Sunday, November 24, 2024
Homeആരോഗ്യംഅഴകിനും ആരോഗ്യത്തിനും - 'അശോകപ്പൂവ് കുറുക്ക്' (പാചക പംക്തി - 24) ✍ ജസിയഷാജഹാൻ

അഴകിനും ആരോഗ്യത്തിനും – ‘അശോകപ്പൂവ് കുറുക്ക്’ (പാചക പംക്തി – 24) ✍ ജസിയഷാജഹാൻ

ജസിയഷാജഹാൻ

അഴകിനും ആരോഗ്യത്തിനും ‘ അശോകപ്പൂവ് കുറുക്ക് ‘ (ഒരു സിദ്ധൗഷധം)

ആവശ്യമുള്ള സാധനങ്ങൾ

1. അശോകപ്പൂവ്: മൂന്ന് വലിയ കപ്പ്
കരുപ്പെട്ടി : ഒന്ന്
ചുക്ക് പൊടി: ഒരു ടീസ്പൂൺ
ജീരകം വറുത്തു പൊടിച്ചത് : അര ടീസ്പൂൺ
മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ

2. നാടൻ കുത്തരി : മുക്കാൽ കപ്പ്
ഉലുവ: ഒരു ടീസ്പൂൺ

3. നെയ്യ്: രണ്ടു ഡസേർട്ട് സ്പൂൺ
തേങ്ങാപ്പാൽ: ഒരു വലിയ തേങ്ങയുടേത്

പാചകം ചെയ്യുന്ന വിധം

അശോകപ്പൂവ് തണ്ടുകൾ മാറ്റി പൂവ് മാത്രം അടർത്തി എടുത്ത് രണ്ടുമൂന്നു വെള്ളം നന്നായി കഴുകി വാരിവയ്ക്കുക. അരിയും ഉലുവയും നേരത്തേ തന്നെ വെള്ളത്തിൽ കുതിക്കാൻ ഇട്ടിരുന്നതും നന്നായി കഴുകി വയ്ക്കുക.കരുപ്പെട്ടി ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഇട്ട് കുറച്ചു വെള്ളവും ഒഴിച്ച് അടുപ്പിൽ വച്ച് ഉരുക്കി നല്ല
പാനിയാക്കി അരിച്ചു വയ്ക്കുക. അശോകപ്പൂവും അരിയും കൂടി മിക്സിയുടെ ജാറിൽ ഇട്ട് അല്പം വെള്ളവുമൊഴിച്ച് നന്നായി അരച്ചെടുക്കുക.

ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത്ത് വച്ച് തീയ് കത്തിക്കുക. പാത്രം ചൂടാകുമ്പോൾ അതിലേക്ക് തന്നിരിക്കുന്ന അളവിലുള്ള നെയ്യ് ഒഴിക്കുക .നെയ്യ് അല്പം ഒന്ന് ചൂടാകുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അശോകപ്പൂവ് അരിക്കുറുക്ക് മുഴുവൻ പകർന്നിടുക .ഒരു സ്പൂൺ കൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് തീയ് കുറച്ച് അടിക്കു പിടിക്കാതെ ഇളക്കി കുറക്കുക . ഏകദേശം കുറുകി വരുമ്പോൾ അതിലേക്ക് കരിപ്പെട്ടി പാനി പകരുക .വീണ്ടും അടിക്കു പിടിക്കാതെ തുടരെത്തുടരെ ഇളക്കുക.
ഈ ചേരുവയിലേക്ക് മഞ്ഞൾപ്പൊടിയും ചുക്ക് പൊടിയും ജീരകപ്പൊടിയും ചേർത്ത് നന്നായി വീണ്ടും തുടരെത്തുടരെ ഇളക്കുക. അതിലേക്ക് തേങ്ങാപ്പാൽഒഴിക്കുക. (മുഴുവൻ പാലും നല്ല കട്ടിയിൽ തന്നെ പിഴിഞ്ഞെടുത്ത് വച്ചത്) വീണ്ടും നന്നായി കുറുക്ക് ഒന്നിളക്കി യോജിപ്പിക്കുക. വീണ്ടും ഇടത്തരം തീയിൽ കൈയ്യെടുക്കാതെ തുടരെത്തുടരെ ഇളക്കി നന്നായി കുറുകി പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ വാങ്ങി വയ്ക്കുക.

ഈ കുറുക്ക് തിളച്ചു തുടങ്ങുമ്പോൾ തന്നെ ഒരു ആയൂർവ്വേദ മെഡിസിൻ്റെ മണം ചുറ്റു പരിസരമാകെ പരക്കും. ആർക്കും ഇതെന്താണെന്നറിയാനുള്ള ആകാംക്ഷയും ഒന്നു രുചിക്കാനുള്ള കൊതിയും ഉള്ളിലൂറും.കുറുക്ക് എത്ര കുറുകണം..മധുരം എത്ര വേണം എന്നുള്ളതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം പോലെ.

ഈ  കുറുക്ക് ഫ്രിഡ്ജിൽ സൂക്ഷിച്ച് കുറേശ്ശെയായി ഉപയോഗിക്കാം. ഇതിൽ നിന്നും തേങ്ങാപ്പാൽ ഒഴിവാക്കി അല്പം കൂടി നെയ്യ് ഉപയോഗിച്ച് പാകപ്പെടുത്തിയാൽ അശോകപ്പൂവ് ലേഹ്യമായി കുപ്പിയിൽ പകർന്ന് വച്ചും ഉപയോഗിക്കാം.

എൻ്റെ അശോകമരം നിറഞ്ഞു പൂത്തുനിൽക്കുന്നതുകണ്ടപ്പോൾ ഒരു ഔഷധ കുറുക്ക് ഉണ്ടാക്കാമെന്നു കരുതി. അപ്പോൾ അത് നിങ്ങൾക്കും കൂടി ഷെയർ ചെയ്യണമെന്ന് ആഗ്രഹം തോന്നി .ശോകം അകറ്റുന്ന അശോകം ആയൂർവ്വേദത്തിന് ഒരു മുതൽക്കൂട്ടാണ്.

വീണ്ടും മറ്റൊരു പാചകവുമായി കാണാം… നന്ദി, സ്നേഹം.

ജസിയഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments