ടെൽ അവീവ്: പശ്ചിമേഷ്യ അശാന്തമായിരിക്കെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി ഇറാൻ ഇസ്രായേലിലേക്ക് തൊടുത്തത് 180ലധികം ബാലിസ്റ്റിക് മിസൈലുകൾ. ഗാസ, ലെബനൻ ആക്രമണത്തിലും ഇറാൻ റവല്യൂഷനറി ഗാർഡ് കോർപസ് (ഐആർജിസി), ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ വധത്തിലും പ്രതികാരം വീട്ടാൻ ചൊവ്വാഴ്ച രാത്രിയിലാണ് ഇറാൻ ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്തിയത്.
ഇസ്രായേലുമായി നേരിട്ട് അതിർത്തി പങ്കിടാത്ത ഇറാൻ, ഇറാഖ്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് മീതെയാണ് ഇസ്രായേൽ ലക്ഷ്യമാക്കി മിസൈലുകൾ തൊടുത്തത്. ഇവയിൽ ഭൂരിഭാഗവും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ അയൺ ഡോം, ഡേവിഡ് സ്ലിങ്, ആരോ 2, ആരോ 3 തുടങ്ങിയവ ഉപയോഗിച്ച് ഇസ്രായേൽ ആകാശത്തുവെച്ചുതന്നെ നിർവീര്യമാക്കി. ആക്രമണത്തിൽ ആളപായം തടയാനും ഇസ്രായേലിന് കഴിഞ്ഞു.
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിൻ്റെ റിപ്പോർട്ട് പ്രകാരം, ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ ആർക്കും പരിക്കില്ല.ഈ വർഷം ഇറാൻ ഇസ്രായേലിന് നേരെ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് ഇന്നലത്തേത് എന്നാണ് റിപ്പോർട്ട്. ദമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിൽ പ്രതികാരം വീട്ടാൻ ഇക്കഴിഞ്ഞ ഏപ്രിലിൽ ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ (110 ബാലിസ്റ്റിക് മിസൈലുകളും 30 ക്രൂയിസ് മിസൈലുകളും), ഡ്രോൺ ആക്രമണം നടത്തിയിരുന്നു. അന്ന് അമേരിക്കയുടെ അടക്കം പിന്തുണയോടെ ആക്രമണം പ്രതിരോധിച്ച അതേ മാർഗമാണ് ഇസ്രായേൽ ഇന്നലെയും സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച രാത്രി നടന്ന ഇറാൻ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപ് അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.പ്രാദേശിക സമയം രാത്രി 7:45 ഓടെ ഇസ്രായേൽ നഗരമായ ടെൽ അവീവിന് മുകളിലൂടെ ഇറാൻ മിസൈലുകൾ പായുന്ന ദൃശ്യങ്ങൾ ഇസ്രായേൽ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ഭൂരിഭാഗം മിസൈലുകളും ആകാശത്തുവെച്ചു തന്നെ നിർവീര്യമാക്കിയെന്ന് വ്യക്തമാക്കിയ ഇസ്രായേൽ ചുരുക്കം ചില മിസൈലുകൾ തെക്കൻ ഇസ്രായേലിൻ്റെ വിവിധ ഭാഗങ്ങളിൽ പതിച്ചുവെന്ന് സ്ഥിരീകരിച്ചു. അതേസമയം മിസൈലുകളിൽ 90 ശതമാനവും ലക്ഷ്യത്തിലെത്തിയെന്നാണ് ഐആർജിസിയുടെ അവകാശവാദം. ആക്രമണത്തിൽ ആദ്യമായി ഹൈപ്പർസോണിക് മിസൈലുകളും ഉപയോഗിച്ചതായും ഐആർജിസി വ്യക്തമാക്കുന്നുണ്ട്. ഇസ്രായേലിൻ്റെ മൂന്ന് മിലിറ്ററി ബേസുകളാണ് ലക്ഷ്യമിട്ടതെന്നും ഐആർജിസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുണ്ട്.
ഹമാസ്, ഹിസ്ബുള്ള എന്നിവർ തൊടുക്കുന്ന ഹ്രസ്വദൂര റോക്കറ്റുകളെ നേരിടാനുള്ള അയൺ ഡോം, ദീർഘദൂര റോക്കറ്റുകളെ നേരിടാനായി ഇസ്രായേൽ – യുഎസ് സംയുക്തമായി നിർമിച്ച ഡേവിഡ് സ്ലിങ്, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ നേരിടാനുള്ള ആരോ 2, ആരോ 3 എന്നീ അത്യാധുനിക പ്രതിരോധ മാർഗങ്ങൾ ഉപയോഗിച്ചാണ് ഇസ്രായേൽ ചൊവ്വാഴ്ചത്തെ ഇറാൻ ആക്രമണം പ്രതിരോധിച്ചതെന്നാണ് റിപ്പോർട്ട്.
300 മുതൽ 2000 കിലോമീറ്റർ വരെ പരിധിയിൽ വിക്ഷേപണം സാധ്യമാകുന്ന ഷഹാബ് 1 മുതൽ ഷഹാബ് 3 വരെയുള്ള ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ്റെ പക്കലുള്ളത്. ഫത്തേഹ് (300 – 500 കിലോമീറ്റർ), ഷഹാബ് 2 (500 കിലോമീറ്റർ), സോൾഫഗർ (700 കിലോമീറ്റർ), ഖിയാം 1 (750 കിലോമീറ്റർ), ഷഹാബ് 3 (2000 കിലോമീറ്റർ) എന്നിവയാണ് ഇറാൻ്റെ പക്കലുള്ള ബാലിസ്റ്റിക് മിസൈലുകൾ. ഇറാൻ്റെ ഏറ്റവും പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലായ ഫതഹും ഇസ്രായിലെനെതിരെ പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ട്