പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് പ്രതിമാ വിവാദം. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നഗ്ന പ്രതിമകളാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ലാസ് വെഗാസ് നഗരത്തിൽ പ്രത്യക്ഷപ്പെട്ട പ്രതിമയ്ക്ക് നാല്പത്തിമൂന്ന് അടിയോളം ഉയരമുണ്ട്.
വിഷാദഭാവത്തിലുള്ള ട്രംപിന്റെ പ്രതിമയാണിത്. ‘കുതന്ത്രവും അശ്ലീലവും’ എന്ന വാചകം രേഖപ്പെടുത്തിയിരിക്കുന്ന പ്രതിമകൾ നഗരത്തിന്റെ പലഭാഗത്തും സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ ചിത്രങ്ങൾ അടക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനോട് ട്രംപോ അദ്ദേഹത്തിൻ്റെ തെരെഞ്ഞെടുപ്പ് ക്യാംപോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ആരാണ് ഈ പ്രതിമകൾ സ്ഥാപിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. തെരെഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ പ്രതിമകൾ നഗരത്തിൽ നിന്ന് നീക്കം ചെയ്യുകയുള്ളൂ എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതാദ്യമായല്ല ട്രംപിന്റെ ഇത്തരം പ്രതിമകൾ പൊതുജന മധ്യത്തിൽ കാണപ്പെടുന്നത്. 2016ലും സമാന രീതിയിൽ ട്രംപിന്റെ നഗ്ന പ്രതിമകൾ നഗരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ ചിലത് പിന്നീട് ലേലം ചെയ്തുപോയിരുന്നു.