നവരാത്രി കാലത്തിൻറെ പുണ്യമായി ബൊമ്മക്കൊലു ഒരുങ്ങി. മഹിഷാസുരനെ വധിക്കുന്നതിനായി ദേവിയുടെ ശക്തിയായ ഒമ്പത് ഭാവങ്ങൾ രൂപം കൊണ്ടതാണ് നവരാത്രി എന്നാണ് ഐതിഹ്യം. ഒമ്പത് ദിവസങ്ങളിലായുള്ള ദേവിയുടെ ഓരോ ഭാവത്തെയും പൂജിക്കുന്നതിനാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.
നവരാത്രിക്കാലം ബൊമ്മക്കൊലുക്കളുടേതാണ്. നവരാത്രി ദിനാരംഭത്തിൽ എല്ലാ വീടുകളിലും ബൊമ്മക്കൊലു വയ്ക്കും മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് എന്നിങ്ങനെ ഒറ്റസംഖ്യ വരുന്ന പടികൾ കട്ടി, അതിൽ ദേവീദേവന്മാരുടെ ബൊമ്മകൾ (കളിമണ് പ്രതിമകൾ) നിരത്തി വയ്ക്കുന്നു..
പ്രത്യേകം പട്ടുവിരിച്ച് അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ തട്ടുകളായാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.ഏറ്റവും മുകളിലായി ശിവ-പാർവതി, ബ്രഹ്മാവ്, വിഷ്ണു, അഷ്ടലക്ഷ്മി എന്നിവരും തുടർന്ന് നവദുർഗയും സംഗീത മൂർത്തികളും ഇതിനെ താഴെ ദശാവതാരത്തിലെ വിവിധ രൂപങ്ങളും പിന്നീട് രാമായണം, ശിവപാർവതി കല്യാണം, സുബ്രഹ്മണ്യൻ, ഏറ്റവും താഴെ കല്യാണ കോലങ്ങൾ എന്നിങ്ങനെയാണ് ബൊമ്മക്കൊലു ഒരുക്കുക.
ഇതിനു പുറമെ, വിവിധ തരത്തിലുള്ള ബൊമ്മകളും അലങ്കാരത്തിനായി വയ്ക്കും. പ്രതിമകൾക്കിടയിൽ വയ്ക്കുന്ന കുംഭത്തിനാണു ഏറ്റവും പ്രധാനം.ഇതൊരുക്കുന്നതു ചെറിയ കുടത്തിൽ കുടുമയുള്ള (ചകിരിയോടുകൂടിയുള്ള) തേങ്ങ വച്ചാണ്. തേങ്ങയിൽ ശ്രീ ലളിതാപരമേശ്വരിയുടെ മുഖം മെനഞ്ഞെടുക്കണം.
മൺരൂപങ്ങളിൽ പ്രത്യേകമായി നിറം നൽകി ഭംഗിയിൽ നിരത്തിയും മൺപാത്രങ്ങൾ, കൃഷ്ണനും ഗോപികയും വൃന്ദാവനത്തിൽ കളിക്കുന്നത്, രാജസഭ, വീട്ടുപകരണങ്ങൾ, രക്തചന്ദനം കൊണ്ടുണ്ടാക്കിയ മേശ-കസേര ഉപകരണങ്ങൾ എന്നിവയോടൊപ്പം പച്ചരി, ഉപ്പ്, പരിപ്പ്, ഉഴുന്ന്, പഞ്ചസാര, നവധാന്യങ്ങൾ എന്നിവ നിരത്തിയതിന് മുന്നിൽ കലശവും നിലവിളക്കും വെച്ച് ഒമ്പത് ദിവസം പൂജയും നടത്തി വരുന്നു.
ബൊമ്മക്കൊലുക്കൾ ഒരുക്കുന്നതും ദേവിയെ പൂജിക്കുന്നതും സ്ത്രീകളാണ്. ഒമ്പതു ദിവസവും രാവിലെശോഭനം പാടിയാണു പൂജ. ഇതു വീടിന് ഐശ്വര്യവും ക്ഷേമവും പ്രദാനം ചെയ്യുമെന്നാണു വിശ്വാസം. ബൊമ്മക്കൊലു കാണാൻ വരുന്ന ഭക്തർക്ക് നവധാന്യം കൊണ്ടുള്ള പ്രസാദവും സമ്മാനങ്ങളും നൽകുന്ന പതിവുണ്ട്. ദേവിയുടെ രൂപഭേദങ്ങളിൽ ദുർഗാഷ്ഠമി, മഹാനവമി, വിജയദശമി ദിവസങ്ങൾ ഏറെ പ്രാധാന്യമുള്ളതാണ്.