മണിപ്പൂർ ഗവർണർ ലക്ഷ്മൺ ആചാര്യ അസമിൽ എത്തിയതായി റിപ്പോർട്ട്. സംഘർഷ സാഹചര്യം തുടരുകയും രാജഭവന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തതിനിടെയാണ് ഈ നീക്കം. ഗവർണർ ഉടൻ ദില്ലിയിൽ എത്തി ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
അതേ സമയം മണിപ്പൂരിൽ അക്രമം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയായി ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമാണ് ഇവിടെ. രാജഭവന് നേരെയടക്കം സംഘർഷം ഉണ്ടായതിന് പിന്നാലെ
അസമിന്റെ കൂടി ഗവർണറായ ലക്ഷ്മൺ ആചാര്യ ഇംഫാലിൽ നിന്നും ഗുവാഹത്തിലേക്ക് മാറിയിരുന്നു.
ഇംഫാലിലും മെയ്തേയ് ആധിപത്യമുള്ള താഴ്‌വരയിലും പ്രതിഷേധം നടത്തിയ വിദ്യാർഥികളുമായി ഗവർണർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.ഡിജിപി രാജീവ് സിങ്ങിനെയും സുരക്ഷാ ചുമതലയുള്ള കുൽദീപ് സിംഗിനെയും നീക്കണമെന്നും സംയുക്ത കമാൻഡിനെ മുഖ്യമന്ത്രിയുടെ കീഴിലാക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
സംസ്ഥാനത്തെ സാഹചര്യവും പ്രതിഷേധക്കാരുടെ ആവശ്യങ്ങളും ദില്ലിയിലെത്തി ഗവർണർ കേന്ദ്രസർക്കാരിനെ അറിയിച്ചേക്കും.രാജഭവന് നേരെ ഉണ്ടായ ആക്രമണത്തിലും സംഘർഷങ്ങളിലും 33 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് പ്രായപൂർത്തിയാകാത്തവർ പൊലീസ് കസ്റ്റഡിയിലുണ്ട്.