Sunday, November 24, 2024
Homeഅമേരിക്കമലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് (കീരിക്കാടൻ ജോസ്) അന്തരിച്ചു

മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് (കീരിക്കാടൻ ജോസ്) അന്തരിച്ചു

തിരുവനന്തപുരം: ‘കിരീടം’ എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതനായ നടൻ മോഹൻരാജ് അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. തിരുവനന്തപുരം കഠിനംകുളത്തെ വീട്ടിൽ വെച്ച് വൈകിട്ട് 3 മണിയോടെയായിരുന്നു അന്ത്യം. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയിൽ നിന്ന് ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.

മോഹന്‍രാജ് എന്ന യഥാര്‍ത്ഥ പേരിലല്ലാതെ ആദ്യകഥാപാത്രത്തിന്റെ പേരില്‍ തന്നെ പിന്നീട് അറിയപ്പെടാന്‍ തുടങ്ങി. തിരുവനന്തപുരം ജില്ലയിലാണ് ജനനം. ഗവ. ആർട്സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ഇന്ത്യന്‍ ആര്‍മ്ഡ് ഫോഴ്‌സ്, സെൻട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, കേരള പോലീസ് എന്നീ വിഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പഠനകാലത്ത് സൈനികനാകാനായിരുന്നു ആഗ്രഹം. തുടര്‍ന്ന് പട്ടാളത്തില്‍ ചേര്‍ന്നു. എന്നാല്‍ ഒരു പരിക്കേറ്റതിനാൽ സര്‍വീസില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നു. തുടര്‍ന്ന് എസ് ഐ സെലക്ഷന്‍ ലഭിച്ചു. എന്നാല്‍ ആ ജോലിക്ക് പോയില്ല. പിന്നീടാണ് കസ്റ്റംസില്‍ ടെസ്റ്റ് എഴുതുന്നത്. ജോലി കിട്ടിയതിനെതുടര്‍ന്ന് 4വര്‍ഷത്തോളം കസ്റ്റംസില്‍ ജോലി ചെയ്തു.

ഇതിനിടയിലാണ് സിനിമയിലേക്ക് കടന്നുവരുന്നത്. തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്നാണ് ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാന ചെയ്ത കിരീടത്തിലെ വില്ലന്‍ വേഷം ചെയ്യുന്നത്. ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ വേഷം സിനിമാരംഗത്ത് അദ്ദേഹത്തെ പ്രശസ്തനാക്കി. പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായി തിളങ്ങി.

തെലുങ്കിലും തമിഴിലും തിരക്കുള്ള നടനായി മാറിയ മോഹൻ രാജ് രണ്ട് ജപ്പാനീസ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മൂന്നാംമുറ, കനല്‍ക്കാറ്റ്, ആറാം തമ്പുരാന്‍, നരസിംഹം, ഉപ്പുകണ്ടം ബ്രദേഴ്സ് ശ്രദ്ധേയ ചിത്രങ്ങള്‍. 300 ലേറെ സിനിമകളില്‍ വേഷമിട്ടു. പലതിലും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഹലോ എന്ന ചിത്രത്തിലെ കോമഡി മാനമുള്ള ഗുണ്ട വേഷം ഏറെ കൈയടി നേടി. കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍, മൂന്നുമണി എന്നീ സീരിയലുകളിലും വേഷമിട്ടു.

സഹപ്രവര്‍ത്തകന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയാണ്. ‘എന്നും മലയാളികളുടെ ഓര്‍മയില്‍ തങ്ങി നില്‍കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച മോഹന്‍രാജിന്, മലയാള സിനിമയുടെ “കീരികാടന്‍ ജോസിന്” ആദരാഞ്ജലികൾ’, എന്നാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കുറിച്ചത്. മമ്മൂട്ടിയും മോഹന്‍രാജിന് ആദരാഞ്ജലികൾ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments