Friday, October 25, 2024
Homeസ്പെഷ്യൽപഴയകാലത്തെ കല്യാണം (ഓർമ്മകുറിപ്പ്) ✍സി. ഐ. ഇയ്യപ്പൻ, തൃശൂർ

പഴയകാലത്തെ കല്യാണം (ഓർമ്മകുറിപ്പ്) ✍സി. ഐ. ഇയ്യപ്പൻ, തൃശൂർ

സി. ഐ. ഇയ്യപ്പൻ, തൃശൂർ

ഇന്നത്തെ പോലെ കല്യാണ നടത്തിപ്പ് മുഴുവനായി കരാർ കൊടുക്കുന്ന ഏർപ്പാട് ഇല്ലാതിരുന്ന ഒരു കാലം. ഒരു വീട്ടിലെ കല്യാണം, ആ വീട്ടുകാരുടെയും, നാട്ടുകാരുടേയും ആഘോഷമായിരുന്ന ഒരു കാലം. റോമൻ കത്തോലിക്കരുടെ വിവാഹവും, അതിനോടനുബന്ധിച്ച് നടന്നിരുന്ന ചടങ്ങുകളും, അതിൽ പങ്കെടുത്തതിന്റെ അനുഭവങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ഓർമ്മക്കുറപ്പ് .

എന്റെ ചെറുപ്പകാലത്ത് റോമൻ കത്തോലിക്കരുടെ വിവാഹം നടത്തുന്നതിന് തിങ്കളാഴ്ചകളിൽ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. പിന്നീട് വിദേശത്തുനിന്ന് വരുന്നവരുടെ ആവശ്യപ്രകാരം വേണ്ടവരെ, വേണ്ടപോലെ കണ്ടാൽ ഞായറാഴ്ചകളിൽ വിവാഹം നടത്തുന്നതിന് അനുവാദം കൊടുത്തു തുടങ്ങി. ഞായറാഴ്ചകളിലെ സൗകര്യം കണക്കിലെടുത്ത് വിവാഹം നടത്തുന്നതിന് അനുവാദം വേണമെന്ന കൂട്ടായ ആവശ്യപ്രകാരം ഉച്ചയ്ക്ക് 12 .5 ആകുമ്പോൾ തിങ്കളാഴ്ചയിലേക്ക് കടന്നു എന്ന ന്യായം പറഞ്ഞ് ഞായറാഴ്ച കല്ലൃാണം കെട്ടാൻ അനുവദിച്ചു തുടങ്ങി.
എന്റെ ചെറുപ്പകാലത്ത് തിങ്കളാഴ്ച കല്ലൃാണംകെട്ടുന്ന കാലത്ത് തലേദിവസം ഞായറാഴ്ച കല്ലൃാണ വീടുകളിൽ ഉച്ചതിരിഞ്ഞ് ചായ സൽക്കാരം പതിവുണ്ട്.

ചിലയിടങ്ങളിൽ കല്യാണം കൂടാൻ വരുന്നവരെ പനിനീർ തെളിച്ച് സ്വീകരിക്കാറുണ്ട്.
കല്യാണ വീടുകളിൽ ഒരു തളികയിൽ വിറ്റില, അടയ്ക്ക, പുകയില, ചുണ്ണാമ്പ് എന്നിവയും, കൂടെ മധുരമുള്ള അശോക എന്ന അടക്കയുടെ പാക്കറ്റും ഉണ്ടാകും. അശോക പാക്കറ്റ് തളികയിൽ ഇടേണ്ട താമസം കുട്ടികൾ അത് വാരി കൊണ്ടുപോകുന്നത് സ്ഥിരം കാഴ്ചകൾ ആയിരുന്നു. മറ്റൊരു തളികയിൽ സിഗരറ്റ്, ബീഡി എന്നിവയും, ധനികരുടെ വീടുകളിൽ വലിയ ചുരുട്ടും ഉണ്ടാകാറുണ്ട്.
കല്യാണ വീടുകളിൽ നിന്ന് പുറത്തു പോകുന്നവർക്ക് ചെറുനാരങ്ങയും, ഒരു ചെറിയ പൂച്ചെണ്ടും കൊടുക്കുന്നതോടൊപ്പം നെറ്റിയിൽ ചാർത്താൻ കളഭവും കൊടുക്കാറുണ്ട്.  തിങ്കളാഴ്ച കല്ലൃാണ കെട്ടു കഴിഞ്ഞാൽ ഉച്ചയ്ക്ക് കോഴി, പോർക്ക്, മീൻ അടക്കം ഊണും ഉണ്ടാകും.

അപ്പന്റെ ഇളയമ്മയുടെ മകന്റെ കല്ലൃാണത്തിന്റെ തലേദിവസം ഞായറാഴ്ച അപ്പന്റെ കൂടെ ഞാനും പോയിരുന്നു. ചായ സൽക്കാരത്തിന് ശേഷം രാത്രി ചന്തം ചാർത്തുന്ന ഒരു ചടങ്ങുണ്ട്. അതിൽ കൂടി പങ്കെടുക്കാൻ ബന്ധുമിത്രാദികൾ കുടുംബസമേതം വന്നു ചേർന്നിട്ടുണ്ട്. ദൂരെ നിന്ന് വരുന്നവർ ആ വീട്ടിൽ തന്നെ തങ്ങും.

ഇത് എഴുതി വന്നപ്പോഴാണ് ഞാൻ കൂടി പങ്കെടുത്ത മറ്റൊരു ചന്തം ചാർത്തൽ ചടങ്ങിനെ കുറിച്ച് ഓർമ്മവന്നത്. ഞങ്ങളുടെ ബന്ധുവായ കല്ലൃാണ ചെക്കനെ ചന്തം ചാർത്തി കസേരയിൽ കൊണ്ടുവന്നിരുത്തി. ബന്ധുക്കൾ ഓരോർത്തരായി ചെക്കന് സമ്മാനക്കവറുകൾ കൊടുത്തു തുടങ്ങി. ചെക്കൻ കവറുകൾ വാങ്ങി അവിടെയുള്ള മറ്റൊരാൾക്ക് കവർ കൊടുക്കും അയാൾ കവറുകളിൽ എഴുതിയ ആളുടെ പേര് വായിച്ച് കവറുകൾ തുറന്ന് അതിലുള്ള പൈസ എത്രയെന്ന് ഉറക്കെ വിളിച്ചു പറയും. മറ്റൊരാൾ ഒരു പുസ്തകത്തിൽ ഇത് എഴുതി വയ്ക്കും. അങ്ങനെ ചെക്കന്റെ ചേട്ടൻ ഒരു കവർ കൊടുത്തു. കവർ തുറന്നു ഉറക്കെ വിളിച്ചു പറഞ്ഞു 500 രൂപ. അവിടെ അന്ന് കൂടിയിട്ടുള്ള ബന്ധുക്കളിൽ കുറച്ച് സൗകര്യം ഉള്ള അപ്പൻ അതിൽ കൂടുതൽ കൊടുക്കും എന്നുള്ള പ്രതീക്ഷയിലാണ് അങ്ങനെ ചെയ്തത്. അപ്പനും കൊടുത്തു ഒരു കവർ. 100 രൂപ ഉറക്കെ വിളിച്ചു പറഞ്ഞു. ആ കാലത്ത് 100 രൂപയ്ക്ക് രണ്ടു പവൻ സ്വർണം കിട്ടും. അന്ന് വൈകുന്നേരം തന്നെ കല്ലൃാണ ചെക്കന്റെ ചേട്ടൻ 500 രൂപ മടക്കി വാങ്ങി എന്നുള്ളത് മറ്റൊരു സത്യം.

അപ്പന്റെ ഇളയമ്മയുടെ മകനായ കല്ലൃാണ ചെക്കനെ ചന്തം ചാർത്തി കസേരയിൽ കൊണ്ടുവന്നിരുത്തി. ഇദ്ദേഹം റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥനാണ്. ചെക്കന് മധുരം കൊടുക്കുന്ന ചടങ്ങാണ് നടത്താൻ ഉള്ളത്. മധുരം കൊടുക്കുന്നത് ചെക്കന്റെ അമ്മയുടെ മൂത്ത ആങ്ങളയാണ്. മധുരം കൊടുക്കുന്ന പ്ലേറ്റ് എടുത്ത് ആങ്ങള ചെക്കന്റെ മുഖത്ത് നോക്കിയതും പ്ലേറ്റ് മേശപ്പുറത്ത് വെച്ച് ചെക്കന്റെ അമ്മയെ നീട്ടി വിളിച്ചു ചോദിച്ചു റോതമ്മെ എന്താ ഔസേപ്പിന്റെ മുഖത്ത് ഒരു പഴുതാര . അതുവടിച്ചു കളഞ്ഞിട്ട് മതി മധുരംകൊടുക്കൽ.

കേന്ദ്രസർക്കാരിന്റെ ഒരു ഉദ്യോഗസ്ഥനായ ജോസഫ് ചേട്ടനെ സംബന്ധിച്ചിടത്തോളം കുറെ നേരം എടുത്തുണ്ടാക്കിയ കര മീശ വടിച്ചു കളയുന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. മീശ വടിച്ചില്ലെങ്കിൽ വല്യച്ചന് ദേഷ്യം വരും. ധനാഢ്യനായ വലിയച്ചന്റെ അടുത്ത പരിപാടി ബന്ധുമിത്രാദികളോട് തന്നോടൊപ്പം ആ വീട്ടിൽ നിന്ന് ഇറങ്ങാനുള്ള കൽപ്പനയായിക്കും.

എല്ലാവർക്കും അറിയാം ജോസഫ് ചേട്ടന്റെ അഭിമാനമാണ് ആമീശ എന്ന്. അമ്മയും ജോസഫ് ചേട്ടനോട് കൂടുതൽ അടുപ്പമുള്ള ബന്ധുക്കളും കൂട്ടമായി പറഞ്ഞ് ഒരു കണക്കിന് മീശ വടിപ്പിച്ചു. പിന്നീട് എത്രത്തോളം ചെറുതായിട്ട് കര വയ്ക്കാൻ കഴിയും അത്രത്തോളം കുറച്ച് കര മീശ വെച്ചിട്ടാണ് വല്യച്ചനോട് പ്രതികാരം ചെയ്തത്.
ഞാൻ ആദ്യമായി ഷേവ് ചെയ്ത് തുടങ്ങിയപ്പോൾ കര മീശ വെക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. അപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയത്.

ആ കാലത്ത് പെണ്ണിന്റെ ഇടവക പള്ളിയിൽ വച്ചാണ് കല്ലൃാണകെട്ട് നടന്നിരുന്നത്. അപ്രകാരം എന്റെ ചേച്ചി റോസിലിയുടെ വിവാഹം തൃശൂർ വ്യാകുല മാതാവിൻ പുത്തൻപള്ളിയിൽ വെച്ചാണ് നടന്നത്. അന്ന് ചേച്ചിക്ക് 16 വയസ്സൊ മറ്റൊ ആണ് പ്രായം. ചേച്ചി സ്കൂളിൽ നിന്ന് കൂട്ടുകാരുമായി വരുമ്പോൾ വീട്ടിൽ കല്യാണപ്പന്തൽ കെട്ടിക്കൊണ്ടിരിക്കുന്നു. പിന്നെ കൂട്ടുകാർ കളിയാക്കും എന്ന് പേടിച്ച്,നാണിച്ച് സ്കൂളിൽ പോക്ക് നിർത്തി എന്നത് മറ്റൊരു കഥ.

എന്റെ ചേച്ചിയുടെ കല്ലൃാണവും ഒരു തിങ്കളാഴ്ചയാണ് നടന്നത്. പള്ളിയിൽ രാവിലെ നടന്ന കുർബ്ബാനയുടെ ഇടയ്ക്കുവെച്ചു തന്നെയാണ് ചേച്ചിയുടേയും കല്ലൃാണ കെട്ട് നടന്നത്.കല്ലൃാണ കെട്ടിനും, മറ്റുപല വിശേഷങ്ങൾക്കും പ്രത്യേക കുർബബ്ബാനകൾ സൗകര്യം പോലെ എന്ന ഒന്ന് അന്ന് ഇല്ല.

സാധാരണ ദിവസങ്ങളിലും, ഞായറാഴ്ചകളിലും പള്ളിയിൽ അർപ്പിച്ചിരുന്ന ദിവ്യബലി സുറിയാനി ഭാഷയിലായിരുന്നു.എന്നിരുന്നാലും അന്നത്തെ ബലിയർപ്പണത്തിൽ വൈദികരുടെ ചലനവും ഭയഭക്തിയോടുള്ള ഓരോ അർപ്പണവും വിശ്വാസികളിൽ പ്രത്യേക അനുഭൂതി ഉളവാക്കുമായിരുന്നു. ഇപ്പോൾ ഉച്ചതിരിഞ്ഞുള്ള കുർബ്ബാന കാണുവാൻ പോകുന്നത് സിനിമ കാണാൻ പോകുന്ന ലാഘവത്തോടെയാണ്.

കല്യാണ ദിവസം പള്ളിയിലെ പരിപാടികൾ കഴിഞ്ഞിട്ടും ഉച്ചയാവാൻ സമയം കുറെ കഴിയണം. ആ കാലത്ത് സാധാരണ ചെയ്യുന്നത് പോലെ അളിയനേയും, ചേച്ചിയേയും പള്ളി ഹാളിൽ കയറ്റി ഇരുത്തി. ഇവർക്ക് കാലത്ത് കഴിക്കാനുള്ള ഭക്ഷണം അവിടെ തയ്യാറാക്കിയിരുന്നു. അപ്പവും ,ഇഷ്ട്ടുവും, ചായയുമാണ് കഴിക്കാൻ ഉണ്ടായിരുന്നത്. എന്നാൽ അളിയന്റെ പ്ലേറ്റിൽ അപ്പം വെക്കാൻ മറന്നുപോയത്രെ. ഈ സങ്കടം അളിയൻ പലപ്പോഴും പറയാറുണ്ട്. ഇന്നത്തെ പോലെ ബുഫേ പരിപാടിയൊന്നും അന്നില്ല. പ്ലേറ്റിൽ വിളമ്പിയത് കഴിക്കുക എന്ന് മാത്രം. ആള് ഒരു എഞ്ചിനീയറൊക്കെ ആണെങ്കിലും കല്യാണചെക്കന്റെ കുറച്ചു നാണവുമൊക്കെ ഉണ്ടാകുമല്ലോ.
കല്യാണക്കുടിക്കാര് വന്നതിന് ശേഷമേ, ചെക്കനെ പെണ്ണിന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകാവൂ എന്നതാണ് ചടങ്ങ് .അത് വരെ ചെക്കനേയും പെണ്ണിനേയും സൗകര്യമുള്ള മറ്റേതെങ്കിലും വീട്ടിൽ കയറ്റിയിരുത്തും.അത് തെറ്റിച്ചാൽ വലിയ വഴക്കും വയ്യാവേലിയുമാവും.
ഉച്ചയോടെ അളിയന്റെ വീട്ടിൽനിന്നുള്ള കല്ലൃാണ കുടിക്കാരുമായി ഞങ്ങളുടെ വീട്ടിലേക്ക് വന്നു. മധുരം കൊടുക്കുക തുടങ്ങിയ ചടങ്ങുകൾക്കും, ഊണിനും ശേഷം അളിയന്റെ വീട്ടിലേക്ക് ഞങ്ങൾ പോയി. അവിടത്തെ ചായ സൽക്കാരത്തിന് ശേഷം ചേച്ചിയും അളിയനുമായി ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങിപോന്നു.

ചില കല്ലൃാണങ്ങൾക്ക് ചെക്കന്റെ വീട്ടിലും ഉച്ചയൂണ് തയ്യാറാക്കിയിട്ടുണ്ടാവും. അങ്ങനെയുള്ള അവസരങ്ങളിൽ പെണ്ണിന്റെ വീട്ടിൽനിന്നുള്ള കല്യാണക്കുടികാർക്ക് ചെക്കന്റെ വീട്ടിൽ നിന്നും രണ്ടും കെട്ട നേരത്ത് വീണ്ടും ഊണ് കഴിക്കേണ്ടതായി വരും. എന്തെങ്കിലും കഴിച്ചില്ലെങ്കിൽ അതും പ്രശ്നമാകും.

ആ കാലത്ത് കല്ലൃാണം കഴിഞ്ഞാൽ ശനിയാഴ്ച വരെ പെണ്ണിന്റെ വീട്ടിൽ ചെക്കൻ താമസിക്കും ഇതിനിടയ്ക്ക് ഒന്നോ രണ്ടോ ദിവസം ചെക്കൻ മാത്രം വീട്ടിലേക്ക് പോയി തിരിച്ചുവരും. ശനിയാഴ്ച ചെക്കന്റെ വീട്ടുകാർ വന്ന് നവദമ്പതികളെ ചെക്കന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകും. ഞായറാഴ്ച പെണ്ണ് മന്ത്രകോടി ഉടുത്ത് , സ്വർണാഭരണങ്ങൾ മുഴുവൻ അണിഞ്ഞ് ചെക്കന്റെ കൂടെ മറുപള്ളി കുമ്പിടാൻ പോകും. കുർബ്ബാനയിൽ സംബന്ധിച്ച് നേർച്ചയിട്ട് വീട്ടിലേക്ക് മടങ്ങും. നാട്ടുകാർക്ക് പുതു മരുമകളെ കാണാനുള്ള അവസരമാണ് ഇത്. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് പെണ്ണിന്റെ വീട്ടുകാർ വന്ന് രണ്ടാളേയും കൂട്ടിക്കൊണ്ടുപോകുന്നതോടെ കല്ലൃാണ ചടങ്ങുകൾ കഴിയും.

ചെക്കന്റെ ഇടവക പള്ളിയിൽ പോയി മറുപള്ളി കുമ്പിടുക എന്ന ചടങ്ങിന് മുമ്പ് ചെക്കനോ ,പെണ്ണോ പെണ്ണിന്റെ ഇടവക പള്ളിയിലൊ, മറ്റു പള്ളികളിലോ പോകാറില്ല എന്നുള്ളത് അന്നത്തെ മറ്റൊരു ആചാരം .ആ കാലത്ത് ഭർത്താവിന്റെ ഇടവക പള്ളിയിൽ മറുപള്ളി കുമ്പിടാൻ പോകുമ്പോൾ മാത്രമാണ് ആദ്യമായി മന്ത്രകോടി ഉടുക്കുക.

എന്റെ ചെറുപ്പത്തിൽ വീടിനകത്ത് കാറോടിച്ച് ഓടിക്കളിക്കുന്ന പതിവുണ്ട്. രണ്ടു കൈകളും ദേഹത്തോടു ചേർത്തുവച്ച് കൈപ്പത്തികൾ രണ്ടും തിരിച്ചു കൊണ്ടാണ് സ്റ്റീയറിംഗിങ്ങ് പ്രവർത്തിപ്പിക്കുന്നത്. ചുണ്ടുകൾ രണ്ടും വിറപ്പിച്ച് ശബ്ദമുണ്ടാക്കി കൂടെ ഇടയ്ക്ക് ഹോൺ അടിച്ചും കൊണ്ടാണ് ഓട്ടം. ഞാൻ ഓടി അളിയന്റെ മുമ്പിൽ വന്നു പെട്ടു. അളിയൻ എന്നെ പിടിച്ചുനിർത്തി. എന്നെ പിടിച്ചു നിർത്താൻ ഇങ്ങോര് ആരാ എന്ന ഭാവമാണ് എന്റെ മനസ്സിൽ അപ്പോൾ ഉണ്ടായത്. അപ്പന്റെ സ്ഥാനത്ത് ബഹുമാനിക്കേണ്ട ആളാണ് അളിയനെന്ന ബോധം അന്നുണ്ടായിരുന്നില്ല. ഇപ്പോൾ പലപ്പോഴും അളിയനെ കണ്ടുമുട്ടുമ്പോൾ ഇത് പറഞ്ഞ് ഞങ്ങൾ സന്തോഷം പങ്കുവെക്കാറുണ്ട്.

സി. ഐ. ഇയ്യപ്പൻ, തൃശൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments