Sunday, November 24, 2024
Homeകഥ/കവിതതിരിച്ചറിവുകൾ (തുടർക്കഥ - 4️⃣) 'ഗോപുരമുകളിൽ' ✍സുദർശൻ കുറ്റിപ്പുറം

തിരിച്ചറിവുകൾ (തുടർക്കഥ – 4️⃣) ‘ഗോപുരമുകളിൽ’ ✍സുദർശൻ കുറ്റിപ്പുറം

സുദർശൻ കുറ്റിപ്പുറം

ഫാക്ടറിയിൽ നിന്ന് തിരിച്ചു വരുന്ന വഴിക്ക് തന്നെയാണ് ക്വാർട്ടേഴ്സ് എന്നതിനാൽ പിന്നെ ഓഫീസിൽ പോയില്ല … ക്വാർട്ടേഴ്സിൽ ഇറങ്ങി…

എത്തിയപാടെ കൈകാൽ വൃത്തിയാക്കി നാട്ടിൽ നിന്ന് അമ്മ പാക്ക് ചെയ്തു വച്ചിരുന്ന ഓരോന്നോരോന്നായി അഴിച്ചു തുടങ്ങി…

തന്റെ ഇഷ്ട വിഭവങ്ങളായ അരി മുറുക്ക്, ഉണ്ണിയപ്പം, മുളകു കൊണ്ടാട്ടം, കയ്പയ്ക്ക കൊണ്ടാട്ടം, കടുകുമാങ്ങ, ചമ്മന്തിപ്പൊടി എന്നിവ പ്രത്യേകം പ്രത്യേകം പാത്രങ്ങളിലാക്കിയാണ് പെട്ടിയിൽ വച്ചിരിക്കുന്നത്. തലയിൽ തേക്കുന്നതിനായി പ്രത്യേക കൂട്ടുകൾ ചേർത്ത് അമ്മ തന്നെ കാച്ചിയെടുത്ത എണ്ണയും, കുളി കഴിഞ്ഞ് തലയിൽ തിരുമ്മാനായി രാസ്നാദി പൊടിയും …. ഈ അമ്മയുടെ ഒരു കാര്യം …. എല്ലാ സ്നേഹനിധികളായ അമ്മമാരും ഇങ്ങിനെയൊക്കെ ആയിരിക്കും അല്ലേ…

വീട്ടിലെ ഓർമ്മ വന്നപ്പോൾ മനസ്സ് വീണ്ടും വിങ്ങിപ്പൊട്ടി … അമ്മ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും, അച്ഛന് വയ്യായ്ക അധികമൊന്നുമുണ്ടായിരിക്കില്ലല്ലോ എന്നുമൊക്കെയുള്ള ചിന്തകൾ മനസ്സിനെ നൊമ്പരപ്പെടുത്തി ….

അമ്മയ്ക്ക് എഴുത്തെഴുതിയില്ലല്ലോ എന്ന ചിന്ത മനസ്സിൽ വന്നതോടെ പലഹാരങ്ങളൊഴികെ ബാക്കിയെല്ലാം പെട്ടിയിലേക്ക് തന്നെ തിരിച്ചു വെച്ച്, അയാൾ വീട്ടിൽ നിന്ന് പുറപ്പെട്ട് നഗരത്തിൽ എത്തിയതും, ഓഫീസിലെ കാര്യങ്ങളുമെല്ലാം വിശദമായിത്തന്നെ അമ്മയ്ക്കെഴുതി… അമ്മയോടും അച്ഛനോടും ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം എന്നു കൂടി കൂട്ടിച്ചേർത്തു കത്തെഴുത്തവസാനിപ്പിച്ചു. ഒട്ടിച്ച് മേൽവിലാസമെഴുതി പോക്കറ്റിൽ നിക്ഷേപിച്ചു.

കോളിംഗ് ബെൽ മുഴങ്ങിയ ശബ്ദം കേട്ടാണ് ചിന്തയിലമർന്ന അയാൾ ഉണർന്നത് …. അപ്പുറത്തെ വീട്ടിലെ ആന്റി അത്താഴം കൊണ്ടുവന്നു തരാൻ വന്നതായിരുന്നു.. ആന്റിയും നാട്ടിലെ വിശേഷങ്ങൾ ഒക്കെ തിരക്കി. .. പോകാൻ നേരം കുറച്ച് ഉണ്ണിയപ്പവും, അരിമുറുക്കും ” കേരൾ കാ സ്പെഷൽ” എന്നു പറഞ്ഞു ആന്റിക്ക് കൊടുത്തു ….

അത്താഴം കഴിക്കുന്ന വേളയിൽ അമ്മ കൊടുത്തു വിട്ട ചമ്മന്തിപ്പൊടി കുറച്ചെടുത്തു … (ഉണക്ക നാളികേരം, വറ്റൽ മുളക്, കറിവേപ്പില, നാരകത്തിന്റെ ഇല എന്നിവ ചേർത്ത് ചൂടാക്കി പുളി,കായം, കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് പൊടിച്ചെടുത്തതാണ് അമ്മയുടെ പ്രത്യേക ചമ്മന്തിപ്പൊടി ) …. ഭക്ഷണം തീർന്നതറിഞ്ഞില്ല … അവസാനം ചമ്മന്തിപ്പൊടി വെറുതെ തിന്നുകയും ചെയ്തു.

പിന്നീട് പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാനില്ലാത്തതു കൊണ്ട് വേഗം ഉറങ്ങാൻ കിടന്നു.. സ്റ്റീരിയോയിലൂടെ ഗുലാം അലിയുടെ ” ചുപ്കെ, ചുപ്കെ, രാത് ദിൻ ആൻസൂ ബഹാനാ യാദ് ഹൈ” എന്ന ഗസൽ ഒഴുകി വരുന്നു… ആ ഗസലിൽ അലിഞ്ഞലിഞ്ഞ് അയാളും നിദ്രയിലാണ്ടു….

രാവിലെ നേരത്തെ എഴുന്നേറ്റു .. പ്രഭാതകൃത്യങ്ങളെല്ലാം ചെയ്ത് നേരെ ഓഫീസിലെത്തി …

കാബിനിൽ കയറി കടലാസുകളും, രജിസ്റ്ററുകളും എല്ലാം Urgent, Importent , Essential (അവശ്യം, ആവശ്യം, പ്രധാനപ്പെട്ടവ ) എന്ന രീതിയിൽ പ്രത്യേകം പ്രത്യേകം തിരിച്ചു വച്ചു … ഹോട്ട് ലൈൻ ഫോൺ, ഫോൺ , ഫാക്സ് മെഷീൻ എന്നിവ വീണ്ടും സ്ഥാനം ശരിയാക്കി വച്ചു. മേശ വലിപ്പുകളിൽ സ്ക്രിബ്ളിംഗ് പാഡ്, പേന എന്നിവ പെട്ടെന്നു കിട്ടത്തക്കവിധം വച്ചു. കമ്പ്യൂട്ടർ, പ്രിന്റർ എന്നിവയും ശരിയാക്കി വച്ചു. മേശപ്പുറത്ത് ഇൻവാർഡ്, ഔട്ട് വാർഡ്, തപാലുകൾ എന്നിവ ഒരുക്കി വച്ചു ….

രണ്ടു മൂന്ന് ദിവസങ്ങൾ ഓഫീസിൽ അത്ര തിരക്കില്ലായിരുന്നു എന്നതിനാൽത്തന്നെ അയാളുടെ അഭാവത്തിൽ കമ്പനിയിൽ ഉണ്ടായ കാര്യങ്ങൾ പൊതുവെ വിലയിരുത്തുന്നതിനും, കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോകണമെന്ന് തീരുമാനിക്കുന്നതിനായും ഉപകരിച്ചു …

പ്രധാനപ്പെട്ട വിതരണക്കാരുടെയും, ചില്ലറ വിതരണക്കാരുടെയും യോഗം പ്രത്യേകം പ്രത്യേകം വിളിച്ചു കാര്യങ്ങൾ വിലയിരുത്തി. ഡീലർമാരുടെ യോഗത്തിൽ ഡീലർ മാർജിൻ കൂട്ടുന്നതിനായും, പഴയ സ്റ്റോക്കുകൾ തിരിച്ചെടുക്കുന്നതിനെ കുറിച്ചും, പ്രത്യേക സ്കീമുകൾ ഏർപ്പെടുത്തണം എന്നതിനെക്കുറിച്ചുമെല്ലാം അഭിപ്രായങ്ങൾ ഉയർന്നു വന്നു. – എല്ലാം പഠിച്ച ശേഷം വേണ്ടതു ചെയ്യാമെന്ന് അവർക്ക് ഉറപ്പു കൊടുത്തു…

ചില്ലറ വില്പനക്കാരുടെ യോഗത്തിൽ നിഹാലിനെയും പങ്കെടുപ്പിച്ചു കാരണം ഉൾനാടൻ പ്രദേശങ്ങളിൽ വരുന്ന വിതരണക്കാർക്ക് ഇംഗ്ലീഷോ, ശുദ്ധ ഹിന്ദിയോ അറിവില്ലായിരുന്നു .. അവിടെ രക്ഷക്കെത്തിയത് നിഹാലിന്റെ ബിഹാരിച്ചുവയുള ഭാഷയായിരുന്നു …

ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു …. ഇതിനിടയ്ക്ക് രണ്ടു മൂന്നു വട്ടം നിഹാലിന്റെ വീട്ടിൽ പോകാനും കുടുംബാംഗങ്ങളെയും പരിചയപ്പെടാനും എല്ലാം അവസരമുണ്ടായി …

അയാൾ നാട്ടിൽ നിന്നെത്തി ജോലിയിൽ തിരികെയെത്തി ഒരു മാസം കഴിഞ്ഞു. ഇതിനിടയ്ക്ക് നാട്ടിൽ നിന്ന് 6-7 കത്തുകൾ ലഭിക്കുകയുണ്ടായി, അയാൾ എല്ലാത്തിനും അതാത് സമയത്തു തന്നെ മറുപടി കൊടുക്കുകയും ചെയ്തു … ഓരോ കത്തും അയാൾ വളരെ ആകാംക്ഷയോടെയാണ് വായിച്ചിരുന്നത്. ഒന്നു രണ്ടു തവണ ഫോണിൽ അച്ഛൻ, അമ്മ എന്നിവരുമായി സംസാരിക്കുകയും ചെയ്തു.

എല്ലാം നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഫാക്ടറിയിൽ തൊഴിൽ തർക്കം തുടങ്ങിയത് …

ഓവർ ടൈം വിഷയത്തിലും, അതിന് ലഭിക്കുന്ന വേതനക്കുറവിലും പ്രതിഷേധിച്ചായിരുന്നു സമരവും തർക്കവും ….

കമ്പനിയുടെ ചരിത്രത്തിലെ ആദ്യസംഭവമായതിനാൽ ഫാക്ടറി സൂപ്പർവൈസർക്കോ, ബോസിനു തന്നെയോ അതിൽ പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിഞ്ഞില്ല …

സമരം നീണ്ടാൽ …. മാർക്കറ്റിൽ ആവശ്യത്തിനനുസരിച്ച് AC കൾ ലഭിക്കാതെ വരും കൃത്രിമ വിലക്കയറ്റത്തിനും, എതിർചേരിയിലെ കമ്പനിക്കാർ അവരുടെ സാധനങ്ങൾ മാർക്കറ്റിൽ കൂടുതൽ ഇറക്കാനും തുടങ്ങും … അത് കമ്പനിയുടെ മേധാവിത്തം കുറയാനിടവരും …

എന്തെങ്കിലും ഒന്നു ചെയ്തേ പറ്റൂ ..

ലേബർ ഇൻസ്പെക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ കമ്പനി പ്രതിനിധിയായി രാജീവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

അയാൾ പ്രാഥമിക നടപടി എന്ന നിലയിൽ ഫാക്ടറിത്തൊഴിലാളികളുടെയും, സൂപ്പർവൈസറുടെയും പ്രത്യേക പ്രത്യേക യോഗം വിളിച്ചു ചേർത്തു … അവരുടെ പ്രശ്നങ്ങൾ വിശദമായി പഠിച്ചു… കമ്പനി മാനേജ്മെന്റുമായി ബന്ധപ്പെട്ടു അവരുടെ ഭാഗവും കേട്ടു …. തുടർന്ന് നിഹാലിന്റെ സഹായത്താൽ കാര്യങ്ങൾ വിശകലനം ചെയ്തു … വേണ്ട കാര്യങ്ങൾ പ്രത്യേകം വേർതിരിച്ചെടുത്ത് ക്രോഡീകരിച്ചു — ചർച്ചയ്ക്ക് വേണ്ട ഗൃഹപാഠം ചെയ്തു …

ലേബർ ഇൻസ്പെക്ടറുടെ യോഗത്തിൽ തൊഴിലാളി പ്രതിനിധികൾ പല കാര്യങ്ങളിലും വിട്ടുവീഴ്ചാ മനോഭാവമില്ലാതെ സംസാരിച്ചു… കമ്പനിയുടെ ഊഴം വന്നപ്പോൾ അയാൾ ഓരോ കാര്യങ്ങളും അക്കമിട്ടു നിരത്തി … ഇതിൽ തൊഴിലാളികളുടെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലാത്ത പല വീഴ്ചകളും ചൂണ്ടിക്കാട്ടപ്പെട്ടു …. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ ചെറിയ ചെറിയ ഇൻസെന്റീവ് നൽകാമെന്ന് വാഗ്ദാനം ചെയ്തു… ചെറിയ തോതിലുള്ള ശമ്പള വർദ്ധനവും …

മാർക്കറ്റിൽ സാധന ലഭ്യത കുറഞ്ഞതിനാൽ പഴയ മേധാവിത്തം നിലനിർത്തുന്നതിനായി 6 മാസം ദിവസവും അര മണിക്കൂർ വീതം അധികമായി ഫാക്ടറി പ്രവർത്തിപ്പിച്ചാൽ തൊഴിലാളികൾ പ്രവൃത്തിയെടുത്തു കൊള്ളാമെന്നു തൊഴിലാളി പ്രതിനിധികളും വാഗ്ദാനം ചെയ്തു ….

അതിന്റെ അടിസ്ഥാനത്തിൽ പുതിയ തരത്തിലുള്ള പരിഷ്കരിച്ച തൊഴിലുടമ്പടി ഒപ്പുവെക്കപ്പെടുകയും യോഗം പിരിയുകയും ചെയ്തു ….

എല്ലാ കാര്യങ്ങളും സുഗമവും അനുകൂലവുമായി പര്യവസാനിച്ചതിൽ അയാളുടെ ബോസ് വളരെയധികം സന്തുഷ്ടി പ്രകടിപ്പിച്ചു ….

അന്നേ ദിവസം ഓഫീസ് വിട്ടു വന്ന ശേഷം അയാൾ ആദ്യമായി മനസ്സുരുകി ദൈവത്തോട് പ്രാർത്ഥിച്ചു. .. അമ്മയുമായി ഫോണിൽ പതിവിലുമധികം നേരം സംസാരിച്ചു. വിശദമായി കത്തെഴുതാമെന്ന് പറഞ്ഞ് ഫോൺ കട്ടു ചെയ്തു …

അയാൾക്ക് വളരെയധികം സന്തോഷം തോന്നി ആദ്യമായി താനും അംഗീകരിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ ഇടയിലും, ഓഫീസിലും അയാൾക്കൊരു വീരപുരുഷന്റെ പ്രതിച്ഛായ ലഭിച്ചതായി അയാൾക്ക് തോന്നി …

പിറ്റെ ദിവസം രാവിലെ പതിവ് പോലെ അയാൾ ഓഫീസിലെത്തി …

ഏകദേശം പതിനൊന്നരയായപ്പോൾ ഇന്റർകോം ശബ്ദിച്ചു … അയാൾ റിസീവർ എടുത്ത് ചെവിയിൽ വച്ചു …. ബോസ് ആയിരുന്നു അടിയന്തിരമായി കാബിനിൽ ചെല്ലാൻ ആവശ്യപ്പെട്ടതിൻ പ്രകാരം അയാൾ കാബിനിൽ ചെന്നു…

അയാളുടെ നെഞ്ചിടിപ്പു വർദ്ധിച്ചിരുന്നു. ബോസിന്റെ കാബിനിൽ വളരെ പ്രധാനപ്പെട്ട വിഷയങ്ങളോ, ഗൗരവമുള്ള കാര്യങ്ങളോ ഉണ്ടെങ്കിൽ മാത്രമെ വിളിപ്പിക്കാറു പതിവുള്ളൂ … അയാളുടെ ഓർമ്മയിൽ അപ്പോൾ അങ്ങനെയുള്ള വിഷയങ്ങളൊന്നും ഉള്ളതായി തോന്നിയില്ല ….

