Friday, October 18, 2024
Homeസിനിമബോഗയ്ന്‍വില്ല ; നല്ല സിനിമയ്ക്കു സ്തുതി, ഒരു അമൽ നീരദ് പടം.

ബോഗയ്ന്‍വില്ല ; നല്ല സിനിമയ്ക്കു സ്തുതി, ഒരു അമൽ നീരദ് പടം.

കടലാസുപൂക്കള്‍ കൊണ്ടു നിറഞ്ഞ ക്യാന്‍വാസ്. ചായത്തില്‍ ബ്രഷ് മുക്കി കടലാസുപൂക്കള്‍ മാത്രം വരയ്ക്കുന്ന റിത്തു. ഒരപകടത്തില്‍ ഓര്‍മ നഷ്ടപ്പെട്ട റിത്തുവിനു സ്നേഹവും കരുതലുമായി കാവലിരിക്കുന്ന ഭര്‍ത്താവ്. ‘ബോഗയ്ന്‍വില്ല’യുമായി അമല്‍ നീരദ് വന്നിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന ഫ്രെയിമുകളും അമ്പരപ്പിക്കുന്നകഥപറച്ചില്‍ രീതിയുമുള്ള സൈക്കോളജിക്കല്‍ ത്രില്ലറുമായാണ് അമല്‍ നീരദിന്റെ ഇത്തവണത്തെ വരവ്.

മലയാളി പ്രേക്ഷകര്‍ തന്നില്‍നിന്ന് പ്രതീക്ഷിക്കുന്ന മെയ്ക്കിങ്ങ് ശൈലിക്ക് ഒരു ചുവടു മുന്നില്‍നില്‍ക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് വീണ്ടും അമല്‍നീരദ് തെളിയിച്ചിരിക്കുകയാണ്. ഹോളിവുഡ് ലെവല്‍ മേക്കിങ്ങ് മാത്രമല്ല കഥയിലും പുതിയ പരീക്ഷണങ്ങള്‍ നടത്താൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

ചിത്രകാരിയായ റിത്തുവും ഭര്‍ത്താവ് ജോയ്സും ഒരു കാറപകടത്തില്‍ പെടുന്നിടത്തുനിന്നാണ് സിനിമ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് റെട്രോഗ്രേഡ് അംനേഷ്യ പിടിപെട്ട് ഓര്‍മകള്‍ നശിച്ചാണ് റീത്തുവിന്റെ ജീവിതം. ഓരോ ദിവസവും കണ്ടകാഴ്ചകളും കേട്ട ശബ്ദങ്ങളുമൊക്കെ സൃഷ്ടിച്ച ഓര്‍മകള്‍ കൂട്ടിവച്ച് ജീവിക്കുകയാണ് റിത്തു. അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പൊലീസുകാരന്‍ കടന്നുവരികയാണ്. കാണാതാവുന്ന പെണ്‍കുട്ടികള്‍, മൃതദേഹങ്ങള്‍ തുടങ്ങിയവയുടെ അന്വേഷണത്തിനായി തമിഴ്നാട്ടില്‍നിന്ന് വരുന്ന പൊലീസുകാരന്‍. നഷ്ടപ്പെട്ട ഓര്‍മകള്‍ക്കിടയില്‍നിന്ന് ചികഞ്ഞെടുത്ത് ആരാണ് കുറ്റവാളിയെന്നു കണ്ടെത്താനുള്ള യാത്രയാണ് പിന്നീടങ്ങോട്ട് ചിത്രം. റിത്തു പറയുന്നത് സത്യമാണോ അതോ ഭാവനയാണോ എന്നറിയാന്‍ കഴിയാതെ അമ്പരക്കുന്ന പൊലീസുകാര്‍. സമാനമായ അവസ്ഥയിലാണ് കാണികളും. പറയുന്ന കഥയില്‍ ഏതാണ് സത്യം, എതാണ് ഭാവന എന്ന സംശയം സിനിമ തീരുമ്പോഴും ബാക്കിനില്‍ക്കും.

