിന്റെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്നതാണ് ഈ നോവൽ.

കഥാതന്തു:-

വലിയ സ്വപ്നങ്ങളുമായി സൗദി  അറേബ്യയിൽ ജോലിക്കായി പോയി വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ മൂന്നിലേറേ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന “നജീബ്” എന്ന മലയാളി യുവാവിന്റെ നൊമ്പരപ്പെടുത്തുന്ന അനുഭവകഥയാണ് ഈ നോവലിലെ പ്രമേയം.

പുഴയിൽ മണലുവാരുന്ന തൊഴിലായിരുന്നു നജീബിന്. ഭാര്യയും അമ്മയും അവനും കൊച്ചുമോനും അടങ്ങുന്നതാണ് അവന്റെ കുടുംബം. ആവശ്യങ്ങൾക്ക് പണം തികയാതെ അയാൾ ബുദ്ധിമുട്ടുകയാണ്. അങ്ങിനെയാണ് ഗൾഫ് എന്ന ചിന്തയിലേയ്ക്ക് അയാൾ എത്തപ്പെട്ടത്. അയാളുടെ ഒരു ബന്ധു വഴി വിസ ശരിയാക്കി കൊടുക്കാം എന്നു പറഞ്ഞു. പിന്നീടുള്ള നാളുകളിൽ അയാൾ പണത്തിന്നായി ഓടി നടന്നു.

ആകെ ഉണ്ടായിരുന്ന അഞ്ചുസെന്റ് സ്ഥലം വിറ്റാണ് അയാൾ പണം സ്വരൂപിച്ചത്. ആ പണം ബന്ധുവിനെ ഏല്പിച്ചു വിസ സംഘടിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങൾ വലിയ സ്വപ്നങ്ങളുമായി അദ്ദേഹം തള്ളിനീക്കി. അങ്ങിനെ ആ ദിവസം വന്നെത്തി. വീട്ടിലുള്ളവരോട് യാത്ര പറഞ്ഞ് അയാൾ ബോംബെക്ക് വണ്ടി കയറി.

അവിടെനിന്നും നേരെ സൗദിക്ക് പ്ലെയിൻ കയറി അവിടെ എത്തിയ അയാളെ പറ്റി യാതൊരു വിവരവും ഇല്ല. അമ്മയും, ഭാര്യയും വേവലാതി പൂണ്ടു.

നജീബിന്റെ യാത്രയിൽ ഹക്കീം എന്നൊരാളും ഉണ്ടായിരുന്നു. വിമാന താവളത്തിൽ എത്തിയ അവർ പുറത്തേക്ക് കടന്നു. സൗദി അറേബ്യയിലെ ഒരു സൂപ്പർ മാർക്കറ്റിലായിരുന്നു അയാൾക്ക് പറഞ്ഞു വെച്ചിരുന്ന ജോലി.

പ്ലെയിൻ ഇറങ്ങിയ അവർക്ക് സ്പോൺസറെ കണ്ടെത്താനായില്ല. ബന്ധപ്പെടാനുള്ള നമ്പർ കയ്യിലുണ്ടെങ്കിലും സാഹചര്യം മൂലം വിളിക്കാൻ സാധിച്ചില്ല. ദൂരത്തുനിന്നും ഒരു അറബി അവരെ മാടി വിളിച്ചു. അവർ അയാൾക്കരികിലേയ്ക്ക് നടന്നു.

നജീബിന്റെ കയ്യിൽ നിന്നും പാസ്പോർട്ട് മേടിച്ച് അയാൾ നോക്കി. അയാളുടെ കൂടെ വരാനായി അവരോട് പറയുകയും അവർ അറബിയെ പിന്തുടരുകയും ചെയ്തു. കണ്ണെത്താത്ത ദൂരത്തിലുള്ള മരുഭൂമിയിലേയ്ക്ക് അർബാബ് അവരെ കൂട്ടികൊണ്ടുപോകുന്നു.

അനന്തമായ മണൽത്തിട്ടകൾക്കിടയിലെ ഒരു ആടുഫാമിൽ ഹക്കീമിനേയും രണ്ടാമത്തേതിൽ നജീബിനേയും കൊണ്ടുചെന്നാക്കി. ആടുകളെ വളർത്തുന്ന മസറയിലെ പണിക്കാരായിട്ടാണ് ഇരുവരും എത്തുന്നത്. നല്ല ജോലിയും പ്രതീക്ഷിച്ച് പുതു വസ്ത്രങ്ങളും, ഷുസും ധരിച്ച നജീബിനെ കൊണ്ട് മുഷിഞ്ഞതും വൃത്തികെട്ടതുമായ കുപ്പായവും ധരിപ്പിക്കുന്നു. ആ മസറയിൽ താടിയും മുടിയും നീട്ടി വളർത്തിയ വിരൂപനായ ഭീകരരൂപി നജീബിന് മുൻപേ അവിടെ ഉണ്ടായിരുന്നു.
പിന്നീട് അർബാബ് ആ ഭീകരരൂപിയെ കൊല്ലുന്നു.

അത്യാവശ്യത്തിന്‌ ഒരു പാട്ട വെള്ളം എടുത്തപ്പോൾ നജീബിന് കിട്ടുന്ന ബെൽറ്റ് കൊണ്ടുള്ള അടി വിശദീകരിക്കുമ്പോൾ അത് തീർച്ചയായും വായനക്കാരന് രസകരമായ ഒരു സന്ദർഭമാകുന്നു.

പച്ചപ്പാലും കുബ്ബുസ് എന്ന അറബിറൊട്ടി യും ചുരുങ്ങിയ അളവിൽ വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന ഭക്ഷണം. യാതൊരു വിധത്തിലുള്ള ശുചിത്വ പരിപാലനത്തിനോ, കിടക്കാനുള്ള സൗകര്യമോ ഉണ്ടായിരുന്നില്ല. അർബാബ് സ്ഥിരമായി നജീബിനെ മർദ്ദിച്ചിരുന്നു. പിന്നീട് നജീബ് ആ ജീവിതവുമായി ഇണങ്ങി ചേർന്നു. ആടുകൾക്ക് നാട്ടിലെ കഥാപാത്രങ്ങളുടെ പേരുകൾ ഇടുകയും അവരുമായി സംവദിച്ചുമാണ് തന്റെ ഏകാന്തതക്ക് അവൻ ആശ്വാസം കണ്ടെത്തിയത്.

നജീബിന് ഒരു ആട്ടിൻ കുട്ടിയെ ലഭിക്കുകയും അതിന് തന്റെ ഓമന പുത്രന് ഇടാനിരുന്ന നബീൽ എന്ന പേരിടുകയും ചെയ്തു. അർബാബിന്റെ ചില രീതികൾ നജീബിന് തീരെ ഇഷ്ടമാകുന്നില്ല. ഉണർവ്വില്ലാത്ത ആട്ടിൻ കുട്ടികളെ ഷണ്ഡനാക്കി
തീർക്കുന്നു. നജീബ് ഏറെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നബീലിനെയും ഷണ്ഡനാക്കാൻ തിരഞ്ഞെടുക്കുന്നു. അത് നജീബിനെ ഏറെ ദുഖത്തിലാഴ്ത്തുന്നു.

മറ്റൊരു സന്ദർഭത്തിൽ പാമ്പുകടിയേറ്റു മരിക്കുന്ന നബീലിന്റെ മരണവും ആസ്വാദകരെ വേദനിപ്പിക്കുന്നതാ കുന്നു. നജീവിന്റെ മസറയിൽ നിന്നും രക്ഷപ്പെടാനുള്ള ആദ്യ പരിശ്രമം പരാജയപ്പെടുകയും അതിൽ ഒരാട് ബലിയാടാവുകയും ചെയ്തത് ഹൃദയഭേദമായി ആവിഷ്ക്കരിച്ചിരിക്കുന്നു.

ഇടയ്ക്ക് ഗുഹാതുരത്വം ശക്തമാകുന്ന സന്ദർഭത്തിൽ നജീബ് എഴുതുന്ന കത്ത് വായിക്കുമ്പോൾ ഏതു കഠിനഹൃദയനും പൊട്ടിക്കരഞ്ഞുപോകും. നിസ്സഹായനായി പൊരിവെയിലത്ത്‌ ആടിനെ മേക്കുന്ന ഒരാട്ടിടയൻ തന്റെ ജോലിയെ ഭാര്യക്ക് മുമ്പിൽ അവതരിപ്പിക്കേണ്ടതില്ല എന്ന ചിന്തയിൽ കള്ളത്തരം എഴുതുന്നു.

ഇതിനിടയിൽ മുട്ടനാടിൽ നിന്നും ഒരു മുട്ടനിടി കിട്ടുകയും കൈ പൊളിയുകയും ചെയ്യുന്നു. പിന്നീടൊരിക്കൽ മുട്ടൻ ആടുകളുടെ കൊമ്പുകോർക്കലിന്നിടയിൽ തെറിച്ച മണ്ണിൽ കണ്ട ജീർണ്ണിച്ച കൈപ്പത്തി ഭീകരരൂപിയുടെ മരണത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു.

