ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമയിൽ ഉയർന്നു വിവാദങ്ങൾക്കു പിന്നാലെ അതേ പാത പിന്തുടർന്ന് തമിഴ് സിനിമ ഇൻഡസ്ട്രിയും. തമിഴ് സിനിമയിലെ നിരവധി പ്രമുഖർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്നതിനു പിന്നാലെയാണ് ശക്തമായ തീരുമാനമെടുത്ത് തമിഴ് സിനിമ താരങ്ങളുടെ സംഘടന നടികർ സംഘവും രംഗത്ത് വന്നിരിക്കുന്നത്.
തമിഴ് സിനിമ ഇൻഡസ്ട്രിയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് നടികർ സംഘത്തിന്റെ നിർണായക തീരുമാനം. ബുധനാഴ്ച രാവിലെ 11 നു നടികർ സംഘം ചെന്നൈയില്‍ ചേർന്ന യോഗത്തിൽ ആണ് തീരുമാനം കൈക്കൊണ്ടത്. നടനും, നടികർ സംഘം പ്രസിഡന്റുമായ നാസര്‍, സംഘടന സെക്രട്ടറി വിശാല്‍, ട്രഷറര്‍ കാര്‍ത്തി തുടങ്ങിയ സംഘടനാ ഭാരവാഹികൾ യോഗത്തിൽ ചേർന്നു.
സ്ത്രീകൾക്കെതിരെ തമിഴ് സിനിമയിൽ സംഭവിക്കുന്ന ലൈംഗിക അതിക്രമ പരാതികൾ അന്വേഷിക്കുന്നത് ആഭ്യന്തര പരാതി പരിഹാര സെൽ (ഐസിസി) ആണ്. കൂടാതെ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ തമിഴ് സിനിമയിൽ നിന്നും അഞ്ച് വർഷം വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. ഏതെങ്കിലും തരത്തിൽ ലൈംഗിക അതിക്രമങ്ങൾ നേരിടുന്നവരോ, അല്ലെങ്കിൽ നേരിട്ടവരോ ആദ്യം പരാതി നൽകേണ്ടത് നടികർ സംഘത്തിന് ആണെന്ന് അറിയിച്ചു. മാത്രമല്ല പരാതികൾ അറിയിക്കുന്നതിനായി പ്രത്യേക ഫോൺ നമ്പറും, ഇമെയിലും നടികർ സംഘം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇരകൾക്ക് നിയമപോരാട്ടത്തിനുള്ള എല്ലാവിധ സഹായങ്ങളും നടികർ സംഘം നൽകുമെന്നും യോഗത്തിൽ അറിയിച്ചു. സിനിമയിലെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള യോഗത്തിൽ ആണ് നടികർ സംഘത്തിന്റെ നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. അതേസമയം പരാതികള്‍ ആദ്യം തന്നെ നടികര്‍ സംഘത്തിന് നല്‍കാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തരുതെന്ന നിർദേശവും യോഗത്തിൽ അറിയിച്ചു