ദില്ലി: ഉത്തർപ്രദേശിൽ ജോൻപുരിൽ ബിജെപി പ്രാദേശിക നേതാവിൻ്റെ മകൻ ഓൺലൈൻ മാർഗത്തിലൂടെ പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിച്ചു. ബിജെപി കോർപ്പറേറ്ററായ തഹ്‌സീൻ ഷാഹിദിന്റെ മൂത്തമകൻ മുഹമ്മദ് അബ്ബാസ് ഹൈദറാണ് ലാഹോർ നിവാസിയായ ആന്തലീപ് സഹ്‌റയെ ഓൺലൈൻ മാർഗം നിക്കാഹ് കഴിച്ചത്. ഹൈദർ വിസക്ക് അപേക്ഷിച്ചിരുന്നെങ്കിലും ലഭിക്കാതായതോടെയാണ് വിവാഹം ഓൺലൈൻ മാർഗം നടത്താൻ തീരുമാനിച്ചത്.
വധുവിൻ്റെ മാതാവ് റാണ യാസ്മിൻ സെയ്ദിയെ അസുഖം ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചതോടെ വിവാഹ ചടങ്ങുകൾ പെട്ടെന്ന് നടത്താൻ ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു.
വധുവിന് ഇന്ത്യൻ വിസ ബുദ്ധിമുട്ടില്ലാതെ ലഭിക്കുമെന്ന് ഹൈദർ പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി എംഎൽസി ബ്രിജേഷ് സിംഗ് പ്രിഷുവും മറ്റ് അതിഥികളും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും വരൻ്റെ കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു. ഷിയാ വിഭാഗത്തിലാണ് വധു. മതനേതാക്കളുമായി കൂടിയാലോചിച്ചാണ് ഓൺലൈനിൽ ചടങ്ങുകൾ നടത്തിയത്. ഷിയാ വിശ്വാസ പ്രകാരം നിക്കാഹിന് പ്രധാനം വധുവിന്റെ സമ്മതമാണെന്നും കാർമികത്വം വഹിച്ച ഇമാം പറഞ്ഞു.