തിന്മയുടെ മേലുള്ള ജയം (1 പത്രൊ. 3:13 – 18)
“നിങ്ങൾ കഷ്ടം സഹിക്കണം എന്നു ദൈവഹിതമെങ്കിൽ, നന്മ ചെയ്തിട്ടു സഹിക്കുന്നത് ഏറെ നന്ന് ” (വാ. 17).
ഏതു സാഹചര്യത്തിലും, ദൈവത്തിലുള്ള ആശ്രയം ഉറപ്പിച്ചു നന്മയുടെ ഭാഗത്തു
നിൽക്കാനുള്ള ഇച്ഛാശക്തി ഒരു ക്രിസ്തു വിശ്വാസിക്ക് ഉണ്ടായിരിക്കണം. തിന്മയെ അവഗണിച്ചു നന്മയെ പിൻപറ്റാനും, അവർക്കു കഴിയണം? “നന്മ ചെയ്കയിൽ നാം മടുത്തു പോകരുത്; തളർന്നു പോകാഞ്ഞാൽ തക്ക സമയത്തു നാം കൊയ്യും”(ഗലാ.6:9) എന്നാണ്, വി. പൗലൊസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നത്. തിന്മ തള്ളിക്കളഞ്ഞ് നന്മ മാത്രം ചെയ്യുക: അതു ജീവിതത്തിൽ നടക്കാത്ത കാര്യമാണെന്നാണു പലരും ചിന്തിക്കുന്നത്? ജീവിതത്തിനു നേരേ തിന്മയുടെ അസ്ത്രങ്ങൾ പാഞ്ഞു വരുമ്പോൾ, ചിലരെങ്കിലും പതറിപ്പോകുമെന്നത് ഒരു യാഥാർത്ഥ്യമാണ്.
” നന്മ മാത്രം ചെയ്യുക; തിന്മയ്ക്കെതിരെ പോരാടുക”, ഇതാണു ഒരു വിശ്വാസിയെക്കുറിച്ചുള്ള ദൈവോദ്ദേശ്യം. നാം വിതയ്ക്കുന്നതുതന്നെ കൊയ്യും എന്നതിനു സംശയമില്ല. തിന്മയോടു തോൽക്കാതിരിക്കണമെങ്കിൽ, നന്മ മാത്രം ചെയ്യുക എന്ന ഒറ്റ വഴിയെ നമ്മുടെ മുമ്പിലുള്ളൂ. നമ്മുടെ മനോഭാവത്തിൽ വിപ്ലവകരമായ ഒരു മാറ്റം വരുന്നതിൽകൂടെ മാത്രമേ അതു സാദ്ധ്യമാകൂ. അതിനാൽ, നന്മയും തിന്മയും തമ്മിൽ വേർതിരിച്ച് അറിയാനുള്ള കഴിവു നേടുക എന്നതു പ്രാധാന്യമർഹിക്കുന്നു. ദൈവം നമുക്കു നൽകുന്ന നന്മകൾ അയവിറക്കുമ്പോൾ, പ്രത്യേകിച്ചും അവയൊന്നും നമ്മുടെ നന്മ കൊണ്ടല്ല, ദൈവത്തിന്റെ കരുണ കൊണ്ടാണ് ലഭിച്ചത് എന്നു അംഗീകരിക്കുമ്പോൾ, ദൈവത്തോടുള്ള നന്ദിയും,
നന്മയിൽ നിറഞ്ഞു വരാനുള്ള താൽപര്യവും നമ്മിൽ രൂപപ്പെടും.
ദൈവം നമ്മുടെ പിതാവാണെന്നും, തിന്മകളെന്നു നാം കരുതുന്നവ പോലും, നമ്മുടെ നന്മയ്ക്കായി രൂപാന്തരപ്പെടുത്തുവാൻ ദൈവംകഴിവുള്ളവൻ ആണെന്ന ഉറപ്പുമുണ്ടാകുമ്പോൾ, നമ്മിൽ നിന്നും നന്മ മാത്രമേ പുറപ്പെടൂ. ഒരു പക്ഷെ അപ്രകാരമുള്ള ജീവിതം ധ്യാന ഭാഗത്തു വി. അപ്പൊസ്തലൻ സൂചിപ്പിക്കുന്നതു പോലെ, സഹനങ്ങൾ ഏറ്റെടുക്കാൻ നമ്മെ ബാദ്ധ്യസ്ഥരാക്കിയേക്കാം? അതു ദൈവഹിതം എന്ന് അംഗീകരിച്ച് അതിനെ സന്തോഷപൂർവ്വം സ്വീകരിക്കുവാൻ
നമുക്കാകണം? അതിലൂടെയാണു ക്രിസ്തുവിനെ നമ്മുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിക്കുവാൻ” (വാ.14) നമുക്ക് ഇടയാകുക. ദൈവം അതിനു നമ്മെ സഹായിക്കട്ടെ.
ചിന്തയ്ക്ക്: നന്മയാൽ തിന്മയെ ജയിക്കുന്നവർ, ഒരു സാഹചര്യത്തിലും, തിന്മയുടെ അടിമകൾ ആയിരിക്കില്ല!