പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാരേ,
ഒക്ടാേബർ മാസത്തിലെ പ്രധാനപ്പെട്ട കുറെ ദിനങ്ങൾ കടന്നുപോയി. നമ്മുടെ മുന്നിൽ മറ്റൊരു സുപ്രധാന ആഘോഷ ദിവസം വന്നുചേരുകയാണ് – ഒക്ടോബര്‍ 31 – രാഷ്ട്രീയ ഏകതാ ദിവസ്.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 ന് രാഷ്ട്രീയ ഏകതാ ദിനമായി ഭാരതം ആചരിക്കുന്നു. രാജ്യത്തെ ഏകീകരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു സർദാർ വല്ലഭായ് പട്ടേൽ.
ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ് ഗ്രാമത്തിലാണ് 1875 ഒക്ടോബർ 31 ന് പട്ടേൽ ജനിച്ചത്. വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായി ജോലി നോക്കി.
നിസ്സഹകരണത്തിന്റേയും അഹിംസയുടേയും മാർഗ്ഗത്തിലൂടെ
ബ്രിട്ടീഷ് രാജിന്റെ കാടൻ നിയമങ്ങൾക്കെതിരേ പൊരുതുവാൻ അദ്ദേഹം ഗുജറാത്തിലെ കർഷകരെ സംഘടിപ്പിച്ചു. ഇക്കാലയളവിൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിത്തീർന്ന പട്ടേൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃതലത്തിന്റെ ഉയരത്തിലെത്തി.
ഇന്ത്യാ വിഭജനത്തിനുശേഷം, പഞ്ചാബിലേയും, ഡൽഹിയിലേയും അഭയാർത്ഥികളെ പുനരധിവസിപ്പിക്കുക എന്ന ചുമതല ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും, പിന്നീട് ആഭ്യന്തര മന്ത്രിയും ആയ പട്ടേലിനായിരുന്നു. ശിഥിലമായി കിടന്നിരുന്ന സ്വതന്ത്രേന്ത്യയെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിക്കൊണ്ട് 565 ഓളം സ്വയംഭരണാവകാശമുള്ള നാട്ടുരാജ്യങ്ങളെയാണ് തന്റെ നയതന്ത്രമികവിലൂടെ ഇന്ത്യൻ യൂണിയന്റെ കൊടിക്കീഴിൽ കൊണ്ടു വന്നത്.
1950 ഡിസംബർ 15 നാണ് അദ്ദേഹം ദിവംഗതനായത്..
1991 ൽ രാഷ്ട്രം അദ്ദേഹത്തെ മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചു. ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്ന പേരിലും പട്ടേൽ അറിയിപ്പെടുന്നു.
രാഷ്ടീയമായ ഏകതയ്ക്കു വേണ്ടി നമുക്കും ഒത്തൊരുമയോടെ പ്രവർത്തിക്കാം.
നമുക്കിനി മലയാള ശൈലികളിലൂടെ ഒരു ചെറുയാത്രയാവാം.
കയറൂരിവിടുക
സ്വൈരവിഹാരം നടത്താനനുവ ദിക്കുക. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊക്കെ അനാവശ്യമായി കയറിച്ചെല്ലുക
കന്നുകാലികളെ കയറൂരിവിടുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ ശൈലി ഉണ്ടായത്..
ഉദാ: നിങ്ങളിങ്ങനെ കുട്ടികളെ കയറൂരിവിട്ടാൽ കിട്ടുന്ന ശിക്ഷയെക്കുറിച്ച് പിന്നെ പരാതിപറയാൻ വന്നേക്കരുതെന്ന് അയൽക്കാരൻ അച്ഛനോടു തട്ടിക്കേറി.
പ്രതീതിയായിരുന്നു.
നിറം പിടിപ്പിക്കുക
മോടിപിടിപ്പിക്കുക, കൃത്രിമഭംഗി വരു ത്തുക.
ചായം തേച്ചു വസ്‌തുക്കൾക്കു കൃത്രിമശോഭവരുത്തുന്നതിൽനിന്നാണ് ഈ ശൈലിയുടെ ഉത്ഭവം. ഇല്ലാത്ത കാര്യങ്ങൾത കെട്ടിച്ചമച്ചു പറയുക എന്ന അർഥത്തിലും ഈശൈലിക്കു പ്രയോഗമുണ്ട്.
ഉദാ: അവൻ പറയുന്നതൊക്കെ നിറം പിടിപ്പിച്ച നുണകളാണെന്ന് ആർക്കും അറിയാൻ കഴിഞ്ഞില്ല.
ഇനി മാഷെഴുതിയ ഒരു കുഞ്ഞു കവിത വായിക്കാം.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
കത്തി
++++++++++
കറുകറെ കറുത്തൊരു കത്തി
മുറുമുറെ മുറിക്കണ കത്തി
കറിയതന്നടുക്കളക്കത്തി
കറിക്കരിയുന്നൊരു കത്തി.
മറിയയ്ക്കുമുണ്ടൊരു കത്തി
മുറുമുറെ മുറിക്കണ കത്തി
മറിയതൻ നാവിലെ കത്തി
കറിയയ്ക്ക് സങ്കടക്കത്തി.
മറിയവും കറിയയുമെത്തി
മറിയതൻ നാവില് തത്തി
കറിയയെ മുറിക്കണ കത്തി
തറുതല വാക്കിന്റെ കത്തി.
🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵
ശൈലികളും കവിതയുമൊക്കെ വായിച്ചും പാടിയും രസിച്ച നിങ്ങൾക്കു വേണ്ടി കഥ പറയാൻ ഒരു മാമൻ വരുന്നുണ്ട് –ശ്രീ. രാജു കാഞ്ഞിരങ്ങാട്.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാടാണ് അദ്ദേഹത്തിൻ്റെസ്വദേശം. കാഞ്ഞിരങ്ങാട് തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജിൽ ജോലി ചെയ്യുന്നു.
ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ആകാശവാണിയിൽ കഥ, കവിത തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്.
ടി.എസ്.തിരുമുമ്പ് അവാർഡ് 2019, ജോമോൻ സ്മാരക സാഹിത്യ പുരസ്കാരം 2020
കർഷക തൊഴിലാളി ദേശീയ സമ്മേളന സംസ്ഥാനതല രചനാമത്സരത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനം .2020) തുളുനാട് മാസിക പുരസ്കാരം, ചിലങ്കമാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം, കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരികവേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാപുരസ്കാരം, വിരൽമാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് ) ,കണ്ണൂർ ടാലൻ്റ് പുരസ്കാരം (ഒക്ടോബർ 2021), കേരള വാർത്താപത്രം (നീർമാതളം ) കവിതപ്രത്യേക ജൂറി പുരസ്കാരം (2022),പായൽബുക്സ് പുരസ്കാരം,
കേരള വാട്ടർ അതോറിറ്റി തെളിനീർ ട്രസ്റ്റ് സംസ്ഥാനതല കവിതാപുരസ്കാരം (2023), മലയാള കാവ്യസാഹിതി ജില്ലാതല പുരസ്കാരം കൂടാതെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകൾ:-
ആസുരകാലത്തോടുള്ളവിലാപം
കാൾ മാർക്സിന് ,
കണിക്കൊന്ന (ബാലസാഹിത്യം ),
ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാസമാഹാരങ്ങൾ
‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിലും, അക്ഷരദീപം മാസികയിലും ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ശ്രീ. രാജു കാഞ്ഞിരങ്ങാട് എഴുതിയ കഥയാണ് താഴെ കൊടുക്കുന്നത്.
🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴
🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵
എലിയും പുലിയും
ഒരിക്കൽ ഒരു പുലി പുഴക്കരയിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോൾ ചപ്പുചവറുകൾക്കിടയിൽ എന്തോ തിരയുന്ന എലിയെ കണ്ടു. പുലി നേരെ എലിയുടെ അരികിൽച്ചെന്നു.
എന്നിട്ട് ഗൗരവത്തിൽ ചോദിച്ചു:
”എന്നെപ്പോലെ നിനക്ക് നടക്കുവാൻ കഴിയുമോ ..?”
എലി വിക്കി വിക്കി ‘ഇല്ല’ എന്നു പറഞ്ഞു. പുലി പുച്ഛത്തോടെയൊന്നു നോക്കി കളിയാക്കി നടന്നു മറഞ്ഞു .
കുറേക്കഴിഞ്ഞ് എലി പതുക്കെ നടന്ന് പൊന്തക്കാടിനപ്പുറമെത്തി. അപ്പോൾ വേട്ടക്കാരൻ വിരിച്ചവലയിൽ ഒരു പുലി കുടുങ്ങിക്കിടക്കുന്നതു കണ്ടു.. എലിവേഗം അവിടെച്ചെന്നു നോക്കി.
നേരത്തെ തന്നെ കളിയാക്കി കടന്നുപോയ പുലിയാണ് അതെന്നു എലിക്കു മനസ്സിലായി.
എലിയെക്കണ്ടപ്പോൾ ലജ്ജകൊണ്ട് തലയുയർത്താൻ കഴിയാതെ പുലി ഒന്നുകൂടി ചുരുണ്ടുകൂടി.
നിവർന്നു നിന്ന് എലി പുലയോടു ചോദിച്ചു:
“നിനക്കിപ്പോൾ എന്നെപ്പോലെ നടക്കാമോ?”
എലിയുടെ വെല്ലുവിളി കേട്ടപ്പോൾ ദേഷ്യം പൂണ്ട പുലി എഴുന്നേൽക്കുവാൻ ശ്രമിച്ചു പക്ഷേ, കഴിഞ്ഞില്ല. വീണ്ടും വീണ്ടും ശ്രമിച്ചു അപ്പോഴെല്ലാം കുരുക്ക്
മുറുകി മുറുകി വന്നു.
ക്ഷീണിച്ച പുലി പറഞ്ഞു: ‘ഇല്ല’
അപ്പോൾ എലി പറഞ്ഞു :
”വലിയവനെന്നു കരുതി എളിയവരെ പുച്ഛിക്കരുത്”.
“ഇനി ഒരിക്കലും ചെയ്യില്ല ” -പുലി പതുക്കെ പറഞ്ഞു.
” ശരി. എങ്കിൽ നിന്നെ ഞാൻ രക്ഷപ്പെടുത്താം”
എലി പെട്ടെന്നു തന്നെ വല കരണ്ടു മുറിച്ച് പുലിയെ
രക്ഷിച്ചു
എലിക്ക് നന്ദി പറഞ്ഞ് പുലി നടന്നു മറഞ്ഞു.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
നല്ല കഥ. അഹങ്കാരവും തലക്കനവും വച്ചു കൊണ്ട് നടക്കുന്നവർ സാധാരണക്കാരെ വിലയില്ലാത്തവരായി കാണാറുണ്ട്. അത്തരക്കാർക്കു പറ്റുന്ന അമളിയാണ് ഈ കഥയിലെ പുലിക്കും സംഭവിച്ചത്. സാധാരണക്കാർ എലിയെപ്പോലെ എല്ലാവരെയും സഹായിക്കുന്ന നല്ലവരായിരിക്കും.
ഇനി നമുക്കൊരു കവിത കേൾക്കാം കേൾക്കാം.പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറക്കാരിയാണ് ഈ കവയിത്രി. – ശ്രീമതി. കോമളം പരമേശ്വരൻ. കൊഴിഞ്ഞാമ്പാറയിൽത്തന്നെയായിരുന്നു കോമളത്തിൻ്റെ പ്രാഥമികവിദ്യാഭ്യാസം.
ടെക്നിക്കൽ കോഴ്സിനുശേഷം ഒറ്റപ്പാലം റീസർവ്വേയിൽ സർവ്വെയറായി ജോലിയിൽ പ്രവേശിച്ചു. .
ഇപ്പോൾ താമസിക്കുന്നത് സ്റ്റാറ്റിസ്റ്റിക്സിൽനിന്നും ജൂനിയർ സൂപ്രണ്ടായി റിട്ടയർ ചെയ്ത ഭർത്താവുമൊന്നിച്ച് പാലക്കാട് വെസ്റ്റ് യാക്കരയിലാണ് . രണ്ടാൺമക്കളുണ്ട്. മൂത്തയാൾ സൗത്ത് ആഫ്രിക്കയിലെ മലാവിയിൽ ഫുഡ്ഇൻഡസ്ട്രീയിൽ മാനേജറായും രണ്ടാമത്തെ ആൾ ബാംഗ്ലൂർ TCS.ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായും ജോലി ചെയ്യുന്നു.
ശ്രീമതി കോമളം പരമേശ്വരൻ്റെ കവിതയാണ് താഴെ കൊടുക്കുന്നത്.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
തത്തമ്മ
തത്തിക്കളിക്കയാണോ തത്തമ്മേ,
കൊത്തി പെറുക്കയാണോ?
ചുണ്ടൊന്ന് ചോപ്പിച്ച് പച്ചയുടുപ്പിട്ട്
എങ്ങോട്ട് പോകുന്നു നീ? തത്തമ്മേ,
എങ്ങോട്ട് പോകുന്നു നീ?
സ്വർണ്ണക്കതിർക്കുല നൃത്തം ചെയ്യുന്ന
നെൽവയൽ തേടി ഞാൻ പോകുന്നേ.
നെൽക്കതിർ കൊണ്ടു നീ
വന്നിടുമ്പോൾ
ഇത്തിരി നെൽക്കതിർ തന്നിടാമോ?.
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
തത്തമ്മയെക്കുറിച്ചുള്ള കുഞ്ഞുകവിത ഇഷ്ടമായില്ലേ? തത്തമ്മയെ മുന്നിൽ കാണുന്ന പോലെ തന്നെയുണ്ട്. നെല്ക്കതിരുമായിരി തത്തമ്മ വരുമ്പോഴേക്കും നമുക്ക് ഒരു കഥ കേൾക്കാം.
കഥ പറയാൻ എത്തുന്നത് എറണാകുളം ജില്ലയിലെ ചേരാനല്ലൂർ ബ്ലായിക്കടവ് സ്വദേശിയായ പ്രേമചന്ദ്രൻ നവനീതം എന്ന സാഹിത്യകാരനാണ്
അദ്ദേഹം 2016ൽ അസി.താലൂക്ക് സപ്ലൈ ഓഫീസറായി ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും വിരമിച്ച വ്യക്തിയാണ്. 2019 മുതലാണ് കവിതാ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചു തുടങ്ങുന്നത്.
സാഹിത്യപ്രവർത്തകരായ ശ്രീ.വിഷ്ണുനാരായണൻ സാർ, ശ്രീ പാപ്പച്ചൻ കടമക്കുടി സാർ, ശ്രീ.കാവിൽപ്പാട് ,. ശ്രീ.സി.വി.ഹരീന്ദ്രൻ , മുൻ അദ്ധ്യാപകരായ ശ്രീ.കല്ലറ അജയൻ, ശ്രീ.ജോസഫ് ജെ.പ്രകാശ് എന്നിവരുമായി ചേർന്ന് നിരവധി കവിതാ സമാഹാരങ്ങളുടെ രചനയിൽ പങ്കാളിയാണ്.
സഹധർമ്മിണി സുമ റിട്ട. ഡെപ്യൂട്ടി താസിൽദാരാണ്. മകൻ നവനീത് കളമശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
ശ്രീ. പ്രേമചന്ദ്രൻ നവനീതം എഴുതിയ കഥയാണ് താഴെ കൊടുക്കുന്നത്.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പാടുന്ന ഇലകൾ.
ഒരു രാജാവിന് മൂന്നു പെൺമക്കൾ.ഉണ്ടായിരുന്നു.
ഒരുദിവസം രാജാവ് പൂരം കാണാൻ കുതിരവണ്ടിയിൽ യാത്ര യായി.
പൂരം.കഴിഞ്ഞു തിരിച്ചുവരുമ്പോൾ മക്കൾക്ക് എന്താണ് കൊണ്ടു വരേണ്ടത് എന്ന് രാജാവ് അവരോടു ചോദിച്ചു
മൂത്തമകൾ രാജാവിനോട് നല്ല ഉടുപ്പുമായി വരണമെന്നു പറഞ്ഞു.
രണ്ടാമത്തെ മകൾ നല്ല സ്വർണ്ണാഭരണങ്ങൾ കൊണ്ടു വരാൻ പറയുന്നു. മൂന്നാമത്തെ മകളാകട്ടെ എനിക്ക് ഇതൊന്നും വേണ്ടാ പാടുന്ന ഇലകളാണ് വേണ്ടതെന്നു പറയുന്നു.
ഇത് പറഞ്ഞപ്പോൾ എല്ലാവരും അവളെ കളിയാക്കിയെങ്കിലും
രാജകുമാരി ഒട്ടും പിൻവാങ്ങി യില്ല. പാടുന്ന ഇലകൾ തന്നെ വേണമെന്ന് അവൾ ശഠിച്ചപ്പോൾ രാജാവ് മറ്റൊന്നും പറയാതെ അപ്പോൾ തന്നെ പൂരസ്ഥലത്തേക്ക് കുതിരക്കാരനൊപ്പം പുറപ്പെട്ടു.
കുതിരവണ്ടി വലിക്കാനും കുതിരയ്ക്ക് ഭക്ഷണം കൊടുക്കാനും വിശ്വസതനായ ഒരാളെയാണ് രാജാവ് യാത്രക്കായി ഒപ്പം കൂട്ടിയിരുന്നത്.
കുതിരവണ്ടിക്കാരൻ നല്ല നല്ല സ്ഥലങ്ങളിലേക്ക് വണ്ടിയോടിച്ചുപോയി. അതുകൊണ്ട് രാജാവിന് നല്ല ഉടുപ്പുകളും ആഭരണങ്ങളും വാങ്ങാൻ കഴിഞ്ഞു.
രാജാവ് കുതിരവണ്ടിയിൽ ഇരുന്നുകൊണ്ട് വഴിയരികിൽ കാണുന്ന വൃക്ഷങ്ങളിലും ചെടികളിലും പല പ്രാവശ്യം സൂക്ഷിച്ചുനോക്കി. പക്ഷേ അതിലൊന്നിലും ഇലകൾ പാട്ടുപാടുന്നതായി കാണാൻ കഴിഞ്ഞില്ല.
രാജാവ് തന്റെ മകളോട് ഇനിയെന്ത് പറയും എന്നാലോചിച്ചു വിഷമിക്കുകയാണ്.
കുതിരവണ്ടിക്കാരൻ പെട്ടെന്ന് അതിൽ നിന്നിറങ്ങി താനെഴുതിയ ഒരുകൂട്ടം കവിതകൾ കടലാസുകളിൽ എഴുതിവച്ചിരുന്നത് രാജാവിന് കാണിച്ചു കൊടുത്തു.കടലാസിന് പണ്ടുകാലത്ത് കടലാസിന് ഇലയെന്നും പറഞ്ഞിരുന്നു.
അങ്ങനെയെങ്കിൽ ഇത് രാജകുമാരിക്ക് ഇഷ്ടമാകുമല്ലോ എന്നുവിചാരിച്ച് കവിതയെഴുതിയ കടലാസുകൾ തനിക്ക് തരുമോ എന്ന് രാജാവ് കുതിരക്കാരനോട് ചോദിച്ചു. അയാൾ സമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥ തീരുമാനിച്ച ശേഷമാണ് കടലാസ് കൈമാറിയത്. കൊട്ടാരത്തിൽ തിരിച്ചെത്തിച്ചേരുമ്പോൾ ആദ്യം കാണുന്നത് എന്തായാലും തനിക്ക് തരുമോ എന്നു കുതിരവണ്ടിക്കാരൻ ചോദിക്കും അത് നല്കണം. കുതിവണ്ടിക്കാരൻ്റെ ആവശ്യം രാജാവ് സമ്മതിച്ചു..
രാജകുമാരിയുടെ പിണക്കം തീരുമല്ലോ എന്നോർത്ത് രാജാവിനും ആവശ്യപ്പെട്ടത് കിട്ടുമല്ലാേ എന്നാേർത്ത് കുതിരവണ്ടിക്കാരനും സന്തോഷമായി.
കൊട്ടാരത്തിനു മുമ്പിലെ ലായത്തിൽ കെട്ടിയിട്ടിരുന്ന ആരോഗ്യവും സൗന്ദര്യവുമുള്ള ചെമ്പൻ കുതിരയെയാകും വണ്ടിക്കാരൻ ഇഷ്ടപ്പെടുന്നത് എന്നാണ് രാജാവ് കരുതിയത്.
താമസിയാതെ കൊട്ടാരത്തിലേക്ക് രാജാവും കുതിരക്കാരനും യാത്ര പുറപ്പെട്ടു.
പടിപ്പുരയിലെത്തിയപ്പോൾ മൂന്നാമത്തെ രാജകുമാരിയാണ് ആദ്യം ഓടിയെത്തിയത്.അവളെ ആദ്യം കണ്ടപ്പോൾ രാജാവ് സ്തബ്ധനായി നിന്നുപോയി.തന്റെ മകളെ ഒരു കുതിരവണ്ടിക്കാരനു കൊടുക്കേണ്ടിവരുമല്ലോ എന്നോർത്ത് രാജാവിന് വളരെ സങ്കടമായി. എന്നാൽ സത്യസന്ധനായ രാജാവ് വാക്കുപാലിക്കുക തന്നെ ചെയ്തു. മകളെ കുതിരക്കാരനു നല്കാൻ തീരുമാനിച്ചു. അദ്ദേഹം ഉടനെ തന്റെ മൂന്ന് നാട്ടുരാജ്യങ്ങളുടെ അധികാരിയായി ആ കുതിരക്കാരനെ അവരോധിച്ചു. അങ്ങനെ അതിസമ്പന്നനായി മാറിയ നാട്ടുരാജാവായ കുതിർക്കാരന് തൻ്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.
🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
വാക്കുപാലിച്ച രാജാവിൻ്റെ കഥ ഇഷ്ടമായിട്ടുണ്ടാവും. ഇനി നമുക്ക് കവിതയാവാം
അതിരസകരമായ രണ്ടു കവിതകളുമായിട്ടാണ് ഫെലിക്സ് എം. കുമ്പളം എത്തുന്നത് – അമ്പിളി മാമനെയും പൂച്ചയെയും കുറിച്ചുള്ള കവിതകൾ.
ഫെലിക്സ് സാർ കൊല്ലം ജില്ലയിലെ കുമ്പളം ഗ്രാമത്തിലാണ് ജനിച്ചത്. 1995 മുതൽ ബാലസാഹിത്യ രംഗത്ത് സജീവമാണ്. മിക്ക ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളിലും കഥകളും മറ്റും എഴുതാറുണ്ട്. പുല്ലുതിന്നുന്ന പുലിയച്ചൻ, സുന്ദരിക്കോതയും രാജകുമാരനും, കല്ലുവച്ച പാദസരം, പാഠം ഒന്ന് എലിപിടുത്തം, കണ്ടുപിടുത്തങ്ങളിലെ കൌതുകങ്ങൾ, ചിരിയൂറും കുട്ടിക്കഥകൾ എന്നീ ബാലസാഹിത്യ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റിലെ വിവിധ പ്രസിദ്ധീകരണങ്ങളിലും, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിലും എഴുതാറുണ്ട്..
ഇപ്പോൾ ഗവ. സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലിചെയ്തിരുന്നത്. .
( ഇതെഴുതുമ്പോൾ 18.10.2024 ന് നമ്മുടെ പ്രിയങ്കരനായ ഫെലിക്സ് സാർ നമ്മെ വിട്ടു പിരിഞ്ഞു പോയ വാർത്ത അറിഞ്ഞു. കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ നമുക്കുംപങ്കുചേരാം. അദ്ദേഹത്തിൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.)
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
ഫെലിക്സ്.എം.കുമ്പള ത്തിന്റെ കവിതകൾ
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
💐💐💐💐💐💐💐💐💐💐💐💐
1.കണ്ടൻ പൂച്ചയും ജിണ്ടൻ പൂച്ചയും
തെക്കേ വീട്ടിലെ കണ്ടൻ പൂച്ച വടക്കേ
വീട്ടിലെ ജിണ്ടൻ പൂച്ച, തമ്മിൽക്കണ്ടു
കലപില കൂടി കടിപിടി കൂടീട്ടുരുണ്ടു
മറിഞ്ഞു. അതുകണ്ടുടനെ പാണ്ടൻ
പട്ടി കുരച്ചു ചാടി വേഗത്തിൽ.
പേടിച്ചോടി ജിണ്ടൻ പൂച്ച
കണ്ടം വഴിയേ കണ്ടൻ പൂച്ച!
2,അമ്പിളി മാമൻ
രാത്രിയിലുദിക്കും മാമൻ പുഞ്ചിരി
തൂകും മാമൻ.
മാനത്തു നിൽക്കും മാമൻ
വട്ടത്തിലുള്ളൊരു മാമൻ.
വെള്ളിക്കിണ്ണം പോലൊരു മാ വെട്ടം
പരത്തും മാമൻ.
കുട്ടികളൊക്കെ വിളിച്ചീടും
മാനത്തുള്ളൊരു അമ്പിളിമാമൻ
————————————————
ഫെലിക്സ് സാറിൻ്റെ കവിതകൾ രസകരമുല്ലേ? സങ്കടമുണ്ടെങ്കിലും നമുക്കവ പാടി ആസ്വദിക്കാം കുഞ്ഞുങ്ങളേ.!
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
വിഭവങ്ങളൊക്കെ ഇഷ്ടമായോ? വായിക്കുന്ന കൂട്ടുകാർ ഇത് മറ്റു ചങ്ങാതിമാർക്കു കൂടെ ഷെയർ ചെയ്തു കൊടുക്കണേ . അങ്ങനെ അവരും സന്തോഷിക്കട്ടെ .
പ്രിയമുള്ള പുതിയ വിഭവങ്ങളുമായി നമുക്കിനി നക്ഷത്രക്കൂടാരത്തിന്റെ പുതിയവാതിൽ തുറക്കാനെത്തുമ്പോൾ കാണാം കുട്ടുകാരേ……!!.
സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം