Saturday, November 23, 2024
Homeസ്പെഷ്യൽകതിരും പതിരും: പംക്തി (58) നിലവാരം എന്ന വാക്ക് നിസ്സാരമോ ? ✍ ജസിയ...

കതിരും പതിരും: പംക്തി (58) നിലവാരം എന്ന വാക്ക് നിസ്സാരമോ ? ✍ ജസിയ ഷാജഹാൻ.

ജസിയ ഷാജഹാൻ.

നിലവാരം എന്ന വാക്ക് നിസ്സാരമോ ?

എന്തിനും ഏതിനും നമുക്കൊക്കെ ഒരു നിലവാരം ഉണ്ട്.അത് നിർണ്ണയിക്കൽ ഉണ്ട്! ഉയർന്ന ജീവിത നിലവാരം, ഉൽപ്പന്ന നിലവാരം, ഉപയോഗനിലവാരം, പഠനനിലവാരം, വിലനിലവാരം, ജാതിമത നിലവാരം, ഗുണനിലവാരം തുടങ്ങി എവിടെയും, നമ്മൾ തിരഞ്ഞെടുക്കുന്ന, ആശ്രയിക്കുന്ന എന്തിലും ഈ നിലവാരം കണക്കാക്കലിന് ഒരു മുൻഗണനയുണ്ട്, ഒരു കലർപ്പുണ്ട്. ഒരു സംയോജിക്കൽ ഉണ്ട്, കടന്നുവരീൽ ഉണ്ട്, നിലനിൽപ്പുണ്ട്, ഉപേക്ഷിക്കൽ ഉണ്ട്, വലിച്ചെറിയൽ ഉണ്ട്.

എന്നിരിക്കെ തന്നെ… മനുഷ്യർക്ക് അവർ തിരഞ്ഞെടുക്കുന്നതിൽ എല്ലാം ഏറ്റവും ബെസ്റ്റ് തന്നെ വേണം എന്ന ഒരു കണക്കുകൂട്ടലും ആഗ്രഹവുമാണ് മുന്നിൽ. നേട്ടങ്ങൾക്ക് വേണ്ടി അത്യന്തം പരിശ്രമിക്കുന്നവനും കൈനീട്ടി നിൽക്കുന്നവനും , എന്നാൽ ! എന്തും കാട്ടാൻ മടിക്കാത്തവനുമാണ് മനുഷ്യർ? ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും കടിഞ്ഞാണിടാൻ പാടുപെടുന്നവനാണ് . അവനവൻ്റെ ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇവയിൽ ഒക്കെ ചില ഏറ്റക്കുറച്ചിലുകൾ വരുന്നു എന്നു മാത്രം!

നിലവാരത്തിന് ചവിട്ടുപടികൾ ഉണ്ട്. ഔന്നത്യം ഉണ്ട്. അധികാരമുണ്ട്. ആരോഗ്യമുണ്ട്, പണമുണ്ട്. പ്രശസ്തിയുണ്ട്, അഹങ്കാരമുണ്ട്. ആകർഷകത്വ മുണ്ട്, സൗന്ദര്യമുണ്ട്. ഈടുണ്ട്, നിലവാരം കൂടിയവ എന്തും നമ്മൾ തിരഞ്ഞെടുക്കുമ്പോൾ അതിൽ ഇവയെല്ലാം ഒത്തു ചേരുന്നു. ഇവയുടെയൊക്കെ സമ്മിശ്രമായ ഒരു ക്വാളിറ്റി യാണ് ഈ നിലവാരം.

ഇനിയീ നിലവാരം കുറഞ്ഞവയിലോ?.. ഇരുട്ടും, ദാരിദ്ര്യവും , ശോഷിപ്പും, കെട്ടുറപ്പില്ലായ്മയും, അവഗണനയും അരുചിയും, സ്ഥാനഭ്രംശവും , അശാസ്ത്രീയതയും അനാരോഗ്യവും ഒക്കെ നിലനിൽക്കുന്നു.

അനുഭവങ്ങളുടെ മൂല്യനിർണ്ണയം കൊണ്ട് പടുത്തുയർത്തേണ്ടതാണ്! അളക്കേണ്ടതാണ് നിലവാരം. അളന്നുതിട്ടപ്പെടുത്തിയാൽ പിന്നെ അതിനെ ചവിട്ടുപടികളിലേക്ക് കൈപിടിച്ച് ഉയർത്താനും, താഴ് വാരങ്ങളിലേക്ക് ഒറ്റയടിക്ക് വലിച്ചെറിയാനും നമ്മൾ മനുഷ്യന്മാർക്ക് ആകും. ഇതിൽ കൈപിടിച്ച് ഉയർത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യവും വലിച്ചെറിയുക എന്നത് ഏറ്റവും എളുപ്പത്തിൽ കഴിയുന്ന കാര്യവുമാണ്. അവിടെയാണ് മനുഷ്യർ ജയിക്കേണ്ടത്. പരിശ്രമിക്കേണ്ടത്. വിലയിരുത്തേണ്ടത്.

നിലവാരമുള്ളത് എന്തും കൈക്കലാക്കുന്നതിലൂടെ വർദ്ധനവിലേക്കാണ് നമ്മൾ പോകുന്നത് എന്നാണ് കണക്കു കൂട്ടലുകൾ. ഗുണമേന്മ കൊണ്ടും, പ്രകടനങ്ങൾ കൊണ്ടും, കെട്ടുറപ്പുകൊണ്ടും ആകർഷകത്വം കൊണ്ടും,ലാളിത്യംകൊണ്ടും, അവ നമ്മെ കീഴ്പ്പെടുത്തുന്നു.

നിലവാരം കുറഞ്ഞവയെ സ്വാധീനിക്കുന്നതിൽ, സ്വീകരിക്കുന്നതിൽ സംതൃപ്തി അടയുന്നവർ അതേ നിലവാരത്തിൽ ഉള്ളവരായും, അവരുടെ പരിമിതികളെ, അറിവുള്ള വരായും, അതിൽ സന്തോഷിക്കുന്നവരായും അവരുടെ ബഡ്ജറ്റിൽ ഒതുങ്ങി കൂടാൻ ശ്രമിക്കുന്നവരായും കണക്കാക്കപ്പെടുന്നു. അവർക്കുള്ള മൂല്യനിർ
ണ്ണയം അവരുടെ പരിമിതിയാണ്. അവരുടെ വരുമാനമാണ്. അവർക്കങ്ങനെ ആകാനേ പറ്റൂ എന്ന് അവർ അടിയുറച്ചു വിശ്വസിക്കുന്നു. അതിൽ നിന്നുള്ള മാറ്റം അവർക്ക് അസാധ്യമായി താൽക്കാലികമായെങ്കിലും അനുഭവപ്പെടുന്നു. അങ്ങനെ വരുമ്പോൾ നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ അനിവാര്യമാണ്.

ഇതിനൊക്കെ അപ്പുറം ഒരു വ്യക്തിയുടെ സ്വഭാവ ഗുണനിലവാരം എടുത്തു പറയേണ്ടതു തന്നെയാണ്. അതിനെന്നും എവിടെയും പത്തരമാറ്റാണ്.

ജീവിത സാഹചര്യങ്ങളെ ആശ്രയിച്ച് എല്ലാകാര്യങ്ങൾക്കും പരിമിതികൾ ഉണ്ട്. വലുതും ചെറുതും, ഇടത്തരവും തീരെ ചെറുതും, അണുവും ഒക്കെ കൂടി കലർന്നതാണ് ഈ പ്രപഞ്ചവും ജീവിതവും.

അപ്പോൾ ഇതിൽ നിന്നൊക്കെ നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത്? ഒന്നും നിസ്സാരമല്ല. നിലവാരം അവനവൻ്റെ മൂല്യനിർണ്ണയമാണ്. അവകാശമാണ് ജീവിതമാണ്. ആദരവാണ്. ആത്മാംശമാണ്.

നിലവാരം കുറഞ്ഞവയെന്ന് ഒരു കൂട്ടർ അടച്ച് ആക്ഷേപിക്കുമ്പോഴും, അളന്നു തിട്ടപ്പെടുത്തുമ്പോഴും, തള്ളികുഴിയിൽ ഇടുമ്പോഴും, അവയെ കൈപിടിച്ചുയർത്താനും, ഹൃദയത്തോട് ചേർത്തുവയ്ക്കാനും, ജീവിതമാക്കാനും, ആസ്വദിക്കാനും, ഒപ്പം കൂട്ടാനും സമചിത്തതയോടെ സമാനമായ ഒരുപാട് പേർ കാത്തിരിപ്പുണ്ട്. അതുകൊണ്ടുതന്നെ നിലവാരം ഒരു നിസ്സാര വാക്കല്ല എന്നുറക്കെ പറഞ്ഞുകൊണ്ട് …

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി, സ്നേഹം.

ജസിയ ഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments