കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പി.പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതു സഹിക്കാനാവാതെ എ ഡി എം നവീൻ ബാബു ജീവനൊടുക്കേണ്ടി വന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ ജില്ലാ ഭരണകൂടത്തിന് നോട്ടീസ് അയ്യച്ചു. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
നവംബർ 19-ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുന്നതാണ്. എ ഡി എമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ ഡി എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയ്ക്കും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിനെതിരെയും നവീൻ ബാബുവിന്റെ സഹോദരനും പോലീസിൽ പരാതി നൽകി. നവീൻ ബാബുവിനെ പരസ്യമായി ഭീഷണിപ്പെടുത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്.