”ശങ്കരേട്ടന്റെ വലതു കാൽ മുറിച്ചു മാറ്റുക എന്നതല്ലാതെ മറ്റെന്തെങ്കിലും . ഓപ്ഷൻ.”
ശ്രീകുമാർ പറഞ്ഞതെല്ലാം ശാന്തമായി കേട്ട് ജയയുടെ ആദ്യ ചോദ്യമതായിരുന്നു.
“നൊ ജയ … നൊ .
കാലിൽ പഴുപ്പ് നന്നായി ബാധിച്ചിരിക്കുന്നു. വേറെഒരു രക്ഷയുമില്ല”
”ഓകെ അപ്പോൾ ജീവൻ രക്ഷിക്കാൻ ഏകമാർഗ്ഗം പഴുപ്പു ബാധിച്ച ആ വലതുകാൽ മുറിച്ചുമാറ്റുക എന്നതാണ്. എന്നു വെച്ചാൽ അത് ചെയ്ത് ശ്രീയേട്ടൻ ശങ്കരേട്ടന്റെ ജീവൻ രക്ഷിക്കുന്നു. മറ്റൊരർത്ഥത്തിൽ പുതിയ ജീവിതം നൽകുന്നു. അല്ലേ?”
ജയയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ശ്രീകുമാറിനോട് ജയ വീണ്ടും ചോദിച്ചു.
”മറുപടിപറയൂ.അങ്ങനെയല്ലേ?”
അറിയാതെ ശ്രീകുമാർ പറഞ്ഞു
“അതെ.. ”
“പിന്നെന്താ ടെൻഷൻ. പിന്നെന്തിനാ ടെൻഷൻ. ബീ പ്രാക്ടിക്കൽ.
വരൂ ഭക്ഷണംകഴിക്കാം”
ഭക്ഷണം കഴിക്കുമ്പോഴും ശേഷം കിടക്കാൻ നേരവും എല്ലാം ശ്രീകുമാർ സ്വയം പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.
ജയ പറഞ്ഞത് തന്നെയാണ് ശരി. കൂടുതൽ ഒന്നും ഇക്കാര്യത്തിൽ ചിന്തിക്കാനില്ല.
ആ ധൈര്യം മനസ്സിന് നൽകിയാണ് കിടന്നതും. കുറേ നേരം കണ്ണടച്ചങ്ങനെ ….. ഉറക്കം വന്നു തുടങ്ങിയതാണ് എന്നാൽ എന്തൊക്കെയോ കാഴ്ചകളുടെ വിഭ്രാന്തിയിൽ അയാൾ ഞെട്ടിയുണർന്നു. ജനലിലൂടെ എത്തുന്ന നിലാവെളിച്ചത്തിൽ കാണാം ശാന്തമായി ഉറങ്ങുന്ന ജയ.തന്റെ നെഞ്ചത്ത് കൂടി ചുറ്റി പിടിച്ചിരിക്കുന്ന ജയയുടെ ഇടതു കൈ പതുക്കെ എടുത്തു മാറ്റി അയാൾ നിലാവിനേക്കാൾ തെളിച്ചത്തോടേയും ഭംഗിയോടേയും തന്റെ ജീവിതത്തിൽ ഉദിച്ചു നിൽക്കുന്ന അവളെ അല്പസമയം നോക്കിയിരുന്നു.എത്ര യാഥാർത്ഥ്യബോധത്തോടെയാണ് ജയ കാര്യങ്ങളെ കണ്ടത്, എത്ര ലളിതമായാണ് വിശദീകരിച്ചത്. പക്ഷേ തനിക്കിപ്പോഴും…..
ശ്രീകുമാർ എണീറ്റ് പതിയെ മുറിക്ക് പുറത്തിറങ്ങി സ്വീകരണ മുറിയിലെ സെറ്റിയിൽ വന്നിരുന്നു. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു കാണും. സ്വീകരണമുറിയിൽ വെളിച്ചം വന്നു.
ജയ. ജയനടന്നു വന്ന് ശ്രീകുമാറിനു പിന്നിൽ വന്നു നിന്നു. സെറ്റിയിൽ തല ചായ്ച്ചിരിക്കുന്ന അയാളുടെ തലമുടിയിൽ മൃദുവായി തഴുകി.
പിന്നെ പതിയേ പറഞ്ഞു “ഇത്ര പാവമാണോ എന്റെ ശ്രീയേട്ടൻ.”
“നിനക്കറിയില്ല ജയേ നിനക്ക് മനസ്സിലാവില്ല.”
“മനസ്സിലാവും ശ്രീയേട്ടാ എനിക്കെല്ലാം മനസ്സിലാവും .ശ്രീയേട്ടൻ മനസ്സിലാക്കൂ. ഈ മണ്ണിൽ ജന്മം ദാനമായി തന്ന ശങ്കരേട്ടന് ശ്രീയേട്ടൻ ജീവിതം തിരിച്ചു നൽകുന്നു. . ആ കാൽ മുറിച്ചു മാറ്റിയില്ലെങ്കിൽ ശങ്കരേട്ടന് ജീവിതമില്ല എന്ന് അറിയില്ലേ. അതു ചെയ്യുക വഴിആ ജീവിതമാണ് ശ്രീയേട്ടൻ നൽകുന്നത്. ജന്മപുണ്യം പോലെ ശങ്കരേട്ടൻ മുന്നിലെത്തി. ശങ്കരേട്ടന് എന്നും ശ്രീക്കുട്ടൻ ഉണ്ട് എന്ന പഴയവാക്കു പാലിക്കാൻ ദൈവം മുന്നിലെത്തിച്ചു. അങ്ങനെ കരുതൂ…”
തലയുയർത്തി നോക്കിയ ശ്രീകുമാറിന്റെ അടുത്തു വന്നിരുന്ന് ജയ ആ വലതു കൈ ചേർത്തു പിടിച്ചു.
“ഈ കൈ കൊണ്ടു ചെയ്തതെല്ലാം നന്മ.ഒരിക്കൽ പോലും പിഴവു വന്നിട്ടില്ല ഈ കൈകൾക്ക്. പണത്തിനു വേണ്ടിയായിരിക്കാം. അറിയാത്തവർക്കും മുൻപരിചയമില്ലാത്തവർക്കും വേണ്ടിയായിരിക്കാം. എങ്കിലും ആ ശ്രദ്ധ. കരുതൽ എല്ലാം നന്മ. ആദ്യമായി നന്മയോടൊപ്പം ശ്രീയേട്ടൻ ശ്രീയേട്ടന്റെ കടമ കൂടി ചെയ്യുന്നു. ബീ പ്രാക്ടിക്കൽ. പണം വാങ്ങാതെ ബില്ല് ഒഴിവാക്കി തുടർ ചികിത്സ നടത്തി ഇനിയങ്ങോട്ട് ഉള്ള എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ശങ്കരേട്ടനോടുള്ള കടമ നിർവ്വഹിക്കുന്നു. കൂടുതൽ ഒന്നും ആലോചിക്കണ്ട. ആലോചിക്കാനുമില്ല. ഇവിടെ ശരിയുത്തരം കിട്ടി കഴിഞ്ഞു. ഇനി ചിന്തിക്കുന്നത് വെറുതെയാണ്.”
ശ്രീകുമാർ ജയയെ ചേർത്തു പിടിച്ചു.പിന്നെ ഏത് പ്രതികൂലഅവസ്ഥയിലും തെളിമയാർന്ന ചിന്തകൾ നിറയുന്ന ആ മനസ്സു വായിച്ച് മനോഹരമായ മുഖത്തേക്ക് നോക്കി പതിയേ മന്ത്രിച്ചു.
“ജയാ മനസ്സിലാവുന്നു മനസ്സിലാവുന്നു….. ….. ഞാനെന്റെ കടമ നിറവേറ്റുന്നു ……. എന്നും നീ പറയുന്നത് അതതു സമയത്ത് ചെയ്യേണ്ടിയിരുന്ന കാര്യങ്ങൾ.ശങ്കരേട്ടനെ കാണാനും വിവരങ്ങൾ അന്വേഷിക്കാനും നീ എത്ര തവണ പറഞ്ഞു. എന്താവശ്യമുണ്ടെങ്കിലും വരാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് ഞാനത് തള്ളി.ശങ്കരേട്ടൻ ആരേയും ഒരു കാര്യത്തിനും സമീപിക്കില്ല എന്നറിയാത്തതല്ല എനിക്ക് എന്നിട്ടും. രോഗം പരമാവധി മറ്റുള്ളവരെ അറിയിക്കാതെ അവരെ പ്രയാസപ്പെടുത്തരുതെന്ന കരുതി വേദനകൾ സഹിച്ചു കഴിയുന്ന സ്വഭാവമാണെന്നും മനസ്സിലാക്കണമായിരുന്നു ഉണ്ടായില്ല. മാത്രമല്ല താൻ ഡോക്ടർ ആണെന്നല്ലാതെ ഇപ്പോൾ എവിടെയാണ് ജോലി ചെയ്യുന്നതെന്നാ എന്തിന്റെ ഡോക്ടർ ആണെന്നു പോലുമോ ശങ്കരേട്ടന് അറിയണമെന്നില്ല. ഇങ്ങനെയൊരവസ്ഥയാകട്ടെ താൻ പ്രതീക്ഷിച്ചതുപോലുമില്ല. ഇനി അതൊന്നും ആലോചിച്ചിട്ടു കാര്യവുമില്ല. ഇനിയെന്തു ചെയ്യാം അതാണ് മുഖ്യം. ജയേ ഒരു കടമയെന്നപ്പോലെ ഞാനത് ചെയ്യും…….”
“ദേഷ്യപ്പെടില്ലെങ്കിൽ ഞാനൊരു സത്യം പറയാം ശ്രീയേട്ടാ.”
“പറയൂ..”
”വെച്ചു കെട്ടലുകൾ അഴിച്ചു മാറ്റിയാൽ ഒരു സാധാരണ നാട്ടുമ്പുറത്തുകാരനാണ് ശ്രീയേട്ടൻ. പാടാക്കരക്കാരൻ.ഞവരക്കാട്ട് രാമാനന്ദൻ മാഷുടേയും മാലിനിയുടേയും എല്ലാ നന്മകളും ഉള്ളിന്റെയുള്ളിൽ കൊണ്ടു നടക്കുന്ന മകൻ..
നേരം നോക്കൂ ..ഒരു മണി കഴിഞ്ഞു ഇനി വന്നുകിടക്കൂ. ഒരു ടെൻഷനും വേണ്ട. എല്ലാം നല്ലതിന്..”
ശ്രീകുമാർ ജയയെ അനുസരിച്ചു. ശാന്തമായ മനസ്സുമായി അയാൾ കിടന്നു.പതിയേ മയക്കത്തിലേക്കു വീണു. ആ ഉറക്കത്തിലയാൾക്കു മുന്നിൽ പലപല ചിത്രങ്ങൾ മാറി മാറി തെളിഞ്ഞു.
ഞവരത്തോട് തെളിഞ്ഞൊഴുകി, നോക്കെത്താ ദൂരത്തോളം പച്ച പട്ടുവിരിച്ച് ഞവരപ്പാടം. വിശാലമായ ആ പാടം കടന്ന് തണുത്ത കാറ്റു വീശി. ഞവരക്കാട് തറവാട് തലയുയർത്തി നിന്നു. ഒരു നാടിനു മുഴുവൻ പ്രിയപ്പെട്ടവനായിരുന്നഅച്ഛന്റെ കരുണ നിറഞ്ഞ മുഖം, കൂടെ നിൽക്കാനും വിശ്വസിക്കാനും മാത്രം പഠിച്ച പഠിപ്പിച്ച അമ്മയുടെ വാത്സല്യഭാവങ്ങൾ .ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവും പ്രകടമാകുന്ന ചെറിയമ്മയുടെ നിഷ്കളങ്കത നിറഞ്ഞ അതി മനോഹരമായ ചിരി. എല്ലാം മാറി മാറി തെളിയുന്നു. ഇപ്പോൾ അയാൾ ശ്രീക്കുട്ടനാണ് ശങ്കരേട്ടന്റെ തോളിലാണ്. ശങ്കരേട്ടൻ ശ്രീക്കുട്ടനേയും കൊണ്ട് ഞവരത്തോടിന്റെ കരയിലുടെ നടക്കുന്നു .. പിന്നെ നടവരമ്പിലൂടെ. ശ്രീക്കുട്ടൻ സുരക്ഷിതനാണ് ശങ്കരേട്ടന്റെ ബലിഷ്ഠമായ കാലുകൾ കഴായ ചാടി കടക്കുന്നുണ്ട്. എപ്പോഴോ ശ്രീക്കുട്ടൻ വലുതായി ഇപ്പോൾ ശങ്കരേട്ടൻ ശ്രീക്കുട്ടന്റെ കൈകളിലാണ് സുരക്ഷിതനാണ്…. ആ മുഖത്ത് സന്തോഷം നിറയുന്നു അവരങ്ങനെ യാത്ര ചെയ്യുകയാണ് നിറഞ്ഞ ചിരിയോടെ ദൂരേക്ക് ……
(അവസാനിച്ചു.)