പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിലും ചർച്ചകൾ കൊഴുക്കുന്നു. ശോഭ സുരേന്ദ്രൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്കിടെ ശോഭ സുരേന്ദ്രന് വേണ്ടി പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം. നഗരസഭയുടെ മുൻവശത്ത് ഉൾപ്പെടെ പോസ്റ്ററുകൾ വെച്ചിട്ടുണ്ട്.
പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോൺഗ്രസിലും സിപിഎമ്മിലും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് ചർച്ച സജീവമാണ്.അതിനിടെ, ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎമ്മിൽ ആലോചന.ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായി. സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് ബിനുമോൾ.
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമാണ്. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ്.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്കാണ് മുൻഗണന ലഭിച്ചത്. മലമ്പുഴ ഡിവിഷനിൽ നിന്നാണ് ബിനുമോൾ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.