കോട്ടയ്ക്കൽ.–എല്ലാവരും നീന്തൽ പരിശീലിക്കണമെന്ന സന്ദേശം സമൂഹത്തിനുനൽകാനായി കൈകാലുകൾ പിറകിലേക്കു കെട്ടി പെരിയാറിനു കുറുകെ നീന്തിയ ഇരട്ടസഹോദരിമാർക്കു കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ അനുമോദനം. ആര്യവൈദ്യശാലാ ആലുവ ശാഖയിലെ ജീവനക്കാരനായ ഗോപകുമാറിന്റെ മക്കളായ അരുണയും അരുണിമയുമാണ് കഴിഞ്ഞമാസം പെരിയാറിനു കുറുകെ നീന്തിയത്.
ചെറുതുരുത്തി സ്വദേശിയായ ഗോപകുമാറും കുടുംബവും ദീർഘകാലമായി ആലുവയിലാണ് താമസം. ആലുവ ശിവക്ഷേത്രം കടവുമുതൽ അദ്വൈതാശ്രമം കടവുവരെയുള്ള 750 മീറ്റർ ദൂരം നീന്തിക്കയറാൻ 2 മണിക്കൂർ സമയമെടുത്തു. തുടർന്ന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടുകയും ചെയ്തു.
കഴിഞ്ഞ വേനലവധിക്കാലത്താണ് ആലുവ ശിവഗിരി വിദ്യാനികേതൻ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥികളായ ഇരുവരും നീന്തൽ പരിശീലിച്ചത്. പെരിയാറിൽ തന്നെയായിരുന്നു പരിശീലനം. മുങ്ങി മരണങ്ങൾ പതിവായ സാഹചര്യത്തിലാണ് നീന്തൽ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കാനായി ഉദ്യമം ഏറ്റെടുത്തത്.
ആര്യവൈദ്യശാലാ കോൺഫറൻസ് ഹാളിൽ നടന്ന അനുമോദന ചടങ്ങിൽ മാനേജിങ്ട്രസ്റ്റി ഡോ.പി.എം. വാരിയരിൽ നിന്നു ഇരുവരും ക്യാഷ് അവാർഡും മെമെന്റോയും ഏറ്റുവാങ്ങി.