പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളി മത്സരം നാളെ പുന്നമടക്കായലിൽ. 70-ാമത് നെഹ്റു ട്രോഫി ജലമേള ഈ മാസം 28ന് ആലപ്പുഴ പുന്നമട കായലിൽ നടക്കും. 19ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 74 കളിവള്ളങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കും. ജലമേളയ്ക്കായുള്ള ഒരുക്കങ്ങൾ പുന്നമടയിൽ അവസാന ഘട്ടത്തിൽ.
ഇരുപത്തിയെട്ടാം തീയതി രാവിലെ 11 മണി മുതൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടന ചടങ്ങ് നടക്കും. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. 5 ഹീറ്റ്സുകളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഹീറ്റ്സിൽ മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് ചുണ്ടൻ വള്ളങ്ങൾ ഫൈനലിന് യോഗ്യത നേടും. ചെറുവള്ളങ്ങളുടെയും ചുണ്ടൻ വള്ളങ്ങളുടെയും ഫൈനൽ മത്സരം വൈകിട്ട് നാലു മുതൽ തുടങ്ങും.
താൽക്കാലിക ഗ്യാലറികളുടെയും നെഹ്റു പവലിയനിലെയും ഒരുക്കങ്ങൾ പൂർത്തിയാകുന്നു. യന്ത്രവത്കൃതസ്റ്റാർട്ടിങ്ങും ഫോട്ടോ ഫിനിഷിങ് സംവിധാനവുമുണ്ട്. സി-ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിപ്പിച്ച ടിക്കറ്റുകളുമായി എത്തുന്നവർക്ക് മാത്രമാകും പ്രവേശനം. സുരക്ഷക്കായി പുന്നമടയിലും പരിസരങ്ങളിലുമായി 1800 പൊലീസുകാരെ വിന്യസിക്കും.
നിലവിൽ 50 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിൽപ്പന നടത്തിയത്. വള്ളംകളിക്കായി കെ എസ് ആർ ടി സിയും ജലഗതാഗത വകുപ്പും പ്രത്യേക സർവീസ് നടത്തും.