Monday, November 25, 2024
Homeകേരളംചരിത്ര പ്രസിദ്ധമായ പുലിക്കളിയുടെ ഫ്ലാഗ് ഓഫ് വൈകിട്ട് അഞ്ചു മണിയോടെ നടക്കും: തൃശൂർ നഗരത്തിൽ ഗതാഗത...

ചരിത്ര പ്രസിദ്ധമായ പുലിക്കളിയുടെ ഫ്ലാഗ് ഓഫ് വൈകിട്ട് അഞ്ചു മണിയോടെ നടക്കും: തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

തൃശൂർ: ചരിത്ര പ്രസിദ്ധമായ പുലിക്കളിയുടെ ഫ്ലാഗ് ഓഫ് തൃശൂർ സ്വരാജ് വൈകിട്ട് അഞ്ചു മണിയോടെ നടക്കും. ഏഴ് സംഘങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുക. ചുവടുകളുമായി പുലികളിക്ക് അകമ്പടിയായി മേളക്കാരും അണിനിരക്കുന്നതോടെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ഗാംഭീര്യമേറും.ഇന്ന് പുലർച്ചെ ആറു മണിയോടെ പുലിമടകളിൽ പുലിവര ആരംഭിച്ചു. കലാകാരന്മാർ പുലിവരയ്ക്കായി ഒരേ നിൽപ്പിൽ നിൽക്കേണ്ടത് നീണ്ട മണിക്കൂറുകളാണ്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സംഘങ്ങൾ മടവിട്ട് ഇറങ്ങും.

അഞ്ചു മണിയോടെ നഗരത്തിലേക്ക് പാട്ടുരായ്ക്കൽ ദേശം പ്രവേശിക്കുന്നതോടെ ഫ്ലാഗ് ഓഫ് നടക്കും. പിന്നാലെ ഓരോ സംഘങ്ങളും സ്വരാജ് റൗണ്ടിലേക്ക് എത്തും. പെൺപുലികൾ, കരിമ്പുലികൾ, കുട്ടിപ്പുലികൾ എല്ലാവരും കടുംനിറങ്ങളിൽ നീരാടി നിരനിരയായി എത്തുമ്പോൾ തൃശൂരിനിത് മറ്റൊരു പൂരമായി മാറും.

സീതാറാം മിൽ ദേശം, ശങ്കരൻ കുളങ്ങര ദേശം, കാനാട്ടുകര ദേശം, ചക്കാമുക്ക് ദേശം, പാട്ടുരായ്ക്കൽ ദേശം, വിയ്യൂർ ദേശം, വിയ്യൂർ യുവജന സമാജം എന്നിവയാണ് ടീമുകൾ. 35 മുതൽ 55 വരെ പുലികളാണ് ഓരോ സംഘത്തിലുമുള്ളത്. സമകാലിക സാമൂഹ്യ യാഥാർഥ്യങ്ങളും പുരാണകഥാ സന്ദർഭങ്ങളുമൊക്കെ വിഷയമാകുന്ന നിശ്ചല ദൃശ്യങ്ങളും അണിനിരത്തിയാകും ഓരോ ടീമും കാണികളെ വിസ്മയിപ്പിക്കുക. വന്യ താളത്തിൽ ചിലമ്പണിഞ്ഞ് പുലികൾ നഗരവീഥികളിൽ നൃത്തംവെക്കുന്നതോടെ ജനക്കൂട്ടവും പുലിയാരവങ്ങളിൽ മുഴുകും.

എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ് ഒന്നാംസ്ഥാനം നേടുന്ന പുലിക്കളി സംഘത്തെ കാത്തിരിക്കുന്നത്. കൂടാതെ, മേളത്തിനും അച്ചടക്കത്തിനും വേഷത്തിനും പുരസ്കാരങ്ങളുണ്ട്.

തൃശുർ നഗരത്തിൽ ഗതാഗതക്രമീകരണം

പുലിക്കളി പ്രമാണിച്ച് ഇന്ന് രാവിലെ മുതൽ തൃശൂർ നഗരത്തിൽ പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിങ് അനുവദിക്കില്ല. ഉച്ചയ്ക്ക് രണ്ടു മണിമുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും.

പുലികളി തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങളും റൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹകരിക്കണമെന്ന് തൃശൂർ സിറ്റി പോലീസ് അഭ്യ‍ർഥിച്ചു.

പുലികളി കാണാനെത്തുന്നവർ തേക്കിൻകാട് മൈതാനിയിലും ഫുട്പാത്തിലും സുരക്ഷിതമായ സ്ഥലത്തുനിന്ന് ആസ്വദിക്കണം. പുലികളി കാണുന്നതിനായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും വൃക്ഷങ്ങൾക്കു മുകളിലും കാണികൾ കയറുന്നത് നിരോധിച്ചു. നിർമാണാവസ്ഥയിലുള്ളതും ശരിയായി സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നിർമിച്ചതുമായ കെട്ടിടങ്ങളിൽ കാണികൾ പ്രവേശിക്കരുത്.

പുലികളി കാണുന്നതിനായി തൃശൂർ നഗരത്തിലേക്ക് വരുന്ന ജനങ്ങൾ ,റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതെ വാഹനം സുരക്ഷിതമായ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണമെന്നും പോലീസ് നി‍ർദേശിച്ചു.

സ്വരാജ് റൗണ്ടിലും അനുബന്ധ പ്രദേശങ്ങളിലും ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി തൃശൂർ അസി. കമ്മീഷണറുടെ കീഴിൽ, വിവിധ സെക്ടറുകളാക്കി തിരിച്ച് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

ഗതാഗത ക്കുരുക്ക് ഒഴിവാക്കാൻ കാൽനട പട്രോളിങ്, ഇരുചക്രവാഹന പട്രോളിങ്, ജീപ്പ് പട്രോളിങ്ങ് എന്നിവ ഏർപ്പെടുത്തി. ജനക്കൂട്ടത്തിനിടയിൽ സമൂഹ വിരുദ്ധരുടെ ശല്യം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ എന്നിവ ഇല്ലാതാക്കാൻ പ്രത്യേകം മഫ്തി പോലീസ് ഉദ്യോഗസ്ഥരെയും ഷാഡോ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.

ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളിലും തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും 24 മണിക്കൂർ നിരീക്ഷണത്തിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. എമർജൻസി ടെലിഫോൺ നമ്പറുകൾ. തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂം: 0487 2424193, തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ: 0487 2424192, തൃശൂർ ട്രാഫിക് പോലീസ് യൂണിറ്റ്: 0487 2445259.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments