കൊച്ചി: കേരളത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ മാറ്റം. അഞ്ചാംദിനമാണ് വില നിലവാര പട്ടികയില്‍ ഇളക്കമുണ്ടായിരിക്കുന്നത്. വില ഇനിയും വര്‍ധിക്കാനുള്ള സൂചനകള്‍ തന്നെയാണ് വിപണിയില്‍ നിന്നുള്ളതെന്ന് നിരീക്ഷകര്‍ പറയുന്നു. സെപ്തംബറില്‍ ഇന്നത്തേത് ഉള്‍പ്പെടെ രണ്ട് തവണ മാത്രമാണ് സ്വര്‍ണവില മാറിയത് എന്നതും എടുത്തുപറയണം.
രണ്ട് ഘട്ടങ്ങളായി എട്ട് ദിവസം വില മാറിയില്ല.ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിട്ടുണ്ട്. എണ്ണ വിലയില്‍ വലിയ ഇടിവാണ് കാണിക്കുന്നത്. ഡോളര്‍ നേരിയ തോതില്‍ മുന്നേറ്റം പ്രകടമാക്കുന്നു. ഇന്ത്യന്‍ രൂപ മൂല്യം ഇടിയുകയാണ്. സ്വര്‍ണവിലയെ ഉയര്‍ത്താനും താഴ്ത്താനും പര്യാപ്തമായ ഘടകങ്ങള്‍ വിപണിയിലുണ്ടെങ്കിലും വില കൂടാനുള്ള സാധ്യതകളാണ് കൂടുതല്‍
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53720 രൂപയാണ് വില. 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 35 രൂപ കൂടി 6715 രൂപയിലെത്തി. വില കൂടി വരുന്ന സാഹചര്യത്തില്‍ 18 കാരറ്റ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരുന്നു എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5565 രൂപയാണ് നല്‍കേണ്ടത്. ഇന്ന് 25 രൂപ വര്‍ധിച്ചിട്ടുണ്ട്. വെള്ളിയുടെ വില ഗ്രാമിന് 1 രൂപ വര്‍ധിച്ച് 90 രൂപയിലെത്തി.
ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചതാണ് കേരള വിപണിയിലും വില ഉയരാന്‍ കാരണം. ഔണ്‍സ് സ്വര്‍ണത്തിന് 2519 ഡോളറാണ് ഇന്ന് നല്‍കേണ്ടത്. കഴിഞ്ഞ ദിവസം 2500 ഡോളറില്‍ ഏറിയും കുറഞ്ഞും നില്‍ക്കുകയായിരുന്നു. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതാണ് വില ഉയരാന്‍ കാരണമായി പറയുന്നത്.
ഡോളര്‍ സൂചിക നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 100 എന്ന നിരക്കില്‍ നിന്ന് ഉയര്‍ന്ന് 101ലേക്ക് എത്തി. വ്യാപാരം പുരോഗമിക്കുന്നതിനിടെ ഏറിയും കുറഞ്ഞുമാണ് സൂചിക മുന്നോട്ട് പോകുന്നത്. ഡോളര്‍ സൂചിക കരുത്ത് കാട്ടിയാല്‍ സ്വര്‍ണവില കുറയും. അതേസമയം, ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചത് രൂപയ്ക്ക് തിരിച്ചടിയായി. 83.97 എന്ന നിരക്കിലാണ് രൂപ.
ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ദിവസം വലിയ തോതില്‍ ഇടിഞ്ഞിരുന്നു. ഇന്നത്തെ വ്യാപാരത്തില്‍ നേരിയ മുന്നേറ്റം കാണിക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 69.53 ഡോളര്‍ ആണ് പുതിയ നിരക്ക്. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന് 66.10 ഡോളറും യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 70.20 ഡോളറുമാണ് വില. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ വിലയില്‍ നേരിയ മാറ്റങ്ങള്‍ സംഭവിച്ചേക്കും.