Friday, November 22, 2024
Homeകഥ/കവിതഅഹന്ത (കവിത) ✍സഹീറ എം

അഹന്ത (കവിത) ✍സഹീറ എം

സഹീറ എം

ഗർവ്വം വളർന്നേറെയന്ധനാക്കി
ആരെയും മാനിക്കാൻ തോന്നിയില്ല,
എവിടെ തിരിഞ്ഞാലും ഞാനെന്ന
ഭാവം,
എല്ലാത്തിലുംമുന്നേ കടന്നെത്തും
ശിരസ്സിൽ.

ഉറ്റവർ മെല്ലെയകന്നതറിഞ്ഞില്ല ,
ഉറ്റവരോട് ഒന്നും മിണ്ടാൻ മടിയായി.
ഒപ്പത്തിനൊപ്പമില്ലന്ന് നിനച്ചു ,
പുച്ഛം കലർന്നൊരു നോട്ടം മടക്കി .

നാലാള് കൂടുന്നിടത്തൊക്കെ വേണം,
നാവോറു പാടുന്നനുയായികൾ !
പൊക്കിപ്പറയുവാൻ ആളുവേണം
പാണൻമാർ അതിനായി വേറെയുണ്ട് !

സമുന്നതനാണെന്ന് സ്വയംകരുതി ,
വിനയം മറന്നുപോയി പണ്ടുപണ്ടേ!
നേടിയ ഭൗതിക സമ്പത്തെല്ലാം,
അനശ്വരമാണെന്ന് മൂഢത്തമേറി !

തോൽവിയറിയാതെ തലയുയർത്തി
നിന്നൊരു വമ്പൻ വീണു കാറ്റിൽ
പറ്റേ ഒതുങ്ങിയ ചെറുമുൾച്ചെടി
കാറ്റിലുലഞ്ഞില്ല; വിനയമാർന്നോൻ !

ആയുരാരോഗ്യവും യൗവനവും
നിത്യമെന്നോർത്തഹങ്കാരമേറി
പിന്നിട്ടവഴിയിലെ ജീവിത സത്യങ്ങൾ ,
അജ്ഞതമൂലം മറന്നുപോകുന്നു !

ഒരുമാത്രക്കുള്ളില്‍ മാറുന്ന നിയതി
പൊട്ടിച്ചിരികളെ കണ്ണീരിലാഴ്ത്തും,
ഉത്തുംഗശൃംഗങ്ങൾ നിലം പതിക്കാൻ
ഒരുമഴ മാത്രം മതിയെന്ന് കണ്ടു നമ്മൾ!

ആരെയോ
തോൽപ്പിച്ചെന്നുള്ളോരഹന്ത
ശത്രുതയേറ്റുന്നു മാനസങ്ങളിൽ,
ഞാനാണ് കേമൻ, എനിക്കാണ് മേന്മ,
വിഡ്ഢിതൻ ഭാവനയെന്നറിയൂ!

സഹീറ എം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments