ന്യൂഡല്‍ഹി: വൈവാഹിക ബലാത്സംഗ വിഷയത്തില്‍ കൂടിയാലോചനകള്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും നല്‍കി.
വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സുപ്രീം കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും കേന്ദ്രം പറഞ്ഞു. ഇത് വിവാഹമെന്ന സങ്കല്‍പ്പത്തെ സാരമായി ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ഇത് നിയമവിഷയത്തെക്കാളുപരി സാമൂഹികപരമായ വിഷയമാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തീരുമാനമെടുക്കുന്നതിനുമുമ്പ് എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചന നടത്തേണ്ടി വരുമെന്നും കേന്ദ്രം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം അറിയാതെ വിഷയത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
വൈവാഹിക ജീവിതത്തില്‍ പങ്കാളിയില്‍ നിന്ന് ലൈംഗിക ബന്ധം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പങ്കാളിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അവരെ നിര്‍ബന്ധിക്കാനുള്ള അവകാശം ഭര്‍ത്താവിനില്ല.എന്നാല്‍ ഈ വിഷയത്തില്‍ ബലാത്സംഗവിരുദ്ധ നിയമപ്രകാരം ശിക്ഷയേര്‍പ്പെടുത്തുന്നത് ശരിയായ നടപടിയായിരിക്കില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ദാമ്പത്യ ജീവിതത്തില്‍ സ്ത്രീയുടെ സമ്മതം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ പാര്‍ലമെന്റ് ഇതിനോടകം കൈക്കൊണ്ടിട്ടുണ്ട്. വിവാഹിതരായ സ്ത്രീകളോടുള്ള ക്രൂരതയ്ക്ക് ശിക്ഷ നല്‍കുന്ന നടപടിക്രമങ്ങളും നിലവിലുണ്ട്. 2005ല്‍ പ്രാബല്യത്തില്‍ വന്ന ഗാര്‍ഹികപീഡന നിരോധന നിയമവും വിവാഹിതരായ സ്ത്രീകളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.