കാബിനിൽ പ്രവേശിച്ച അയാളോട് ഇരിക്കാൻ പറഞ്ഞു …. ബോസ് പതിവിലുമധികം ഗൗരവഭാവത്തിലാണ് കാണപ്പെട്ടത്

വീട്ടിലെ കാര്യങ്ങളും നഗരത്തിൽ അയാളുടെ ജീവിതനിലവാരം എന്നിവയും ചോദിച്ചു … തികച്ചും നാടകീയമായ ശൈലിയിൽ ജോലി നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്നും ചോദിച്ചു…. ഇത്തരം നാടകീയതകളെല്ലാം തന്നെ അയാളുടെ നെഞ്ചിടിപ്പു കൂട്ടുകയേ ചെയ്തുള്ളൂ …

നിഹാലിനെയും കാബിനിലേക്ക് വിളിപ്പിച്ചു … നിഹാൽ കാബിനിൽ എത്തിയയുടൻ അവനോടും ഇരിക്കാൻ പറഞ്ഞു … നിഹാൽ ഭയഭക്തിപുരസ്സരം കസേരയിൽ പതുക്കെ ഇരുന്നതായി ഭാവിച്ചേ ഉള്ളൂ …. കാരണം സാധാരണയായി ബോസും ശിപായിയും തമ്മിലുള്ള അന്തരം വളരെ വലിയതാണ് …. ബോസിന്റെ മുന്നിൽ ശിപായി ഇരിക്കുന്നത് അസാധാരണമാണ് ….

ബോസ്സ് മേശപ്പുറത്ത് നിന്ന് ഒരു കവറെടുത്ത് അയാൾക്ക് നേരെ നീട്ടി എന്നിട്ട് പറഞ്ഞു ഇന്ന് മുതൽ നിങ്ങൾ മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ തുടരേണ്ട …. നിഹാലിന്റെ സേവനവും അവിടെ നിങ്ങൾക്ക് ലഭിക്കുകയില്ല …

“രാജീവ്, ആപ് ആജ് സെ മാർക്കറ്റിംഗ് മാനേജർ നഹി രഹെ” ബോസ്സിന്റെ മുഴക്കമുള്ള ശബ്ദം അയാളുടെ ചെവികളിൽ മുഴങ്ങി …. അയാൾക്ക് എന്താണ് സംഭവിച്ചതെന്ന് തീരെ മനസ്സിലായില്ല …

അയാൾ ബോസിനോട് എന്താണ് കാര്യമെന്ന് തിരക്കാൻ ചുണ്ടുകൾ വിടർത്തിയപ്പോഴേക്കും ബോസ് വീണ്ടും പറഞ്ഞു എനിക്കൊന്നും കേൾക്കേണ്ടതില്ല എന്ന് കൂടാതെ കാരണങ്ങൾ കവറിലുള്ള കടലാസ്സിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും …

അയാൾ വിറയ്ക്കുന്ന കൈകളോടെ കവർ തുറന്നു വായിക്കാൻ തുടങ്ങി ….

“ഡിയർ മി. രാജീവ്, ഇൻ റെക്കഗ്നിഷൻ ഓഫ് യുവർ ഔട്ട് സ്റ്റാൻഡിംഗ് പെർഫോമൻസ്…..” കത്തിലെ വരികൾ നീണ്ടുപോയി…. അയാൾക്ക് തന്നത്താൻ വിശ്വസിക്കാൻ സാധിച്ചില്ല …. കമ്പനി അയാളുടെ വിശിഷ്ടസേവനത്തിൽ പ്രീതനായി അയാളെ ചെറിയ തട്ടിലുള്ള മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ നിന്നും വളരെ ഉയർന്ന ശ്രേണിയിലുള്ള HR വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകി നിയമിച്ചിരിക്കുന്നു…. ശമ്പളത്തിലും അലവൻസുകളിലും സാമാന്യേന ഇരട്ടിയോളം വരുന്ന വർദ്ധനവുണ്ട്. കൂടാതെ യാത്ര ചെയ്യാൻ കാർ, ബംഗ്ലാവ്, വേലക്കാരൻ, എന്നിവയും ഉണ്ട് . നിഹാലിനും സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട് …. ശിപായി തസ്തികയിൽ നിന്ന് ക്ലാർക്കായിട്ട് … ഏത് സെക്ഷൻ വേണമെന്ന് അവന് തീരുമാനിക്കാം….

അയാൾ അന്നു തന്നെ പുതിയ ജോലിയിൽ പ്രവേശിച്ചു …. അന്ന് ഓഫീസിൽ എല്ലാവർക്കും അയാൾ തന്റെ വക വിരുന്ന് നൽകി

പുതിയ ജോലിയിൽ അയാൾക്ക് കമ്പനിയുടെ പൊതുവെയുള്ള കാര്യങ്ങൾ നോക്കുന്നതിന് പുറമെ ഫാക്ടറിയുടെ കാര്യങ്ങളും, തൊഴിലിടത്ത് ജീവനക്കാരെ സംബന്ധിക്കുന്ന വിഷയങ്ങളിൽ ഇടപെടൽ ജീവനക്കാരുടെ നിയമനം അവരുടെ സേവന വേതന വ്യവസ്ഥകൾ സംരക്ഷിക്കൽ എന്നീ ചുമതലകളാണുണ്ടായിരുന്നത് … വളരെ ഉന്നത സ്ഥാനത്തുള്ള ജോലി…. അയാൾ നിഹാലിനെ സ്വന്തം ഓഫീസിലെ ക്ലാർക്ക് ആയി നിയമിച്ചു. അയാൾക്ക് വളരെയധികം സന്തോഷം തോന്നി …. കുറച്ച് അങ്കലാപ്പും …

അയാൾ അന്ന് തന്നെ താമസം ബംഗ്ലാവിലേക്ക് മാറ്റി … ബംഗ്ലാവിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ടായിരുന്നു. പാചകത്തിന് കുശിനിക്കാരൻ ഉണ്ടായിരുന്നതിനാൽ ഭക്ഷണം വീട്ടിൽ നിന്ന് തന്നെയാക്കി ….

പുതിയ ജോലി അയാൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു ….അയാൾ തന്റെ കഴിവിന്റെ പരമാവധി കമ്പനിയുടെ ഉയർച്ചയ്ക്കായി പ്രവർത്തിച്ചു. അതിനാൽ വളരെപ്പെട്ടെന്നു തന്നെ കമ്പനി മാർക്കറ്റിലുണ്ടായിരുന്ന സ്ഥാനം വീണ്ടെടുത്തു. …

കമ്പനിക്ക് നഗരത്തിലല്ലാതെ സമീപത്തുള്ള രണ്ട് പട്ടണങ്ങളിൽ കൂടി പുതിയ ശാഖകൾ തുറക്കാനായി ….

നാട്ടിൽ നിന്ന് മുറയ്ക്ക് കത്ത് വന്ന് കൊണ്ടിരുന്നു. നാട്ടിലയാൾ പുതിയൊരു വീട് പണി തുടങ്ങി …. പഴയ വീടിൽ ലഭ്യമല്ലാതിരുന്ന പല അത്യാധുനിക സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് ….

അതിനിടയ്ക്ക് അയാൾ രണ്ട് തവണ നാട്ടിൽ പോയി വന്നു.. വളരെ ഹ്രസ്വ സന്ദർശനങ്ങൾ … യാത്ര ഫ്ലൈറ്റിൽ ആയതിനാൽ ഇതെല്ലാം നല്ല രീതിയിൽ നടത്താനായി …. രണ്ടാമത്തെ വരവിൽ പുതിയ വീട്ടിലേക്കു താമസം മാറ്റി ….

അച്ഛന് പ്രായാധിക്യം മൂലമുള്ള അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെങ്കിലും ഊന്നുവടിയുടെ സഹായത്താൽ സ്വന്തം കാര്യങ്ങൾ പരസഹായമില്ലാതെ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടായില്ല.

അമ്മക്കും കാര്യമായ അസുഖങ്ങളൊന്നും തന്നെ ഇല്ല എന്നതും അയാൾക്ക് സന്തോഷകരമായിത്തോന്നി …

ആ വരവിൽ അയാളുടെ വിവാഹ കാര്യത്തിൽ ചർച്ച നടന്നിരുന്നു. എങ്കിലും അയാൾ ഒന്നും ഉറപ്പിച്ചു പറഞ്ഞില്ല….

നാട്ടിൽ നിന്ന് ആ പ്രാവശ്യവും അയാൾ തിരിച്ചു വന്നു … അയാളുടെ മനസ്സ് മുൻകാലങ്ങളിലെപ്പോലെ ഇപ്പോൾ ആകുലപ്പെട്ടില്ല : കാരണം നിലവിലെ സൗകര്യത്തിൽ അയാൾക്ക് നഗരവും നാടും തമ്മിലുള്ള ദൂരം വളരെ കുറഞ്ഞതായി തോന്നി. മുമ്പത്തെപ്പോലെ 36 മണിക്കൂറിലധികം വരുന്ന യാത്ര വേണ്ട എന്നത് തന്നെ നല്ലൊരനുഗ്രഹമായിത്തോന്നി.

ഋതുക്കൾ ഓടി മറഞ്ഞു … മറ്റുള്ളവരുടെ കാര്യത്തിൽ എന്ന പോലെ ചിത്രഗുപ്തന്റെ രജിസ്റ്ററിൽ അയാളുടെ പേരിലുള്ള പുസ്തകത്താളുകളും ഒന്നൊന്നായി മറിച്ചു കൊണ്ടേയിരുന്നു.

അയാൾക്കിപ്പോൾ നഗരത്തിൽത്തന്നെ സ്വന്തമായി ഒരു വില്ലയുണ്ട് …. സമൂഹത്തിൽ മതിയായത്ര സ്ഥാനമാനവും.

നാട്ടിൽ നിന്ന് നഗരത്തിലേക്ക് എത്തിയിട്ട് ഇന്നേക്ക് 10 വർഷം തികയുന്നു. അയാൾ പഴയ കാര്യങ്ങളും, അന്നനുഭവിച്ച വേദനകളും അയവിറക്കി …. തന്നെ പുതിയ കാര്യങ്ങൾ ചെയ്യുന്നതിന് പ്രോത്സാഹിപ്പിച്ച ഏവരുടെയും മുഖങ്ങൾ അയാളുടെ മനോമുകുരത്തിൽ തെളിഞ്ഞുവന്നു.

അയാൾക്ക് തന്നത്താൻ അഭിമാനം തോന്നി …. ആഗ്രഹിച്ചതെല്ലാം താൻ നേടിക്കഴിഞ്ഞു …. നാട്ടിലും അച്ഛനും അമ്മയ്ക്കും ഇപ്പോൾ പറയത്തക്ക പ്രശ്നങ്ങളൊന്നും തന്നെയില്ല …

ഇനി …. ഇനി …. അയാൾ വീണ്ടും വീണ്ടും മനസ്സിൽ ഉരുവിട്ടു …. ഇങ്ങനെയായാൽ പോരാ…. മറ്റൊരാളുടെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഒരുപകരണമായാൽ മാത്രം പോരാ …. തനിക്കും ഒരു ജീവിതം വേണം …. തന്റെ സുഖ-ദു:ഖങ്ങൾ പങ്കിടാനും ഒരാൾ കൂടിയേ തീരൂ….

യൗവനത്തിൽ എത്തും വരെ മാതാപിതാക്കളുണ്ടായിരുന്നു .. ഇനിയവരെ കൂടുതൽ ബുദ്ധിമുട്ടിക്കരുത് …

ഇപ്പോഴയാൾക്ക് 33 വയസ്സായി … സ്ഥാനമാനങ്ങൾ ഉണ്ട് … സമൂഹത്തിൽ ഉന്നത സ്ഥാനം ഉണ്ട് …. അതെ എല്ലാം കൊണ്ടും യോഗ്യൻ …..

അപ്പോൾത്തന്നെ അയാൾ മൊബൈലിൽ അമ്മയെ വിളിച്ചു … അയാൾക്ക് ഭാര്യയാകാൻ അനുയോജ്യയായ പെൺകുട്ടിയെ കണ്ടുപിടിക്കുന്നതിനും അമ്മയെ ചുമതലപ്പെടുത്തി…

പശ്ചിമ ചക്രവാള സീമയിൽ സൂര്യൻ താഴ്ന്നിറങ്ങി സാഗരത്തിൽ ലയിച്ചു കൊണ്ടിരിക്കെ ഉറച്ച കാൽവയ്പോടെ അയാൾ തന്റെ ബംഗ്ളാവിലേക്കുള്ള പടികൾ ചവിട്ടിക്കയറി….

കഴിഞ്ഞ കാലയളവിൽ തന്നെ താനാക്കിയ തിരിച്ചറിവുകളെല്ലാം അയാളുടെ മനോമുകുരത്തിലപ്പോൾ സുവർണ്ണ ലിപികളിൽ മിന്നിമറഞ്ഞു കൊണ്ടിരുന്നു ….

(തുടരും …. )

✍സുദർശൻ കുറ്റിപ്പുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments