നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ് നൽകിയ പരാതിയിലാണ് നടപടി. എറണാകുളം കടവന്ത്ര പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായെന്നാണ് വിവരം.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്.
തന്റെ മകളെ തന്നിൽ നിന്നും അമൃത അകറ്റുകയാണെന്നും മകളെ കാണാൻ സമ്മതിക്കുന്നില്ല എന്നും ചൂണ്ടി കാട്ടി പലവട്ടം പല അഭിമുഖങ്ങളിൽ ബാല എത്തിയിരുന്നു. എന്നാൽ ഇത് ചർച്ചയായതോടെ ബാലയ്‌ക്കെതിരെ ആദ്യമായി മകൾ രംഗത്തെത്തി അതോടെയാണ് കാര്യങ്ങൾ മാറി മറിയുന്നത്.
തന്റെ ഫാദർ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യപിച്ച് വന്ന് അമ്മയെ അച്ഛൻ പതിവായി ഉപദ്രവിക്കുന്നത് ഇന്നും തനിക്ക് ഓർമയുണ്ടെന്നും മാത്രവുമല്ല അമ്മയോടുള്ള വാശിയിൽ തന്നെ കോടതിയിൽ നിന്ന് വലിച്ചിഴച്ച് കാറിലിട്ട് ചെന്നൈയിലേക്ക് ബലമായി കൊണ്ടുപോയെന്നും കുട്ടി തുറന്നു പറഞ്ഞു. തൊട്ടുപിന്നാലെ ബാലയും ഒരു വീഡിയോ ചെയ്തു. മകളോട് തർക്കിക്കാൻ താനില്ലെന്നും ഇനിയൊരിക്കലും അരികിൽ വരില്ലെന്നും ബാല പറഞ്ഞു.
ബാലയുടെ വീഡിയോയ്ക്ക് പിന്നാലെ കുട്ടിയ്‌ക്കെതിരേ ശക്തമായ രീതിയിൽ സൈബർ ആക്രമണം ഉണ്ടായി. ഇതോടെ അമൃതയും പലകാര്യങ്ങളും തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വന്നു. ബാലയുമായി പിരിയാനുള്ള കാരണം ആദ്യമായി അമൃത തുറന്ന് പറഞ്ഞു. ശാരീരികവും മാനസികവുമായ പീഡനം സഹിക്ക വയ്യാതെ വീടു വിട്ടിറങ്ങിയതാണെന്ന് അമൃത പറഞ്ഞു. മകളെ ഇനിയും സൈബർ ആക്രമണം ചെയ്ത് ഉപദ്രവിക്കരുതെന്നും അമൃത അപേക്ഷിച്ചു. ഞാൻ എന്ത് തെറ്റാണ് ചെയ്തത്. പതിനെട്ടാമത്തെ വയസ്സിൽ ആദ്യമായി ഒരാളെ സ്‌നേഹിച്ചു. അയാളെ കല്യാണം കഴിച്ചു. അതിന് ശേഷം ചോര തുപ്പി പലദിവസവും ഞാൻ ആ വീട്ടിൽ കിടന്നിട്ടുണ്ട്. എനിക്ക് വീട്ടിൽ പറയാൻ മടിയായിരുന്നു, കാരണം അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നു. ഒരുപാട് കള്ളങ്ങൾ പറഞ്ഞാണ് എന്നെ വിവാഹം ചെയ്തത് എന്നും അമൃത ആരോപിച്ചിരുന്നു എന്നാൽ അതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഏറ്റവും ഒടുവിൽ ബാലയുടെ അറസ്റ്റ് വരെ എത്തി കാര്യങ്ങൾ.