കാസർകോട്: ഓട്ടോറിക്ഷ പൊലീസ് പിടിച്ചുവെച്ചതിനെ തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത ഡ്രൈവര്‍ അബ്ദുല്‍ സത്താറിൻ്റെ കുടുംബത്തെ ഇന്ന് പി വി അൻവർ എംഎൽഎ സന്ദർശിക്കും.രാവിലെ ഡിഎംകെ പ്രവർത്തകർക്കൊപ്പം മംഗലാപുരത്തെ വീട്ടിൽ എത്തും എന്നാണ് അൻവർ അറിയിച്ചത്. പൊലീസിന്റെ പീഡനത്തിൽ മനംനൊന്താണ് അബ്ദുൾ സത്താർ ആത്മഹത്യ ചെയ്തതെന്ന് അൻവർ ആരോപിച്ചു.
ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താർ ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി അബ്ദുൾ സത്താറിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.കേസിൽ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മകന്‍ അബ്ദുല്‍ ഷാനിസ് ആവശ്യപ്പെട്ടിരുന്നു. പിതാവിനെ ഇനി തിരിച്ചുകിട്ടില്ല.പക്ഷെ ഇനി ഒരാള്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നായിരുന്നു മകന്‍ പറഞ്ഞത്. ഓട്ടോറിക്ഷ പൊലീസ് വിട്ടുകൊടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമായിരിന്നു ഷാനിസിൻ്റെ പ്രതികരണം.
അബ്ദുല്‍ സത്താറിൻ്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടു നല്‍കാത്തതില്‍ മനംനൊന്താണ് അബ്ദുല്‍ സത്താര്‍ (55) ആത്മഹത്യ ചെയ്തത്.