മലയാളത്തില്‍ യുവാക്കളെ വായനയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കാരണമായ പുതുതലമുറ നോവലിസ്റ്റുകളില്‍ ആദ്യത്തെ പേരുകാരനാണ് ലാജോ ജോസ്. കോഫി ഹൗസില്‍ തുടങ്ങിയ ക്രൈം ത്രില്ലര്‍ നോവല്‍ സീരീസ് വായിക്കാത്ത മലയാളികള്‍ ചുരുക്കമാണ്. ലാജോ ജോസ് തിരക്കഥയൊരുക്കിയ ആദ്യസിനിമ കൂടിയാണ് ബോഗയ്ന്‍വില്ല.

ലാജോ ജോസ് ആരാധകര്‍ക്കും ആഘോഷിക്കാനുള്ള വകയൊക്കെ സിനിമയിലുണ്ട്. ലാജോജോസിന്റെ പ്രശസ്തമായ ഹിറ്റ് നോവലിന്റെ ക്ലൈമാക്സ് മലയാളത്തിലെ ഒരു മുന്‍നിര സംവിധായകന്റെ ഹിറ്റ് സിനിമയുടെ ക്ലൈമാക്സായി മാറിയത് സമീപകാലത്തു കണ്ടതാണ്. പക്ഷേ അന്ന് കൈവിട്ടുപോയ നോവലിന്റെ മറ്റു പല പ്രധാനഭാഗങ്ങളും ചേര്‍ത്തുവച്ചാണ് അമല്‍നീരദും ലാജോജോസും ബോഗയ്ന്‍വില്ല ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയില്‍ അടിമുടി മാറ്റങ്ങളുണ്ട്. നോവലിലില്ലാത്ത പുതിയൊരു മുഴുനീള കഥാപാത്രം സിനിമയിലുണ്ട്. നായികയുടെ പേരും അന്വേഷണോദ്യോഗസ്ഥന്റെ പേരും പശ്ചാത്തലവുമൊക്കെ മാറ്റിയിട്ടുണ്ട്. ലാജോയുടെ തന്നെ മറ്റൊരു നോവലിന്റെ ചില ഭാഗങ്ങളും ഇണക്കിച്ചേര്‍ത്തിട്ടുണ്ട്.

ജ്യോതിര്‍മയിയുടെ തിരിച്ചുവരവാണ് ബോഗയ്ന്‍വില്ലയുടെ പ്രധാനനേട്ടം. മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍. നിയന്ത്രിതമായ അഭിനയശൈലി. ഹോളിവുഡ് ലെവലിലുള്ള പ്രകടനം. പുതിയ ഭാവത്തിലും വേഷത്തിലും ജ്യോതിര്‍മയി നിറഞ്ഞ കയ്യടി അര്‍ഹിക്കുന്നുണ്ട്. നടത്തത്തില്‍പ്പോലും വളരെ സൂക്ഷ്മശ്രദ്ധയോടെ കഥാപാത്രത്തെ കൊണ്ടുവന്ന കുഞ്ചാക്കോബോബനും മികച്ച പ്രകടനമാണ്. ഫഹദ് ഫാസിലാണ് ഇതെന്ന് ഒരിക്കല്‍പ്പോലും തോന്നാത്തവിധം മനോഹരമായി തന്റെ കഥാപാത്രത്തെ ഫഹദ് അവതരപ്പിക്കുന്നുണ്ട്. അത്രയേറെ പെര്‍ഫെക്ഷന്‍. ശ്രിന്ദയും വീണയും ഷറഫുദ്ദീനും ജിനു ജോസും ഷാജി തിലകനും നിസ്താർ സേഠുമടക്കം എല്ലാ അഭിനേതാക്കളും തങ്ങളുടെ ഭാഗം വെടിപ്പാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments