ബിവറേജസ് ഔട്ട്ലെറ്റുകളിൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാൻ കേരള ബിവറേജസ് കോർപ്പറേഷൻ ഏർപ്പെടുത്തിയ വെബ്സൈറ്റായ booking.ksbc.co.in അടച്ചു. താത്കാലികമായാണ് വെബ്സൈറ്റ് അടച്ചത്.
സാങ്കേതികമായ അപ്ഡേഷനു വേണ്ടിയാണ് വെബ്സൈറ്റ് താത്കാലികമായി അടച്ചതെന്നാണ് ബെവ്കോയുടെ വിശദികരണമങ്കിലും വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിലയിൽ തിരിമറി നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് വെബ്സൈറ്റ് അടച്ചതെന്നാണ് വിവിരം. ഇക്കാര്യം ഒരു സൈബർ സെക്യൂരിറ്റി വിദഗ്ദൻ ചൂണ്ടിക്കാണിക്കുകയും ഇക്കാര്യം ഔട്ട്ലെറ്റിൽ എത്തി തെളിയിക്കുകയും ചെയ്തിരുന്നു. യുപിഎ ആപ്ളിക്കേഷൻ വഴി വെബ്സൈറ്റിൽ പണമടയ്ക്കുമ്പോൾ ഹാക്ക് ചെയ്ത് തുകയിൽ മാറ്റം വരുത്താൻ കഴിയുമെന്നാണ് കണ്ടെത്തിയത്.
പണമടയ്ക്കാനും മദ്യം വാങ്ങാനും ബെവ്കോയിൽ രണ്ട് വ്യത്യസ്ത കൌണ്ടറുകളാണുള്ളത്. വെബ്സൈറ്റ് വഴി മദ്യം ബുക്ക് ചെയ്ത് പണമടച്ചാൽ ഫോണിൽ ഒരു എസ്.എം.എസ് ലഭിക്കും. ഇതുമായി ഔട്ട്ലെറ്റിൽ എത്തിയാൽ ക്യൂ നിൽക്കേണ്ട ആവശ്യമില്ല. എന്നാൽ 0.1 ശതമാനം ആൾക്കാർ മാത്രമെ ഒരുദിവസം ഇത്തരത്തിൽ മദ്യം വാങ്ങാൻ എത്തുന്നുള്ളു. എസ്എംഎസിൽ എത്ര രൂപ അടച്ചെന്നു കാണിക്കില്ല. ബുക്കിംഗ് നടത്തി എന്നത് മാത്രമെ അറിയാൻ കഴിയു. ഔട്ട്ലെറ്റിൽ എത്തി എസ്.എം.എസ് കാണിക്കുമ്പോൾ തുക പരിശോധിക്കാതെ ജീവനക്കാർ മദ്യം നൽകിയാൽ പ്രശ്നമാകാൻ സാധ്യതയുണ്ട്.