Saturday, November 23, 2024
Homeകേരളംമൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം; മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം; മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ 23 വയസുള്ള മകന്‍, മിഥുനാണ് കരള്‍ പകുത്ത് നല്‍കിയത്. സൂക്ഷ്മമായ പരിശോധനകള്‍ക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ട്രാന്‍സ്പ്ലാന്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം 25നാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10 മണിയോട് കൂടിയാണ് പൂര്‍ത്തിയാക്കിയത്. സര്‍ജിക്കല്‍ ഗ്യാസ്ട്രോ, അനസ്തേഷ്യ ആന്റ് ക്രിട്ടിക്കല്‍ കെയര്‍, മെഡിക്കല്‍ ഗ്യാസ്ട്രോ, റേഡിയോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, കാര്‍ഡിയോളജി, മൈക്രോബയോളജി, നഴ്‌സിംഗ് വിഭാഗം, തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നൂറോളം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, നോഡല്‍ ഓഫീസര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

ഏറെ പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സാധ്യമാവില്ല എന്ന ഒരു പൊതുബോധത്തെ മാറ്റിമറിച്ച രണ്ടുവര്‍ഷങ്ങളാണ് കടന്നുപോകുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് കോട്ടയം മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ യാഥാര്‍ത്ഥ്യമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments