Saturday, September 21, 2024
Homeഇന്ത്യമുല്ലപ്പെരിയാര്‍ സുരക്ഷാപരിശോധന: വിദഗ്ധസമിതി ഒരുമാസത്തിനകം, പരിഗണനാവിഷയങ്ങള്‍ 2 മാസത്തിനുള്ളില്‍.

മുല്ലപ്പെരിയാര്‍ സുരക്ഷാപരിശോധന: വിദഗ്ധസമിതി ഒരുമാസത്തിനകം, പരിഗണനാവിഷയങ്ങള്‍ 2 മാസത്തിനുള്ളില്‍.

ന്യൂഡൽഹി : 13 വർഷങ്ങൾക്ക് ശേഷം നടക്കാൻ പോകുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാപരിശോധനയുടെ വിദ​ഗ്ധസമിതിയിൽ ആരൊക്കെയെന്ന് ഒരുമാസത്തനുള്ളിൽ അറിയാം. സമിതിയുടെ പരി​ഗണനാവിഷയങ്ങൾ രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കാൻ ഡൽഹിയിൽ ചേർന്ന മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനിച്ചു. അണക്കെട്ടിൽ നടത്തേണ്ട അറ്റകുറ്റ പണികൾ സംബന്ധിച്ച ആവശ്യങ്ങൾ കേരളത്തിന് കൈമാറാൻ സമിതി അധ്യക്ഷൻ തമിഴ്നാടിന് നിർദേശം നൽകി.നിഷ്പക്ഷരായ വിദഗ്ദ്ധരടങ്ങുന്ന സംഘമായിരിക്കണം മുല്ലപ്പെരിയാറിൽ സുരക്ഷ പരിശോധന നടത്തേണ്ടത് എന്നാണ് കേരളത്തിന്റെ ആവശ്യം.

വിദഗ്ദ്ധരുടെ പട്ടിക തയ്യാറാക്കേണ്ടത് തമിഴ്നാടാണ്. ഈ പട്ടിക പരിശോധിച്ച ശേഷം കേരളത്തിന് തങ്ങളുടെ നിലപാട് മേൽനോട്ട സമിതിക്ക് മുമ്പാകെ അവതരിപ്പിക്കാം. തുടർന്ന് വിദഗ്ധ സമിതി രൂപീകരിച്ച് കൊണ്ടുള്ള വിജ്ഞാപനം മുല്ലപ്പെരിയാർ മേൽനോട്ട സമിതി പുറത്തിറക്കും. 2011-ലെ സുരക്ഷാപരിശോധനയ്ക്ക് ശേഷം മുല്ലപ്പെരിയാർ ഉൾപ്പെടുന്ന മേഖലയിലെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. 2018-ലെ മഹാപ്രളയത്തിന് മേഖല സാക്ഷ്യംവഹിച്ചു. ഈ സാഹചര്യത്തിൽ അണക്കെട്ടിൻ്റെ ഘടനാപരമായ സുരക്ഷയ്ക്ക് പുറമെ ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവ സമഗ്രമായി പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെടുന്നുണ്ട്.

മേൽനോട്ട സമിതി ചെയർമാന്റെ നിലപാട് അ‍യഞ്ഞത് കേരളത്തിന് ​ഗുണകരമായി. മുല്ലപ്പെരിയാറിൽ ആദ്യം അറ്റകുറ്റപ്പണി നടത്തുക, പിന്നീട് സുരക്ഷ പരിശോധിക്കാമെന്നായിരുന്നു തമിഴ്നാടിന്റെ നിലപാട്. 2021-ലെ ഡാം സുരക്ഷാനിയമപ്രകാരം പരിശോധന 2026-ൽ നടത്തിയാൽ മതിയെന്നും അവർ വാദം ഉന്നയിച്ചു.മേൽനോട്ട സമിതി ചെയർമാനായ കേന്ദ്ര ജലകമ്മിഷൻ ചീഫ് എൻജിനീയർ രാഗേഷ് കശ്യപും തമിഴ്നാടിന്റെ നിലപാടിനോട് അനുകൂലമായിരുന്നു. തിങ്കളാഴ്ചത്തെ യോഗത്തിന്റെ തുടക്കത്തിൽ അറ്റകുറ്റ പണി നടത്താനുള്ള അനുമതി നൽകാൻ അദ്ദേഹം കേരളത്തോട് ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ, അറ്റകുറ്റപ്പണയും സുരക്ഷാപരിശോധനയും രണ്ട് ഘട്ടങ്ങളായി നടത്താനാകില്ലെന്ന് കേരളത്തിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് പറഞ്ഞു.

അദ്ദേഹത്തിന്റെ വാദങ്ങളോട് രാ​ഗേഷ് കശ്യപ് യോജിച്ചതോടെ കാര്യങ്ങൾ കേരളത്തിന് അനുകൂലമായി. തുടർന്ന്, അറ്റകുറ്റപ്പണിയും സുരക്ഷാപരിശോധനയും സമാന്തരമായി കൊണ്ടുപോകാൻ യോ​ഗത്തിൽ തീരുമാനിച്ചു. മുല്ലപ്പെരിയാർ അണകെട്ട് തകർന്നാലോ, അപകടത്തിൽപെട്ടാലോ എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് അടിയന്തര കർമപദ്ധതി തയ്യാറാക്കാൻ മേൽനോട്ട സമിതി നിർദേശം നൽകി. പുതുക്കിയ ഡാം ബ്രേക്ക് അനാലിസിൻ്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി പദ്ധതി തയ്യാറാക്കാ തമിഴിനാടിനാണ് നിർദേശം നൽകിയിരിക്കുന്നത്. കേരളത്തിന് അനുകൂല തീരുമാനങ്ങളുണ്ടാകുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നിർണായക ഇടപെടൽ നടത്തിയതായാണ് റിപ്പോർട്ടുകൾ.

ജലസേചന വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണെന്നിരിക്കെ യോ​ഗത്തിൽ പങ്കെടുക്കാൻ അശോകിനെ അയക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നായിരുന്നു. മുൻ ജലവിഭവ വകുപ്പ് സെക്രട്ടറിയായിരുന്നു അദ്ദേഹം മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിലും പങ്കെടുത്തിട്ടുണ്ട്.ശക്തമായ നിലപാടായിരുന്നു കേരളം ഇന്ന് സ്വീകരിച്ചത്.
സാധാരണയെടുക്കാറുള്ള സമവായ നിലപാടിൽ നിന്നും വ്യതിചലിച്ച് കേന്ദ്രജല കമ്മിഷന്റേയും തമിഴ്നാടിന്റേയും വിയോജിക്കേണ്ട വിഷയങ്ങളിൽ ശക്തമായ നിലപാട് തന്നെ സംസ്ഥാനം അറിയിച്ചു. അന്തർസംസ്ഥാന നദീജലം വകുപ്പിലെ ചീഫ് എഞ്ചിനിയർ പ്രീയേഷ്‌ ആറും യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments