വിയറ്റ്നാം: പക്ഷിപ്പനി വൈറസ് പടർന്നു മൃഗശാലയിൽ ചത്തത് 47 കടുവകൾ, 3 സിംഹങ്ങൾ, 1 പുള്ളിപ്പുലി. ഓഗസ്റ്റ്, സെപ്തംബർ മാസത്തിലാണ് പക്ഷിപ്പനി വൈറസ് മൂലം ഇത്രയധികം മൃഗങ്ങൾ ചത്തതെന്നാണ് അധികൃതർ വിശദമാക്കുന്നത്.
വിയറ്റ്നാമിലെ വിവിധ സ്വകാര്യ മൃഗശാലകളിലായാണ് വലിയ രീതിയിൽ എച്ച്5എൻ1 വൈറസ് മൃഗങ്ങൾ ചത്തൊടുങ്ങാൻ കാരണമായത്. ബുധനാഴ്ചയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ലോംഗ് ആൻ പ്രവിശ്യയിലെ മൈ ക്വിൻ സഫാരി പാർക്ക്, ദോഗ് നായ് പ്രവിശ്യയിലെ വൂഓൺ സോയ് മൃഗശാല എന്നിവിടങ്ങളിലാണ് വലിയ രീതിയിൽ പക്ഷിപ്പനി പടർന്നത്.
മൃഗങ്ങൾക്ക് തീറ്റയായി നൽകിയ ഇറച്ചിയിൽ നിന്നാവാം വൈറസ് പടർന്നതെന്ന നിരീക്ഷണത്തിലാണ് അധികൃതരുള്ളത്. എന്നാൽ വൈറസ് ബാധയേക്കുറിച്ച് മൃഗശാല അധികൃതർ പ്രതികരിച്ചിട്ടില്ല. നാഷണൽ സെന്റർ ഫോർ അനിമൽ ഹെൽത്ത് ഡയഗ്നോസിസിൽ നിന്ന് പുറത്ത് വന്ന സാംപിളുകളുടെ ഫലമാണ് വലിയ രീതിയിലുള്ള വൈറസ് ബാധയുടെ വിവരം പുറത്ത് കൊണ്ട് വന്നത്.
എച്ച്5എൻ1 വൈറസിന്റെ ടൈപ്പ് എ വിഭാഗത്തിലുള്ള വൈറസാണ് മൃഗശാലയിലെ ജീവികളെ ബാധിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമായത്. മൃഗങ്ങളെ പരിചരിച്ചതിന് പിന്നാലെ ശ്വാസ സംബന്ധിയായ തകരാറുകൾ നേരിട്ട ജീവനക്കാരെ ഐസൊലേഷൻ ചെയ്തിരിക്കുകയാണ്.
2023ന്റെ അവസാനത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ വിയറ്റ്നാമിൽ 385 കടുവകളാണ് സ്വകാര്യ മൃഗശാലകളിൽ അടക്കം കഴിയുന്നത്. മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള വൈറസാണ് നിലവിൽ പടർന്ന് പിടിച്ചിട്ടുള്ളത്. 2004ൽ പന്ത്രണ്ടിലേറെ കടുവകൾ പക്ഷിപ്പനി മൂലം തായ്ലാൻഡിൽ ചത്തിരുന്നു.