മെറ്റയുടെ പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസിന്റെ പ്രോട്ടോ ടൈപ്പ് പുറത്തിറക്കി. ഓറിയോണ്‍ എന്നാണ് ഇതിന് പേര്. മെറ്റയുടെ വാർഷിക പരിപാടിയായ മെറ്റ കണക്ടിലാണ് ഇത് അവതരിപ്പിച്ചത് ഉപഭോക്താവിന്റെ പരിതസ്ഥിതിയ്ക്കനുസരിച്ച് ഹോളോഗ്രഫിക് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിലിക്കണ്‍-കാര്‍ബൈഡ് ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ സാങ്കേതിക വിദ്യയിലാണ് ഈ കണ്ണടയുടെ നിർമാണം.
എഐ വോയ്‌സ് അസിസ്റ്റന്‍സ്, ഹാന്‍ഡ് ട്രാക്കിങ്, ഐ ട്രാക്കിങ്, മസ്തിഷ്‌ക സിഗ്നലുകള്‍ ഉപയോഗിച്ച് ഗ്ലാസ് നിയന്ത്രിക്കാന്‍ സാധിക്കുന്ന റിസ്റ്റ് ബേസ്ഡ് ഇന്റര്‍ഫെയ്‌സ് എന്നിവയോടുകൂടിയാണ് ഒറിയോണ്‍ എആര്‍ ഗ്ലാസ് തയ്യാറാക്കിയിരിക്കുന്നതെന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഓറിയോണ്‍ ഭാവിയില്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് പകരമാവുമെന്നും സക്കര്‍ബര്‍ഗ് പറയുന്നു.
മെറ്റയുടെ റേബാന്‍ സ്മാര്‍ട് ഗ്ലാസുകളില്‍ നിന്ന് വ്യത്യസ്തമായി ഗ്ലാസിലൂടെ കാണുന്ന യഥാര്‍ത്ഥ പരിതസ്ഥിതിയുമായി ചേരുന്ന വിധം ഓഗ്മെന്റഡ് റിയാലിറ്റി ദൃശ്യങ്ങള്‍ ക്രമീകരിക്കപ്പെടും. പ്രായോഗിക തലത്തില്‍ അയണ്‍ മാന്‍ പോലുള്ള ഹോളിവുഡ് ചിത്രങ്ങളില്‍ കണ്ടിട്ടുള്ള ഫേസ് കംപ്യൂട്ടറുകള്‍ക്ക് സമാനമാണ് ഓറിയോണ്‍.
മൂന്ന് ഭാഗങ്ങളാണ് ഓറിയോണ്‍ എആര്‍ ഗ്ലാസിനുള്ളത്. അതില്‍ ഒന്ന് കണ്ണട തന്നെയാണ്. ഇത് നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള റിസ്റ്റ് ബാന്‍ഡ് ആണ് രണ്ടാമത്തേത്. എആര്‍ ഗ്ലാസിന്റെ കംപ്യൂട്ടിങ് സാധ്യമാക്കുന്നതിന് വേണ്ടി ഒരു പവര്‍ബാങ്കിന് സമാനമായ രൂപകല്‍പനയോടുകൂടിയ ഒരു വയര്‍ലെസ് കംപ്യൂട്ടിങ് പക്ക് ആണ് മൂന്നാമത്തേത്.
കണ്ണടയെ വയര്‍ലെസ് ആയാണ് ഈ കംപ്യൂട്ടിങ് ഉപകരണവുമായി ബന്ധിപ്പിക്കുക,.
കാഴ്ചയില്‍ സാധാരണ കണ്ണടകള്‍ക്ക് സമാനമാണ് ഇത്. പൂര്‍ണമായും സുതാര്യമായ ഗ്ലാസുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 70 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഇതിനുണ്ട്. ഇതിനാല്‍ ഗ്ലാസിനുള്ളിലൂടെ പുറത്തുള്ള കാര്യങ്ങളെല്ലാം കണുന്നതിനൊപ്പം തന്നെ ഡിജിറ്റല്‍ സ്‌ക്രീനും കാണാന്‍ സാധിക്കും.
ഫോണ്‍ എടുക്കാതെ തന്നെ വീഡിയോകോള്‍ ചെയ്യാനും, വാട്‌സാപ്പിലും മെസഞ്ചറിലും ചാറ്റ് ചെയ്യാനുമെല്ലാം ഈ കണ്ണടയുടെ സഹായത്തോടെ സാധിക്കും. മറ്റെന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ എടുത്ത് അണ്‍ലോക്ക് ചെയ്ത് ആപ്പ് തുറന്ന് ചെയ്യുന്ന കാര്യങ്ങള്‍ എളുപ്പം ശബ്ദ നിര്‍ദേശങ്ങളിലൂടെയും വിരലുകളുടെ ചലനങ്ങളിലൂടെയും ഓറിയോണില്‍ ചെയ്യാനാവും.