പയനീയർ ക്ലബ് അവാർഡ് 10,5,2024,കേരള സെന്റർ
പ്രിയ സദസ്സിനും വേദിയിലിരിക്കുന്ന ബഹുമാന്യരായ അതിഥികൾക്കും എന്റെ വന്ദനം.!
പയനീയർ ക്ലബ്ബിൻ്റെ ഈ അംഗീകാരം ഏറ്റുവാങ്ങാൻ ഇവിടെ നിൽക്കുമ്പോൾ ഞാൻ സർവ്വേശ്വരന് നന്ദിയർപ്പിക്കുന്നു. എന്നെ വിട്ടു പിരിഞ്ഞ എൻ്റെ പൂർണ്ണസംഖ്യയും എന്നെ ഞാനാക്കിയ എൻ്റെ പ്രിയ ഭർത്താവ് വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പായെ നന്ദിപൂർവ്വം സ്മരിക്കുന്നു. സ്വർഗ്ഗസ്ഥനായ അദ്ദേഹം ഈ ആഹ്ളാദം പങ്കിടാൻ ഇവിടെ സന്നിഹിതനാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്നിലെ കാവ്യവാസനയെ കൈപിടിച്ചുയർത്തിയ ആ സന്ദേഹനിധിയുടെ പാദാരവിന്ദങ്ങളിൽ ഈ അംഗീകാരം സമർപ്പിക്കുന്നു. എൻ്റെ രണ്ടു പുത്രന്മാരും പുത്രവധുവും, എൻ്റെ സഹോദരങ്ങളും ഉറ്റ മിത്രങ്ങളും ഇവിടെ സന്നിഹിതരായിട്ടുണ്ട്, സ്നേഹവന്ദനം.I am so humbled when I stand here,
മരങ്ങൾ താഴുന്നു ഫലാഗമത്തിനാൽ
പരം നമിക്കുന്നു ഘനം നവാംബുവാൽ
സമൃദ്ധിയിൽ സജ്ജനമുറ്റമാർന്നിടാ പരോപകാരിക്കിതുതാൻ സ്വഭാവമാം.
ഈ അവാർഡ്, അംഗീകാരം എനിക്കായി നിർണ്ണയിച്ച പയനീയർ ക്ലബ്ബിന്റെ ഭാരവാഹികൾക്ക് ഞാൻ കൃതജ്ഞത നേരുന്നു. ഇത് അഭിമാനത്തിൻ്റെ നിമിഷമാണ്. ഇത്തരം അവസരങ്ങൾ ജീവിതത്തിലുണ്ടാകുന്നത് സൗഭാഗ്യമാണ്. ഞാൻ എഴുത്തിന്റെ ലോകത്തിലേക്കു വന്നത് എൻ്റെ കൗമാരകാലം തൊട്ടാണ്.
ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന എൻ്റെ വന്ദ്യപിതാവ് ഞങ്ങൾ
മക്കളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു, പാഠപുസ്തകങ്ങൾക്കൊപ്പം മറ്റു കൃതികളും അദ്ദേഹം ഞങ്ങൾക്കായി പരിചയപ്പെടുത്തി. അങ്ങനെയാണ് വിശ്വവിഖ്യാതനും 1913 ൽ ആദ്യമായി ഭാരതത്തിനു നോബൽ സമ്മാനം നേടിത്തന്ന രവീന്ദ്രനാഥ ടാഗോറിൻ്റെ ഗീതാഞ്ജലിയെപ്പറ്റി ഞാനറിയുന്നത്, അത് എന്നിൽ ഒരു വികാരമായി നിലകൊണ്ടു. ജീവിത ഭാരങ്ങളൊക്കെ ഒന്നൊതുങ്ങിയപ്പോൾ ന്യൂയോർക്കിലെ ലൈബ്രറിയിൽ നിന്നും ഇംഗ്ലീഷ് ഗീതാഞ്ജലി ലഭ്യമായി, വീണുകിട്ടിയ ഒഴിവു സമയങ്ങളിൽ അതു മലയാളത്തിലേക്കു വൃത്തബദ്ധമായ കവിതകളായി പരിഭാഷപ്പെടുത്തി. 103 ഗീതങ്ങൾ 500ൽ പരം കവിതകളായി, പഞ്ചചാമരം, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, കേക, കാകളി, വസന്തതിലകം, സ്രഗ്ദ്ധര തുടങ്ങിയ സംസ്ക്കൃത വൃത്തങ്ങളിൽ എട്ടു വർഷത്തെ തപസ്യയിലൂടെ വാർത്തെടുത്തു, അതിപ്പോൾ ഇ മലയാളി എല്ലാ ശനിയാഴ്ചയും പ്രസദ്ധീകരിക്കുന്നത് വളരെ സന്തോഷം നൽകുന്നു. ടാഗോറിന്റെ 1879 മുതൽ 1941 വരെയുള്ള 80 വർഷത്തെ സംഭവബഹുലമായ ജീവിതം ലോകത്തിനു കാഴ്ചവച്ച അനേകായിരം രചനകളിലെ അമൂല്യ രത്നമാണ് ഗീതാഞ്ജലി, ടാഗോർ എന്ന അനശ്വര പ്രതിഭയുടെ അതുല്യ സൃഷ്ടിയായ ഗീതാണ്ട്ലി എന്ന പുണ്യതീർഥം എൻ്റെ കൈക്കുടന്നയിൽ കോരിയെടുക്കുവാൻ ശ്രമിച്ചത് അവിവേകമായിപ്പോയോ എന്നു ഞാൻ ആദ്യം സന്ദേഹിച്ചു, എന്നാൽ ആദ്ധ്യാത്മികതയുടെ പരമവൈശിഷ്ട്യം വിളംബരം ചെയ്യുന്ന ആ ദിവ്യപ്രഭാവത്തെ എന്റെ ഹൃദയചഷകത്തിൽ ആവോളം നിറച്ച് നിർവൃതി നേടുവാൻ ശ്രമിച്ചപ്പോൾ ഈശ്വരസാന്നിദ്ധ്യത്തിൻ്റെ അലകൾ എൻ്റെ ഹൃദയത്തിൽ ഉയരുന്നതായും ഒരപ്രമേയശക്തി എന്നിൽ വിലയിക്കുന്നതായും ഞാൻ അനുഭവിച്ചറിഞ്ഞു. ഈശ്വരപ്രേമത്തിന്റെ സാത്വികതയും, മനുഷ്യത്വത്തിൻ്റെ മാധുര്യവും, ശൈശവത്തിന്റെ നൈർമ്മല്യവും, സൗന്ദര്യത്തിൻ്റെ ശബളിമയും നിറഞ്ഞുതുളുമ്പുന്നതുമായ ഒരു അനശ്വരപ്രവാഹമാണ് ആ പുണ്യതീർഥം. ആ മഹാത്മാവിനെ നമിച്ചുകൊൺടാണ് ഓരോ നേരവും ഞാൻ രചന തുടങ്ങിയത്.
നാസാ കൗൺടി ഡിപ്പാർട്ടുമെൻ്റ് ഓഫ് പബ്ലിക്ക് വർക്ക്സിലെ ഒരു എൻജിനീയർ എന്ന ചുമതലയാർന്ന ജോലി, ഒരു വൈദിക പത്നി, രൺടു പുത്രന്മാരുടെ മാതാവ് എന്നീ ബദ്ധപ്പാടുകൾക്കിടയിലൂടെ 13 കാവ്യസമാഹാരങ്ങൾ വിരചിക്കുവാൻ സാധിച്ചത് ദൈവകരുണയൊന്നുകൊൺടു മാത്രമാണ്.
അമേരിക്കൻ മലയാളികൾക്കു പൊതുവേ വായനാശീലം കുറവാണെന്ന് ഇവിടെ വളർന്നു പന്തലിക്കേണ്ട മലയാളസാഹിത്യം മുരടിച്ചു നിൽക്കുന്നതിൽ നിന്നും മനസിലാക്കാം. എന്നാലും എഴുത്തുകാർ എഴുതുന്നു. ഞാനും എഴുതുന്നു. എന്നെ ഒരു കവയിത്രി എന്ന നിലയ്ക്ക് അംഗീകരിക്കമ്പോൾ എൻ്റെ എഴുത്തിനുള്ള പ്രതിഫലമായി ഞാൻ കരുതുന്നു.
ഏവർക്കും എൻ്റെ നന്ദി. പ്രത്യേകിച്ച് എൻ്റെ രചനകൾ പ്രസിദ്ധപ്പെടുത്തി എന്നെ പ്രോത്സാഹിപ്പിച്ച മലയാളം പത്രം, കൈരളി, കേരള എക്സ്പ്രസ്, രജനി, ജനനി, ഇ മലയാളി, മലയാളി മനസ്സ് തുടങ്ങി അനേകം മാദ്ധ്യമങ്ങളോടുള്ള നന്ദിയും സ്നേഹവും ഇത്തരുണത്തിൽ അർപ്പിക്കുന്നു. അംഗീകാരങ്ങൾ ഏറ്റുവാങ്ങാൻ ഇവിടെ സന്നിഹിതരായിരിക്കുന്ന ബഹുമാന്യ മിത്രങ്ങൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
ഗീതാഞ്ജലിയിലെ 35 ാം ഗീതത്തിൽ രവീന്ദ്ര ടാഗോറിനു ഭാരതത്തെപ്പറ്റിയുള്ള ആകുലതകളും, അഭിലാഷവും, അശംസകളും പ്രതിഫലിക്കന്നു. ഇവിടെ അത് ആലപിക്കുവാൻ ആഗ്രഹിക്കുന്നു. സദയം അനുവദിച്ചാലും!