ലൈംഗിക പീഡനക്കേസിൽ എം. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്ക് പിന്നിൽ ബ്ലാക് മെയിലിംഗ് ആണെന്നാണ് മുകേഷിന്റെ വാദം. ഇത് സാധൂകരിക്കുന്ന തെളിവുകൾ മുകേഷിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കും.
ഇതിനിടെ മുകേഷിന്റെ ജാമ്യത്തെ എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുകേഷിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. ലോയേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ അഡ്വ.വി.എസ് ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
പരാതിക്കാരിയുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. രഹസ്യ മൊഴിക്ക് പിന്നാലെ ഇന്നലെ മുകേഷിന്റെ കൊച്ചിയിലെ വില്ലയിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.
അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നുണ്ടെങ്കിലും, ആവശ്യം തള്ളുകയാണ് എൽഡിഎഫ് നേതൃത്വം. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷനിലപാട്.