രാത്രി മഴ ആസ്വദിക്കാൻ വേണ്ടിയാണ് എഴുത്തുകാരൻ കൂടിയായ ശങ്കർജി തന്റെ ഡ്രൈവറെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയത്.
ഇങ്ങേർക്കിതെന്തിന്റെ ഭ്രാന്താണ്..
ഉറക്കച്ചടവോടെ ഡ്രൈവർ രാഹുൽ പിറുപിറുത്തു.
ഡാ.. രാക്കുട്ടാ.. ഞാൻ കേട്ടു.
ചിരിച്ചു കൊണ്ട് അയാൾ കാറിന്റെ ഡോർ തുറന്നകത്തു കയറി. ചമ്മലോടെ.. രാഹുലും.
സുഗതകുമാരി ടീച്ചറിന്റെ രാത്രി മഴ എന്ന കവിതയോടു തോന്നിയ ഇഷ്ടമാണ് മഴ ആസ്വദിക്കണമെന്നുള്ള തോന്നലുണ്ടാകാൻ കാരണം..
ശങ്കർജി കൃഷി ഓഫീസർ ആയിരുന്നു. റിട്ടേഡായതിന് ശേഷമാണ് വായനയിലേക്കും എഴുത്തിലേക്കും തിരിഞ്ഞത്.
അനുഭവത്തിലൂടെയുള്ള എഴുത്തുകളാണ്.. അംഗീകരിക്കപ്പെടുന്നത് എന്ന പക്ഷക്കാരനാണ് ശങ്കർജി
.ഇത് മഴക്കാലമാണ്. പക്ഷേ രാത്രിമഴ വിരളമാണ്. തണുത്തകാറ്റടിച്ചും,…നേർത്തു ചാറിയും,.. രാത്രികളിൽ … മഴ..വന്നതുപോലെ മടങ്ങി പോകാറാണ് പതിവ്. എന്നാൽ ഇന്നങ്ങനെയല്ല..
ജാലകങ്ങളും വാതിലുകളും തുറന്നിട്ട് മഴയെ കാത്തിരിക്കുന്ന ശങ്കർജിയെ തേടി.. മഴമുത്തുകൾ വാരി വിതറിക്കൊണ്ട് അവൾ ഓടിയണഞ്ഞു.
രാഹുൽ കാർ സ്റ്റാർട്ട് ചെയ്തു.
റോഡിലെ തിരക്ക് നന്നേ കുറഞ്ഞിരുന്നു. ഷോപ്പിംഗ് ബിൽഡിങ്ങുകൾക്ക് മീതെ തൂക്കിയിട്ടിരിക്കുന്ന തോരണം പോലെയുള്ള ചെറിയ ബൾബുകളുടെ മിന്നിച്ചിമ്മുന്ന പ്രകാശത്തിനുമുന്നിൽ രാത്രി മഴ ഭംഗിയോടെ ചാഞ്ഞു പെയ്തു. നൂൽവണ്ണത്തിൽ അതങ്ങനെ… ധാര ധാരയായ് ഊർന്നിറങ്ങുന്നത് കാണാൻ എന്തു രസമാണ്.
രാഹുൽ റോഡിലൂടെ ഒഴുകിപ്പരക്കുന്ന മഴയുടെ തീവ്രത കണ്ട് ശങ്കർജിയോട് ചോദിച്ചു.
നമുക്ക് തിരിച്ചു പോയാലോ.
ഏയ് വേണ്ട.
എടാ…ഈ മഴ കാണാനാണ് ഞാൻ നിന്നെയും കൂട്ടി ഇറങ്ങിയത്. അല്ലെങ്കിലും നീ ഒരു മടിയനാണ്
ഉം പിന്നേ.. നല്ല ഉറക്കത്തിൽ കിടന്ന എന്നേം വിളിച്ചു കൊണ്ട് പാതിരാത്രിയിൽ മഴ കാണാനിറങ്ങിയ നിങ്ങൾക്ക്….
മതി.. ശങ്കർജി കയ്യെടുത്തു വിലക്കി.
എനിക്കു വട്ടാണെന്നല്ലേ നീ പറഞ്ഞ് വന്നത്. നീയെന്റെ ഡ്രൈവറാണ്. അതോർമ്മ വേണം. ഒരു ഡ്രൈവറുടെ മനസ്സും കണ്ണുകളും ഏതുറക്കത്തിൽ നിന്നായാലും ഉണർവോടെയിരിക്കണം ഉറങ്ങാൻ ആർക്കാടാ….പറ്റാത്തത്. ഉറക്കം വേണ്ടെന്നു വെച്ചു പ്രകൃതിയെ അറിയാനാണ് പ്രയാസം.
എന്റെ കൃഷി ഓഫീസറെ നിങ്ങൾ ഇത്ര വേഗം റിട്ടേഡാകണ്ടായിരുന്നു. കുറച്ചുകൂടിയൊക്കെ ജോലിയിൽ തുടരാമായിരുന്നു. ഊറിച്ചിരിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
അവന്റെ കളിയാക്കൽ കേട്ടില്ലായെന്ന മട്ടിൽ ശങ്കർജി വഴിയിലേക്കും മഴയിലേക്കും മിഴി പായിച്ചു. ശങ്കർജിക്ക് രാഹുലിനോടും അവന് തിരിച്ചും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
ഒറ്റയ്ക്ക് താമസിച്ചിരുന്ന ശങ്കർജിയ്ക്ക് അവനൊരു തുണയാണ്. ഒരർത്ഥത്തിൽ ശങ്കർജിയുടെ മാനസപുത്രൻ ആണ് രാഹുൽ.
ഇരുട്ടിനു കനം കൂടി വന്നു.
ഒരു വളവു തിരിഞ്ഞപ്പോൾ കാറിന്റെ മുന്നിലേക്ക് ഒരു വൃദ്ധൻ നീങ്ങി നിന്നതും രാഹുൽ സഡൻ ബ്രേക്കിട്ടതും ഒരുപോലെയായി. അപകടം ഉണ്ടായില്ല.
രാഹുൽ തല പുറത്തേക്കിട്ട് അയാളോട് കയർത്തു. രാത്രിയിൽ വണ്ടിക്കാർക്ക് പണിനൽകാനിറങ്ങിയതാ … ഓരോരോ തലവേദന…
എന്താ എന്താപറ്റിയത്….. ശങ്കർജി വേവലാതിയോടെ ചോദിച്ചു.
ആരാണയാൾ ..
അയാൾ എന്തോ പറയുന്നുണ്ട്.
എന്തെങ്കിലും പറ്റിയോ. കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ..
ഏയ്… ഒരു ലിഫ്റ്റ് ചോദിച്ചതാ കൊടുക്കണോ.
മറ്റു പ്രോബ്ലംസ് ഒന്നുമില്ലെങ്കിൽ.
ശങ്കർജി പകുതിക്കു നിർത്തി.
എന്ത് കുഴപ്പം.. കയറിക്കോ.
രാഹുൽ ഡോർ തുറന്നുകൊടുത്തു.
മാന്യമായ വേഷം ധരിച്ചിരുന്നു ആ വൃദ്ധൻ.
കുടമടക്കി, നനഞ്ഞ മുണ്ട് ഒതുക്കിപ്പിടിച്ചുകൊണ്ട് അദ്ദേഹം കയറി.
രാഹുൽ ശങ്കർജിയെ നോക്കി.
പാതിരാത്രിക്ക് മഴ കാണാനിറങ്ങിയിട്ട് ടാക്സിയോടേണ്ട ഗതികേട് വന്നല്ലോ
എന്ന അർത്ഥത്തിൽ ഒരു ചിരി അവന്റെ ചുണ്ടിലൂറി നിന്നു.
നീ പോടാ…പൊട്ടാ എന്ന അർത്ഥത്തിൽ ശങ്കർജിയും അവനെ നോക്കി.
🌹🌹
മഴയൊരു സുന്ദരി തന്നെ. തണുത്ത വിരലുകളുള്ള….. നേർത്ത പുടവയണിഞ്ഞ..കൊലുന്നനെയുള്ള ഒരു…പെണ്ണ്.
അവൾക്കു കൊഞ്ചാനറിയാം…
ചിണുങ്ങാനറിയാം… ദേഷ്യപ്പെടാനറിയാം ആർത്തലച്ചു കരയാനറിയാം…
അങ്ങനെയങ്ങനെ……
റെയിൽവേ സ്റ്റേഷൻ എത്തുന്നതുവരെ മൂന്നുപേരും നിശബ്ദരായിരുന്നു. നന്ദിപൂർവ്വം വൃദ്ധൻ അവരോടു യാത്രപറഞ്ഞു.
അദ്ദേഹം എവിടെക്കായിരിക്കും പോകുന്നത്.
ഓരോ മനുഷ്യർക്കും ഓരോ തിരക്കുകളാണ്.
തിരക്കുകൾക്കിടയിൽ ജീവിക്കാൻ മറന്നുപോകുന്നു പലരും. തന്നെപ്പോലെ.
ഒരു നോവല നെഞ്ചിൽ വിങ്ങിയപ്പോൾ ശങ്കർജി ദൂരേക്കു മിഴികൾ പായിച്ചു.
ശങ്കർജീ..കവിതയ്ക്കുള്ള വരികൾ ok ആയോ രാഹുൽ ചോദിച്ചു.
ഉം കുറച്ചൊക്കെ.
എന്റെ അഭിപ്രായത്തിൽ ഈ.. രാത്രിതന്നെ വളരെ മോശമാണ് . പിന്നെയല്ലേ മഴ.
അതെന്താടാ…
. നിങ്ങളീ നൂറ്റാണ്ടിലൊന്നുമല്ലേ ജീവിക്കുന്നത്….
സകല കുറ്റകൃത്യങ്ങൾക്കും കുടപിടിക്കുന്ന കക്ഷിയാണ് ഈ രാത്രി.
കൈക്കുഞ്ഞിനെ റോഡിലുപേക്ഷിക്കാനും , മോഷണം നടത്താനും, ലഹരി കടത്താനും തട്ടിക്കൊണ്ടുപോകാനും തമ്മിലടിക്കാനും അങ്ങനെ എന്തെല്ലാം…. കാര്യങ്ങൾ
മഴകൂടിയായാൽ പിന്നെ പറയാനുണ്ടോ. രാത്രി എപ്പോഴും ഉറങ്ങാനുള്ളതാണ്. ഉറക്കമാണ് മനുഷ്യന്റെ ആരോഗ്യംതന്നെ..
നീ കൊള്ളാല്ലോ..നിന്നെ കിടന്നുറങ്ങാൻ സമ്മതിക്കാതെ വിളിച്ചോണ്ട് വന്നതിനല്ലേടാ.. ഇങ്ങനെയോരോന്നു പറയുന്നത്. എന്നാലും നീ പറഞ്ഞതിൽ കാര്യമുണ്ട്. പക്ഷേ..
ഒരു പക്ഷേയുമില്ല. നമുക്ക് തിരിച്ചു പോയാലോ .
രാഹുൽ ചോദിച്ചു
ശങ്കർജി തലയാട്ടി. മഴനിനവുകളിൽ മനസ്സർപ്പിച്ചു അയാൾ വരികളെ തേടി.
തിരിച്ചുള്ള യാത്രയുടെ പകുതിക്കു വെച്ചു റോഡിലേക്ക് മറിഞ്ഞു വീണ മരം അവർക്കു തടസ്സമായി.
വഴിയൊരുക്കാൻ പറ്റുമോ എന്നറിയാൻ രാഹുൽ പുറത്തേക്കിറങ്ങി. കുറച്ചു കമ്പുകളും മറ്റും ഒതുക്കിയിട്ടിട്ട് തിരിഞ്ഞ സമയത്താണ് ബാലൻസ് തെറ്റി വന്ന ഒരു ലോറി അവനെ ഇടിച്ചു തെറിപ്പിച്ചത് .
രാക്കുട്ടാ… ശങ്കർജി നിലവിളിയോടെ ഓടിയെത്തി. ചോരയിൽ കുതിർന്ന അവന്റെ ശരീരം താങ്ങിയെടുത്ത് ശങ്കർജി തന്നെ വന്ന വഴിയേ തിരിച്ചു ഹോസ്പിറ്റലിലേക്ക് കാർ ഓടിച്ചു.
റോഡിൽ വീണ രാഹുലിന്റെ രക്തതുള്ളികൾ രാത്രിമഴയോടൊപ്പം മണ്ണോടു ചേർന്നു.
🌹🌹 രാഹുൽ കണ്ണുതുറക്കുമ്പോൾ അടുത്ത് ശങ്കർജി ഉണ്ടായിരുന്നു. അവന്റെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട് അയാൾ വിങ്ങിപ്പൊട്ടി . മോനെ…ഞാൻ കാരണമാണല്ലോ..
ശങ്കർജീ.,. അവൻ പതിയെ വിളിച്ചു
എന്താടാ… രാക്കുട്ടാ..
കവിതാ റെഡിയായോ
പോടാ…
നീ പറഞ്ഞതാ.. ശരി.
രാത്രിമഴയ്ക്ക് ഒരു ഭംഗിയുമില്ലെടാ…
രാഹുൽ ചിരിച്ചു.
ഹൃദയത്തിൽ പതിഞ്ഞ വരികളെ… മനപ്പൂർവം മറന്നുകൊണ്ട് അയാൾ രാഹുലിനോട് ചേർന്നിരുന്നു.