ഒരുദിവസം നജീബ് കൂടെ ഉണ്ടായിരുന്ന ഹക്കീമിനെ കാണാൻ പോയി. അവിടെ ചെന്നപ്പോൾ അവന്റെ കൂടെ ഒരു സെമാലിയക്കാരനെ ഏർപ്പെടുത്തിയതായി അറിഞ്ഞു. അവർ മൂന്നു പേരും കൂടി മസറയിൽ നിന്നും ഒളിച്ചോടാൻ തീരുമാനിച്ചു. അർബാബ് മറ്റൊരു അർബാബിന്റെ മകളുടെ വിവാഹത്തിന് സംബന്ധിക്കാൻ പോയ സമയമാണ്. ഇവർ ഒളിച്ചോടാൻ ശ്രമിക്കുന്നത് . വിറങ്ങലിച്ച മണൽത്തരികളിലൂടെ
കുറേ ദിവസത്തെ യാത്രകൾ നജീബിനെ പല പാഠങ്ങളും പഠിപ്പിച്ചു. മരുഭൂമിയിലൂടെ ദിവസങ്ങൾ നീണ്ടുനിന്ന പാലായനത്തിൽ ദിശ നഷ്ടപ്പെട്ട അവർ വിശപ്പും ദാഹവും കൊണ്ട് വലഞ്ഞു. യാത്രക്കിടയിൽ പുറകെ വന്ന മണൽ കൊടുംകാറ്റിൽ പറന്നു വന്നടിഞ്ഞ മൺക്കൂനയിൽ അകപ്പെട്ടു ഹക്കീം മരിച്ചു. പിന്നെയും പാലായനം തുടർന്ന ഖാദരിയും നജീബും ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ വിശ്രമിക്കുകയും ചെയ്തു.

പിറ്റേന്ന് അവർ ദേശീയ പാതക്കരികെ എത്തുന്നു. ഇബ്രാഹിം ഒരു ദൈവദൂതനെപോലെ അപ്രത്യക്ഷമാകുന്നു.

ഒരു വണ്ടിയിൽ കയറി പറ്റിയ നജീബ് കുഞ്ഞിക്കയുടെ മലബാർ ഹോട്ടലിന് മുൻപിൽ തലചുറ്റി വീഴുന്നു. ഉടൻ തന്നെ അവിടുത്തെ മലയാളികൾ പരിചരിക്കുകയും ചെയ്തു. പിന്നീട് നജീബ് പോലീസിന് പിടികൊടുക്കുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു.

അവിടെ വെച്ച് ഹമീദ് എന്ന കൂട്ടുകാരനെ കിട്ടുന്നു. ജയിൽ മോചിതനായ നജീബും,
ഹമീദും എംബസിവിസക്ക് വേണ്ടി കാത്തുനിൽക്കുന്ന നാളുകൾ വിവരിക്കുന്നു. ഹമീദിനെ അർബാബ് പിടിച്ചുകൊണ്ടുപോയശേഷം നജീബും സ്വന്തം അർബാബിനെ കാണുന്നു. അയാൾ അനുഭവിച്ച വേദനകളും പ്രയാസങ്ങളും ഭാവിയെ കുറിച്ചുള്ള ഭയാശങ്കകളുമൊക്കെ അയാളോട് വിവരിക്കുന്നു. അപ്പോഴാണ് നജീബ് ആ സ്പോൺസറുടെ വിസക്കാരനല്ലായിരുന്നുവെന്ന് അറിയുന്നു.

അവസാനം അയാൾ സ്വന്തം മണ്ണിൽ എത്തിചേർന്നു. ബെന്യാമിന്റെ ആടുജീവിതം അനുഭവ സാക്ഷ്യത്തിൽ നിന്നും രേഖപ്പെടുത്തിയ അതി മനോഹരമായ നോവലാണ്. ചുട്ടുപൊള്ളുമ്പോഴും അല്പം നർമ്മം മേമ്പൊ ടിയായി വർത്തിക്കുന്നു എന്നത് നോവലിന്റെ പ്രത്യേകതയാണ്. പ്രവാസത്തിന്റെ മണൽ പരപ്പിൽ നിന്നും രൂപം കൊണ്ട മഹത്തായ നോവലാണിത്. ശക്തമായ ഒരനുഭവത്തിന്റെ തീഷ്ണതയിൽ വായനക്കാർ വെന്തുനീറുന്നു. ഇത് ഒരു നജീബിന്റെ മാത്രം കഥയല്ല. നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ ജീവിതമാർഗ്ഗത്തിന്നായി ഗൾഫിൽ പോകുന്ന എത്ര എത്രയോ യുവാക്കൾക്ക് പറ്റുന്ന ഒരു അനുഭവം കൂടിയാണ് രചയിതാവ് നിങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നത്.

ഗൾഫിൽ നിന്നും വരുമ്പോൾ കൊണ്ടുവരുന്ന സാധനങ്ങളെ സ്വപ്നം കണ്ടു കഴിയുന്ന ഓരോ മനുഷ്യ ജീവിയും ഓർക്കണം വിദ്യാഭ്യാസമില്ലാത്ത ഒരാൾ കടന്നു പോകേണ്ട വഴികളെ കുറിച്ചും അവർ അനുഭവിക്കേണ്ടി വരുന്ന നരകയാതനകളെ കുറിച്ചും.

ഈ നോവൽ ചലച്ചിത്രമാക്കിയിട്ടുണ്ട്. കോഴിക്കോട് സർവ്വകലാശാല പാഠപുസ്തകം ആക്കാനും നടപടികൾ നടത്തുന്നുണ്ട്. നമ്മുടെ കേരളക്കരയിൽ ഇത്രയും പ്രഗത്ഭനായ സാഹിത്യകാരൻ ഉണ്ടെന്ന് നമുക്കേവർക്കും അഭിമാനിക്കാം.

ശ്യാമള ഹരിദാസ്.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments